കൊച്ചി: എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിക്കെതിരായിട്ടെന്ന പേരില്‍ നിലവില്‍ വന്ന യെസ് കേരള(YES Kerala) എന്ന സംഘടനക്കെതിരെ പരാതി. ട്രാന്‍സ്‌വുമണ്‍ അഡ്വ. പത്മ ലക്ഷ്മിയാണ് സംഘടനയുടെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് എതിരെ എറണാകുളം സെന്റര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.
രാജ്യത്ത് നിലവിലുള്ള നിയമത്തെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തികള്‍ ആസൂത്രണം ചെയ്യുന്ന സംഘടനക്കെതിരെയാണ് പരാതി നല്‍കിയതെന്നും ട്രാന്‍സ് സമൂഹത്തിന് എതിരെ ആളുകള്‍ക്ക് മുമ്പില്‍ തെറ്റിദ്ധാരണ പരത്തി ഭ്രഷ്ട് കല്‍പ്പിക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധ സംഘടനക്കെതിരെ കൂടുതല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അഡ്വ. പത്മ ലക്ഷമി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘പരാതി കൊടുത്തു എന്നത് ഒരു സാമ്പിള്‍ മാത്രമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019ലെ സെക്ഷന്‍ 18ല്‍ പറയുന്നത് ഇമോഷണലായോ, ഫിസിക്കലായോ വെര്‍ബലായോ കമ്മ്യൂണിറ്റിയെ ഉപദ്രവിക്കുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നാണ്. നിലവിലുള്ള നിയമത്തെ വെല്ലുവിളിക്കുകയാണിവര്‍.
ഞാന്‍ ആദ്യം കമ്മീഷണര്‍ ഓഫീസില്‍ കാര്യം അറിയിക്കുകയാണുണ്ടാത്. എന്നാല്‍ സ്വമേധയ കേസെടുക്കേണ്ട വകുപ്പുണ്ടായിട്ടും അവരതിന് തയ്യാറായില്ല. തുടര്‍ന്നാണ് ഇങ്ങനെയൊരു പരാതി നല്‍കാന്‍ തീരുമാനിച്ചത്. പാരാതിയുമായി ചെന്നപ്പോള്‍ ഒരു സി.ഐ എല്‍ജി.ബി.ടി.ക്യു എന്താണെന്ന് എന്നോട് ചോദിച്ചു. ഇതാണ് ഇവിടുത്തെ അവസ്ഥ. ഒരാഴ്ചക്കകം കേസില്‍ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപക്കാനാണ് തീരുമാനം,’ പത്മ ലക്ഷമി പറഞ്ഞു.
യുവാക്കളിലും കുട്ടികളിലും പടര്‍ന്നു കൊണ്ടിരിക്കുന്ന വോക് പ്രൊപഗണ്ടക്കും മഴവില്‍ ഫാസിസത്തിനും എതിരെ ഒരു സംഘം രൂപം കൊള്ളുക എന്ന ലക്ഷ്യത്തോടെയാണ് യെസ് കേരള പ്രവര്‍ത്തിക്കുന്നതെന്നാണ് സംഘടനയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നല്‍കുന്ന വിശദീകരണത്തില്‍ പറയുന്നത്. സംഘടനയുടെ സംസ്ഥാന കമ്മറ്റി ഈയിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു.