| Thursday, 15th September 2022, 1:56 pm

മുഖം മറയ്ക്കാന്‍ പാടില്ലെന്ന് പറയുന്നതിന്റെ ന്യായം മനസിലാക്കാം; തല മറയ്ക്കാന്‍ പാടില്ലെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്; സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ | D Nation

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശിരോവസ്ത്രവുമായി ബന്ധപ്പെട്ട കേസുകള്‍ ശരിയായ കാഴ്ചപ്പാടില്‍ കണ്ടില്ലെങ്കില്‍ പ്രശ്‌നമാണെന്ന് ഹിജാബ് വിഷയത്തില്‍ ഹരജിക്കാര്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍.

ശിരോവസ്ത്രം അനിവാര്യമായ ആചാരമാണെന്ന് കേരള ഹൈക്കോടതിയുടെ വിധിയുണ്ടെന്നും ഹിജാബ് നിരോധിച്ചതിനെതിരെയുള്ള ഹരജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തെ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ 23 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്.

ശിരോവസ്ത്രം നിര്‍ബന്ധമാണെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്ന ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അഭിഭാഷകന്‍ രാജീവ് ധവാന്‍.

”ഖുര്‍ആനിക വിധികളും ഹദീസുകളും പരാമര്‍ശിച്ച് തല മറയ്ക്കുന്നതും മുഖഭാഗം ഒഴികെ നീളമുള്ള കൈയുള്ള വസ്ത്രം ധരിക്കുന്നതും നിര്‍ബന്ധമാണ്.

ഇസ്‌ലാമെന്ന പേരിലുള്ള എന്തും തകര്‍ക്കാന്‍ തക്ക അമര്‍ഷം ഇന്ന് ഭൂരിപക്ഷ സമുദായത്തിനിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഹിജാബ് കേസ് ശരിയായ കാഴ്ചപ്പാടില്‍ കണ്ടില്ലെങ്കില്‍ പ്രശ്‌നമുണ്ട്.

പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നാം കാണുന്നതാണ്,” രാജീവ് ധവാന്‍ പറഞ്ഞു.

അതേസമയം, വസ്തുതകള്‍ മുന്‍നിര്‍ത്തി മാത്രം സംസാരിക്കൂ എന്ന ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ പരാമര്‍ശത്തിന്, താന്‍ വിവേചനത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് രാജീവ് ധവാന്‍ പ്രതികരിച്ചത്.

”പൊതുഇടങ്ങളില്‍ ഉടനീളം ഹിജാബ് അനുവദനീയമാകുമ്പോള്‍ ക്ലാസ്മുറികളില്‍ പാടില്ലെന്നും അത് പൊതുക്രമത്തിന് എതിരാണെന്നും പറയുന്നതിന്റെ അടിസ്ഥാനമെന്താണ്.

സ്‌കൂളില്‍ ബുര്‍ഖ ധരിക്കാന്‍ പാടില്ലെന്ന് നിങ്ങള്‍ പറയുമ്പോള്‍ അത് ന്യായമാണ്, കാരണം നിങ്ങള്‍ക്ക് മുഖം കാണേണ്ടതുണ്ട്.

എന്നാല്‍ ശിരോവസ്ത്രത്തോട് എന്ത് ന്യായമായ എതിര്‍പ്പാണ് ഉണ്ടാവുക,” അദ്ദേഹം ചോദിച്ചു.

ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും അത് മുസ്‌ലിങ്ങളെ പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നടപടിയാണെന്നും രാജീവ് ധവാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹിജാബ് നിരോധനത്തിനെതിരായ ഹരജികളില്‍ വാദം കേള്‍ക്കുന്നത് വ്യാഴാഴ്ച തുടരും.

Content Highlight: Advocate Rajeev Dhavan on Hijab ban in Karnataka, in Supreme Court

ഡൂള്‍ന്യൂസ് ഡെസ്‌ക്