| Monday, 12th November 2018, 7:38 pm

A.I: തൊഴില്‍ വിപ്ലവത്തിലെ ദുര്‍ഭൂതം

അഡ്വ. തമ്പാന്‍ തോമസ്

നവ ഉദാരവല്‍കരണ പ്രക്രിയയുടെ ഫലമായി നിര്‍മിത ബുദ്ധി ഉണ്ടാക്കികഴിയുമ്പോള്‍ അതിനെ ഉപയോഗിച്ചുകൊണ്ട് ഉല്‍പാദന മേഖലയെ പരിപൂര്‍ണമായി കീഴടക്കാന്‍ കഴിയുന്ന കോര്‍പറേറ്റുകള്‍ക്ക് തൊഴിലാളികളെ ഇനി ആവശ്യമില്ലാതാവുകയാണ്. അഥവാ തൊഴിലാളി വര്‍ഗം നിഷ്‌കാസിതരാവുകയാണ്. ഈ സന്ദര്‍ഭത്തില്‍ നമ്മുടെ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ എന്തു ചെയ്യണം?

“നിര്‍മിത ബുദ്ധിയും തൊഴില്‍ വെല്ലുവിളികളും” എന്ന വിഷയത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ സുപ്രീംകോടതി അഭിഭാഷകനും പ്രമുഖ ട്രേഡ് യൂണിയനിസ്റ്റുമായ അഡ്വ. തമ്പാന്‍ തോമസ് നടത്തിയ പ്രഭാഷണം.

……………………………………………………………………………………………………..

അതീവ ഗൗരവമേറിയ ഒരു പ്രശ്‌നമാണിത്. മാനവരാശിയുടെ അന്തകനായി തന്നെ മാറിയേക്കാവുന്ന, മനുഷ്യര്‍ തന്നെ സൃഷ്ടിച്ച നിര്‍മിത ബുദ്ധിയെക്കുറിച്ചാണ്. അതിന്റെ ഓരോ ഏടുകളും കടന്നുവരുമ്പോള്‍ ഏറ്റവും ഭയാനകമായി തോന്നുന്നു. അല്‍പം രസകരമായി പറഞ്ഞാല്‍ ഇപ്പോഴത്തെ ടെലിവിഷനുകളില്‍ ചെറിയ റോബോ കുട്ടികള്‍ ചാടിച്ചാടി നടക്കുന്ന ദൃശ്യങ്ങള്‍ കാണാം. നമ്മുടെ ഇനിയുള്ള ഭാവി അതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അടുത്തിടെ “മലയാളം” വാരികയില്‍ സി.രാധാകൃഷ്ണന്‍ ഒരു ലേഖനം എഴുതിയിരുന്നു. ഏതാണ്ട് ഇതെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട് അതില്‍. ബുദ്ധിജീവികളുടെ ഭാഗത്തു നിന്ന് ആ ചര്‍ച്ച ആരംഭിച്ചിരിക്കുന്നു എന്നര്‍ഥം. കാരണം ബുദ്ധിയാണല്ലോ കൃത്രിമമായി നിര്‍മിക്കാന്‍ പോവുന്നത്. അന്തര്‍ദേശീയ തൊഴില്‍ സംഘടനയും (ഐ.എല്‍.ഒ) അന്തര്‍ദേശീയ സമൂഹവും ഒക്കെ ഇക്കാര്യം സമ്മതിച്ചിരിക്കുന്നു.

നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് ഒരു നാലാം വ്യവസായ വിപ്ലവത്തിലാണല്ലോ. ഇതിന് മുമ്പ് നടന്ന വ്യവസായ വിപ്ലവങ്ങള്‍, അതിലെ ഒന്നാം വ്യവസായ വിപ്ലവം. കാര്‍ഷിക പ്രസ്ഥാനവും അതിലൂടെ ഉണ്ടായ ഫ്യൂഡലിസ്റ്റ് വ്യവസ്ഥയെ സംബന്ധിച്ചും ആ ഫ്യൂഡലിസ്റ്റ് വ്യവസ്ഥയെ മാറ്റുന്നതിന് വേണ്ടി നടത്തിയ മാനവരാശിയുടെ ശ്രമങ്ങളെ കുറിച്ചും നമ്മള്‍ ബോധവാന്‍മാരാണ്. പിന്നീടുണ്ടായ രണ്ടാം വ്യവസായ വിപ്ലവത്തില്‍ ആവിയും വൈദ്യുതിയും കണ്ടുപിടിച്ചു.

