കോഴിക്കോട്: അവിശ്വാസികളുടെ സര്‍വ്വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ പോയിരുന്ന് പ്രാര്‍ത്ഥിക്കുമെന്ന നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ അഭിഭാഷക രശ്മിത രാമചന്ദ്രന്‍.
അവിശ്വാസികള്‍ മുഴുവന്‍ നശിച്ചു പോകണമെന്ന് ആഗ്രഹിക്കുന്നു എന്ന സുരേഷ് ഗോപിയുടെ ദൈവ സങ്കല്‍പം ഇടുങ്ങിയതും മോശവുമാണെന്ന് രശ്മിത രാമചന്ദ്രന്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ സങ്കല്‍പത്തില്‍ ദൈവത്തിന്റെയും ചെകുത്താന്റെയും പോര്‍ട്ട്‌ഫോളിയോ ഒന്നാണെന്ന് തോന്നുന്നുവെന്നും രശ്മിത രാമചന്ദ്രന്‍ പരിഹസിച്ചു. ഞായറാഴ്ച രാവിലെ സുരേഷ് ഗോപിക്കൊപ്പമെടുത്ത തന്റെ മകളുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്ന രശ്മിത രാമചന്ദ്രന്റെ പ്രതികരണം.
‘പ്രിയപ്പെട്ട സുരേഷ് ഗോപി ചേട്ടന്‍, ഒരു അവിശ്വാസിയുടെ, ഇനിയും വിശ്വാസങ്ങള്‍ ഒന്നും തെരഞ്ഞെടുത്തിട്ടില്ലാത്ത മകളോടൊപ്പം ഇന്നു രാവിലെ!
പ്രിയപ്പെട്ട സുരേഷ് ചേട്ടാ, നിങ്ങളുടെ പല സിനിമകളും ഇഷ്ടമുള്ള ഒരു അവിശ്വാസി ആണ് ഞാന്‍. നിങ്ങളുടെ സല്‍ക്കാര പ്രിയതയെ കുറിച്ച് പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന ഒരു ചങ്ങാതി പറഞ്ഞ് അറിഞ്ഞിട്ടുണ്ട്- നിങ്ങളെ ഇഷ്ടപ്പെടുന്ന കുറെ അധികം പേരെ എനിക്കറിയാം! ഇങ്ങനെ ഒക്കെയുള്ള നിങ്ങള്‍ അവിശ്വാസികള്‍ മുഴുവന്‍ നശിച്ചു പോകണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ എത്ര ഇടുങ്ങിയതും മോശവും ആണ് താങ്കളുടെ ആ ദൈവ സങ്കല്‍പം! ആപത്ത് ബാന്ധവനായ ദൈവം എന്നല്ലാതെ ആപത്ത് ഉണ്ടാകാന്‍ അള്ള് വയ്ക്കുന്ന ഒരു ദൈവം എന്ന സങ്കല്‍പ്പത്തിലുള്ള ഒരു വിശ്വാസം എത്ര അപകടകരമാണ്!
താങ്കളുടെ സങ്കല്‍പത്തില്‍ ദൈവത്തിന്റെയും ചെകുത്താന്റെയും പോര്‍ട്ട്‌ഫോളിയോ
ഒന്നാണ് എന്ന് തോന്നുന്നു! അങ്ങനെ എങ്കില്‍ ചിത്രത്തില്‍ താങ്കളുടെ ഒപ്പം നില്‍ക്കുന്ന ആ പെണ്‍കുട്ടി- എന്റെ മകള്‍- ആജീവനാന്തം സകല മനുഷ്യരെയും സ്‌നേഹിക്കുന്ന അവിശ്വാസി ആയി തുടരണം എന്നും ഒരു വിഭാഗം മനുഷ്യരെ വെറുക്കുന്ന വിശ്വാസി ആകരുത് എന്നും ഞാന്‍ ആഗ്രഹിക്കുന്നു!
ഒരു കൊച്ചു കുട്ടിയുടെ ഒപ്പം വാത്സല്യത്തോടെ പോസ് ചെയ്ത നന്മക്ക് നന്ദി ! ചേട്ടനും കുടുംബത്തിനും ഒരു അവിശ്വാസിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍!,’ രശ്മിത രാമചന്ദ്രന്‍ എഴുതി.
അതേസമയം, അവിശ്വാസികളോട് തനിക്ക് യാതൊരു സ്നേഹവുമില്ലെന്നും അവരുടെ സര്‍വ്വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ പോയിരുന്ന് താന്‍ പ്രാര്‍ത്ഥിക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്. ഭക്തിയേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കുന്ന ഒരാളെ പോലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആലുവയില്‍ ശിവരാത്രി അഘോഷത്തിനിടയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
കുട്ടികള്‍ക്കിടയില്‍ സ്നേഹം വളര്‍ത്തിയെടുക്കാനും അച്ചടക്കം വളര്‍ത്താനുമൊക്കെ വിശ്വാസം നല്ലൊരു ആയുധമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Advocate Resmitha Ramachandran against actor and BJP leader Suresh Gopi’s statement