| Tuesday, 22nd December 2020, 4:09 pm

കോളജില്‍ കണ്ടു പരിചയമുള്ള മുഖമായിരുന്നു അഭയയുടേത്, തോമസ് കോട്ടൂര്‍ ശൃംഗാര പ്രിയന്‍: രശ്മിത രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് കേസില്‍ വിധി പറഞ്ഞിരിക്കുകയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി. കേസിലെ പ്രതികളായ ഫാ.തോമസ്‌കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

അഭയയുടെ മരണത്തെ കുറിച്ചും അഭയയുമായുള്ള പരിചയത്തെ കുറിച്ചും കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളെ കുറിച്ചും പറയുകയാണ് അഭിഭാഷക രശ്മിത രാമചന്ദ്രന്‍.

അഭയ കൊല്ലപ്പെടുന്ന സമയത്ത് അവര്‍ പഠിച്ച കോട്ടയം ബി.സി.എം കോളജില്‍ പ്രിഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു താനെന്നും കോളജ് ഇലക്ഷന്‍ സമയത്ത് കണ്ടു പരിചയമുള്ള മുഖമായിരുന്നു അഭയയുടേതെന്നും രശ്മിത പറയുന്നു.

‘പഠനാവധിയ്ക്ക് ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തിയ സമയത്താണ് കന്യാസ്ത്രീയുടെ ശരീരം പയസ് ടെന്‍ത് കോണ്‍വന്റിന്റെ കിണറ്റില്‍ കണ്ടു എന്ന വാര്‍ത്ത ആദ്യം വന്നത്. കോളജിനു പുറത്താണീ ഹോസ്റ്റല്‍. എനിയ്‌ക്കൊരുപാട് ഇഷ്ടമുള്ള ബോട്ടണി അധ്യാപിക സിസ്റ്റര്‍ സിസിലും കൂട്ടുകാരികളായ പേളിന്‍ സൂസന്‍ മാത്യു, വിനിത വില്‍സ് , അനു, ബിന്ദു മാത്യു തുടങ്ങി ഒരു പാട് കൂട്ടുകാരും ആ ഹോസ്റ്റലിലെ അന്തേവാസികളായിരുന്നു. ( സിസ്റ്റര്‍ സിസില്‍ പിന്നീട് സഭാ വസ്ത്രം ഉപേക്ഷിച്ച് പോയി ).

ആദ്യം അപകടമരണമെന്ന് കേട്ട മരണം പിന്നീട് കൊലപാതകമാണെന്നറിഞ്ഞു. ആരോപിതരായവരില്‍ മലയാളം അധ്യാപകനായ ഫാ.ജോസ് പുതൃക്കയും സൈക്കോളജി അധ്യാപകനായ ഫാ. തോമസ് കോട്ടൂരുമുണ്ടായിരുന്നു. രണ്ടു പേരും എന്നെ പഠിപ്പിച്ചിട്ടില്ല. പക്ഷേ, തോമസ് കോട്ടൂര്‍ ശൃംഗാരപ്രിയനാണെന്നും വിദ്യാര്‍ത്ഥിനികളോട് ലൈംഗികച്ചുവയോടെ ഒളിഞ്ഞും തെളിഞ്ഞും സംസാരിയ്ക്കുന്നുവെന്നും വ്യാപകമായ പരാതിയുണ്ടായിരുന്നു.എന്നാല്‍ ജോസ് പുതൃക്ക മാന്യമായാണ് ഇടപെട്ടിരുന്നത് – യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിനുള്ള തയ്യാറെടുപ്പിലും കോളജ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സ്റ്റാഫ് മെമ്പര്‍ എന്ന നിലയില്‍ സജീവമായിരുന്നു അദ്ദേഹം.

സ്വന്തം കോളജിലെ സഹപാഠിയുടെ കൊലപാതകം എന്ന നിലയില്‍ അഭയക്കേസിന്റെ നാള്‍വഴികള്‍ ശ്രദ്ധിച്ചിരുന്നു.( ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന പൊതുപ്രവര്‍ത്തകന്‍ രൂപപ്പെട്ടു വന്ന ആള്‍വഴി കൂടെയാണത്). ക്രൈംബ്രാഞ്ച് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസില്‍ സി.ബി.ഐ കേസേറ്റുവെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല.