മനുഷ്യ പ്രയത്‌നത്താല്‍ സാധനങ്ങള്‍ അനായാസമായി ഉല്‍പാദിപ്പിക്കാനായി. പ്രത്യേകിച്ചും ലോക മഹായുദ്ധത്തിന്റെ വേദിയില്‍. സാമ്രാജ്യത്വ ശക്തികള്‍ അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി രണ്ടാം വ്യവസായ വിപ്ലവത്തെ ഉപയോഗിച്ചു. അതിന്റെ ചുവടു പിടിച്ച് 19ാം നൂറ്റാണ്ടിന്റെ ആരംഭഘട്ടം മുതല്‍ അത് വ്യാപകമായി പ്രാവര്‍ത്തികമാക്കപ്പെട്ടു. അതുകഴിഞ്ഞാണ് മൂന്നാം വ്യവസായ വിപ്‌ളവം എന്ന് വിശേഷിപ്പിക്കുന്ന ഐ.ടി വിപ്‌ളവം ഉണ്ടാവുന്നത്.

ആ വിപ്‌ളവം അല്ലെങ്കില്‍ ഡിജിറ്റല്‍ വിപ്ലവം വ്യവസായ മേഖലയില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ വലുതാണ്. പക്ഷെ, നാലാമത് ഒരു വ്യവസായ വിപ്‌ളവം ഉണ്ടായി. അതാണ് ഇന്ന് ഭീകരമായി നമ്മെ ഉറ്റുനോക്കുന്ന, ഭാവിയെക്കുറിച്ച് ആശങ്കാകുലരാക്കുന്നത്. അതിന്റെ അടിസ്ഥാന ഘടകമായ നിര്‍മിത ബുദ്ധി കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിരിക്കുന്നു! അത് വന്നുകഴിഞ്ഞാല്‍ സംഭവിക്കാന്‍ പോവുന്നത് എന്തൊക്കെയാണെന്നാണ് ഇനി നമ്മള്‍ ആലോചിക്കേണ്ടത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തൊഴിലാളികളെ കുറിച്ചാണ് ഇതുവരെ തൊഴിലാളി പ്രസ്ഥാന നേതാക്കള്‍ അവരുടെ പ്രസംഗത്തില്‍ പറഞ്ഞുകൊണ്ടിരുന്നത്. ഉല്‍പാദന മേഖലയില്‍ നിസ്സാരരാക്കപ്പെട്ട ആളുകളെ കുറിച്ചുള്ള ഉത്കണ്ഠകളാണ് നമുക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. ചൂഷണത്തിന് വിധേയമാവുന്ന ആ മനുഷ്യ സമൂഹത്തിന്റെ അവകാശങ്ങള്‍ നേടുന്നതിനുവേണ്ടിയാണ് നാം 1928 മുതല്‍ക്കിങ്ങോട്ട്, ഇന്ത്യയില്‍ ആണെങ്കില്‍ ട്രേഡ് യൂണിയന്‍ ആക്ടിന് രൂപം കൊടുത്തുകൊണ്ട് തൊഴിലാളി പ്രസ്ഥാനങ്ങളെ രൂപീകരിച്ച് പൊതുസമൂഹത്തിന്റെ മുന്നിലേക്ക് കടന്നുവന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ഉല്‍പാദന മേഖലയില്‍ മുതലാളിയും തൊഴിലാളിയും തുല്യ പങ്കാളികള്‍ എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. തൊഴിലാളിയും മുതലാളിയും എന്ന രണ്ട് ഘടകങ്ങള്‍ ചേരുമ്പോഴാണ് ഉല്‍പാദന പ്രക്രിയ നടക്കുന്നത്. രണ്ടാം വ്യവസായ വിപ്ലവത്തിന്റെ നിര്‍വചനത്തിലും സാഹചര്യങ്ങളിലും ഈ വ്യാഖ്യാനം ശരിയാണ്. മാര്‍ക്‌സിയന്‍ തത്വ ശാസ്ത്രവും അതിന്റെ ധനതത്വശാസ്ത്രവും കാറല്‍ മാര്‍ക്‌സ് കണ്ട വീക്ഷണവും അതില്‍ നിന്നാണ് ഉയിര്‍ത്തെഴുന്നേറ്റത്.

ഫ്യൂഡല്‍ വ്യവസ്ഥയില്‍ നിന്ന് ലോകം മാറി. മൂലധന ശക്തികളുടെ ആവിര്‍ഭാവമുണ്ടായി. ഇതിനെതിരായ പ്രസ്ഥാനം എന്ന നിലക്കാണ് കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്. നമ്മള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് അതേ വ്യവസ്ഥയില്‍ തന്നെയാണ് എന്ന് ചിന്തിക്കുകയാണെങ്കില്‍ അത് അപകടമാണ്.

അന്നുണ്ടായിരുന്ന ആ വ്യവസ്ഥയില്‍ നിന്നാണ് ലോകത്തിലെ ഒട്ടേറെ രാജ്യങ്ങള്‍ക്ക് അധികാരം കയ്യാളുന്നതിനടക്കം ഇടയാക്കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും വളര്‍ന്ന് വരാന്‍ കഴിഞ്ഞത്. അവിടെ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന സമ്പ്രദായത്തിനെതിരെ സംഘടിക്കുവാന്‍ കഴിഞ്ഞു. ആ ചൂഷണത്തില്‍ കൂടി ഉണ്ടാവുന്ന മിച്ചമൂല്യത്തിനെതിരായ പോരാട്ടം നടക്കുമ്പോഴുണ്ടാവുന്ന വര്‍ഗ സമരം. ആ വര്‍ഗ സമരത്തിലൂടെ ഉണ്ടാവുന്ന പുതിയ സമൂഹം. ആ സമൂഹം അവസാനം ഉണ്ടാക്കുന്ന ഏകതാ ഭാവം. ഇതാണല്ലോ മിച്ചമൂല്യ സിദ്ധാന്തം. ആ രൂപ രേഖയിലാണ് നമ്മുടെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ അടക്കം ചരിക്കുന്നത്.

രണ്ടാം വ്യവസായ വിപ്‌ളവത്തിന്റെ, ന്യൂനതകളെ ദുഷ്ഫങ്ങളെ ചോദ്യം ചെയ്യുന്ന ഒന്നിനെതിരെ ഉയരേണ്ട ശക്തികളെ സമാഹരിച്ചുകൊണ്ട് നടത്തുന്ന പോരാട്ടങ്ങള്‍ ആയിരുന്നു അത്. ആ പോരാട്ടങ്ങളുടെ വിജയങ്ങളും അപചയങ്ങളും മുന്‍കാല ചരിത്രങ്ങളാണ്. എന്നാല്‍, ഇനി വരാന്‍ പോവുന്നത്, വരേണ്ടത് അതില്‍ നിന്ന് വ്യത്യസ്തമായ നീക്കങ്ങള്‍ ആണ്. അതിനുള്ള സമീപന രീതി എന്ത് എന്നുള്ള ഗഹനമായ ആലോചനയാണ് നാം നടത്തേണ്ടത്. അത് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ചുമതലയാണ്.

നമ്മള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന സംഘാടനമായിരുന്നു ഇതുവരെ. എന്നാല്‍, അതില്‍ നിന്നും വ്യത്യസ്തമായി ഇനി പൂര്‍ണമായും നാം നിഷ്‌കാസിതരായിത്തീരാന്‍ പോവുകയാണ്. ഇനി നമ്മെ ആവശ്യമില്ല എന്ന് വരുന്ന ഒരു പശ്ചാത്തലത്തിലേക്ക് കാര്യങ്ങള്‍ തിരിയുമ്പോള്‍ എന്തുചെയ്യണം എന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.

മാനവശക്തിയെ സമാഹരിച്ചുകൊണ്ട് മാനവികതയുടെ നിലനില്‍പിനും മാനവ സമൂഹത്തിന്റെ മുേന്നാട്ടുള്ള ചലനത്തിനുംവേണ്ടി പ്രയോജനപ്പെടുംവണ്ണം പ്രവര്‍ത്തിക്കുവാന്‍ നാമിന്ന് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തന ശൈലികളും രീതികളും വിപുലവും പര്യാപ്തമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

നമ്മെ വേര്‍തിരിച്ചു നിര്‍ത്തുന്ന സ്ഥാപിത താല്‍പര്യങ്ങള്‍ ഉണ്ടല്ലോ? കക്ഷി-ഭരണതാല്‍പര്യമായിരുന്നാലും തങ്ങളുടേതായ ട്രേഡ് യൂണിയന്‍ താല്‍പര്യങ്ങള്‍ ആയിരുന്നാലും അവയെ എല്ലാം മാറ്റിവെച്ചുകൊണ്ട്, ഇതുമുഴുവന്‍ മനുഷ്യരാശിയെ അടിച്ചു തരിപ്പണമാക്കാന്‍ പോവുന്ന മുതലാളിത്ത ശക്തിയുടെ കടന്നുകയറ്റമാണെന്ന് മനസ്സിലാക്കാന്‍ കഴിയണം.

കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷങ്ങളായി ജനീവയില്‍ നടന്നു വരുന്ന ഐ.എല്‍.ഒയുടെ (അന്തര്‍ദേശീയ തൊഴിലാളി സംഘടന) സമ്മേളനങ്ങളില്‍ എല്ലാ വര്‍ഷവും പെങ്കടുക്കുന്ന ഒരാളാണ് ഞാന്‍. ഐ.എല്‍.ഒ സ്ഥാപിച്ചിട്ട് അടുത്ത വര്‍ഷത്തേക്ക് നൂറു വര്‍ഷം തികയുകയാണ്. 189 രാഷ്ട്രങ്ങള്‍ %

അഡ്വ. തമ്പാന്‍ തോമസ്

സുപ്രീംകോടതി അഭിഭാഷകനും പ്രമുഖ ട്രേഡ് യൂണിയനിസ്റ്റുമാണ് അഡ്വ. തമ്പാന്‍ തോമസ്

We use cookies to give you the best possible experience. Learn more