കൊച്ചി: ഹൈക്കോടതിയില്‍ ജഡ്ജിക്കെതിരെ പരസ്യപ്രതിഷേധവുമായി അഭിഭാഷക അസോസിയേഷന്‍. ജസ്റ്റിസ് എ. ബദറുദ്ദീനെതിരെയാണ് പ്രതിഷേധം.
ഇന്നലെ അഭിഭാഷകയെ അപമാനിക്കുന്ന രീതിയിൽ ജഡ്ജി സംസാരിച്ചുവെന്നാണ് ആരോപണം. ജസ്റ്റിസ് ബദറുദ്ദീന്‍ തുറന്ന കോടതിയില്‍ മാപ്പ് പറയണമെന്ന് അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
വിഷയം ചര്‍ച്ച ചെയ്യാന്‍ അസോസിയേഷന്‍ പ്രസിഡന്റിനെ ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിളിച്ചുവരുത്തി.
ജഡ്ജിക്കെതിരായ പ്രതിഷേധം തുടരുമെന്നും ഇന്ന് (വെള്ളി) വിഷയത്തിൽ യോഗം ചേരുമെന്നും അഭിഭാഷക സംഘടന അറിയിച്ചു. ജഡ്ജി എ. ബദറുദ്ദീൻ ഇന്ന് അവധി കൂടിയായതിനാലാണ് തീരുമാനം.
ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനും മറ്റു നടപടികള്‍ക്കുമായി വനിതാ അഭിഭാഷക കോടതിയില്‍ സമയം ചോദിച്ചിരുന്നു.
ഈ ആവശ്യം ജഡ്ജി എ. ബദറുദ്ദീന്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് കേസ് വാദിക്കാന്‍ ജഡ്ജി വനിതാ അഭിഭാഷകയെ നിര്‍ബന്ധിക്കുകയും ചെയ്തു.
ആരാണ് നിങ്ങളുടെ ഭര്‍ത്താവ് എന്ന രീതിയില്‍ അഭിഭാഷകയോട് ജഡ്ജി ചോദ്യങ്ങള്‍ ഉന്നയിച്ചെന്നാണ് വിവരം. പിന്നാലെ കോടതിക്കുള്ളില്‍ വെച്ച് അഭിഭാഷക കരഞ്ഞതായി സഹപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന് പിന്നാലെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് 50 അഭിഭാഷകര്‍ ഒപ്പിട്ട കത്ത് അസോസിയേഷന്‍ ജഡ്ജിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് വനിതാ അഭിഭാഷകയെ ജഡ്ജി അദ്ദേഹത്തിന്റെ ചേമ്പറിലേക്ക് പലതവണ വിളിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഹൈക്കോടതിയിലെ തുറന്ന കോടതിയിലാണ് പ്രതിഷേധത്തിന് ആസ്പദമായ സംഭവം നടന്നത്. അതിനാല്‍ തുറന്ന കോടതിയില്‍ വെച്ച് തന്നെ ജഡ്ജി മാപ്പ് പറയണമെന്നാണ് അഭിഭാഷക അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.
Content Highlight: Advocates’ Association’s public protest against judge in High Court