അന്വേഷണ ഉദ്യോഗസ്ഥന്‍ രാജിവയ്‌ക്കേണ്ടി വന്നു. പിന്നീട്, ഇ.ബാലാനന്ദന്‍, ഒ.രാജഗോപാല്‍, പി.സി.തോമസ് തുടങ്ങിയവരുടെ ഇടപെടല്‍ മൂലമാണ് സി.ബി.ഐ അന്വേഷണം ഊര്‍ജ്ജസ്വലമായി വരുന്നത്. എന്നാല്‍ പലവട്ടം സി.ബി.ഐ ഈ കേസിലെ പ്രതികളെ പിടിയ്ക്കാന്‍ തങ്ങള്‍ക്കാവില്ലാത്തതു കൊണ്ട് കേസവസാനിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ ലജ്ജാ ഹീനമായി സമീപിയ്ക്കുകയും കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പാത്രമാവുകയും ചെയ്തിരുന്നു (സി.ബി.ഐയുടെ അന്വേഷണ സംവിധാനം തെറ്റുപറ്റാത്തതെന്ന് ഊറ്റം കൊള്ളുന്നവര്‍ അക്കാദമിക് ഉദ്ദേശത്തോടെ പഠിയ്‌ക്കേണ്ടതായ ചിലത് അതുകൊണ്ട് തന്നെ ഈ കേസിലുണ്ട്.).

അഭയയുടെ വൃദ്ധ പിതാവ് ദാരിദ്ര്യത്തോടും ദുരനുഭവങ്ങളോടും താന്‍ വിശ്വസിയ്ക്കുന്ന സഭയുടെ ശത്രുത ഏറ്റുവാങ്ങിയും പ്രലോഭനങ്ങളെ അതിജീവിച്ചും പുനരന്വേഷണത്തിനും തുടരന്വേഷണത്തിനും ഉത്തരവുകള്‍ സമ്പാദിച്ചു. ആരോപിതരായ കന്യാസ്ത്രീയും പുരോഹിതരും അറസ്റ്റിലായി.

ഇന്ത്യയില്‍ കാനന്‍ നിയമത്തിനു മേലിലാണ് ഇന്ത്യന്‍ നിയമങ്ങളെന്ന് ജനം ആശ്വസിച്ചു തുടങ്ങി. (കേസിന്റെ ശാസ്ത്രീയ വശങ്ങളില്‍ മാധ്യമ ശ്രദ്ധ അധികം ഉടക്കി നിന്നത് ആരോപിതയുടെ കന്യാചര്‍മ്മ ശസ്ത്രക്രിയയിലായിരുന്നു!).

ആരോപിതരില്‍ ഫാ. ജോസ് പുതൃക്കയ്‌ക്കെതിരെയും തെളിവു നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പി.കെ.ടി. മൈക്കിളിനെതിരെയും തെളിവു ശേഖരിയ്ക്കാന്‍ സി.ബി.ഐക്കായില്ല. ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ പലവട്ടം സുപ്രീം കോടതിയിലും ഹൈക്കോടതിയിലും വച്ചു കണ്ടു – അയാള്‍ ഓരോ വട്ടവും കൂടുതല്‍ നിശ്ചയദാര്‍ഡ്യത്തോടെ മുന്നോട്ടു പോകുന്നതാണ് കണ്ടത്.

വിചാരണയില്‍ വിശുദ്ധ കുപ്പായമിട്ട പലരും കൂറുമാറി. പക്ഷേ, ബി.സി.എം കോളജിലെ മലയാളം അധ്യാപികയായ സഭാ കുപ്പായം ഒരിയ്ക്കല്‍ ഇട്ടുപേക്ഷിച്ച പ്രൊഫ. ത്രേസ്യായും മോഷ്ടാവായ അടയ്ക്കാരാജുവും പൊതു പ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലും പ്രോസിക്യൂഷന് അനുകൂലമായ മൊഴിയില്‍ ഉറച്ചു നിന്നു.

ഇന്ന്, സി.ബി.ഐ കോടതി ഈ കേസ്സില്‍ കൊലപാതകമെന്നുറപ്പിച്ചു പ്രതികള്‍ക്കു മാതൃകാപരമായ ശിക്ഷ കൊടുത്താല്‍ കുറ്റപത്രത്തില്‍ പേരെടുത്തു പറയാത്ത, ആരോപിതരുടെ കൂടെ പാറപോലെ ഉറച്ചു നിന്ന സഭ കൂടെ ജനമനസ്സുകളില്‍ വിചാരണ ചെയ്യപ്പെടും. അടയ്ക്കാ രാജു എന്ന മോഷ്ടാവിന്റെ സത്യസന്ധത പോലും അവകാശപ്പെടാനില്ലാത്ത ഒന്നായിത്തന്നെ അതു നില്‍ക്കും.

# തനിയ്ക്കു മുന്നില്‍ വന്നിട്ടുണ്ടായേക്കാമായിരുന്ന പ്രലോഭനങ്ങളിലൊന്നും വീഴാതെ ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച ആ മോഷ്ടാവ് എന്തുകൊണ്ടോ പാവങ്ങളിലെ (ലെ മിറാബ ലെ ) ഴാങ് വാല്‍ ഴാങ്ങിനേക്കാള്‍ മുകളില്‍ നില്‍ക്കുന്നു’, രശ്മിത ഫേസ്ബുക്കില്‍ എഴുതി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Advocate Resmitha Ramachandran On Abhaya Case

We use cookies to give you the best possible experience. Learn more