സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അഡ്വക്കേറ്റ് കൃഷ്ണരാജ്. നടന്‍ ഉണ്ണിമുകുന്ദനെതിരെ വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണരാജ് ഇപ്പോള്‍. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന മാര്‍ക്കോ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്.
‘സമാജ സ്റ്റാര്‍ ഇമേജ് ഉണ്ടാക്കി കൊടുത്തവന്‍ ജിഹാദികളുടെ കൂടെ കിടപ്പായി. സ്റ്റാര്‍ അതിനായി ആഞ്ഞു ശ്രമത്തിലാണോ എന്നൊരു സംശയം ഇല്ലാതില്ല’ എന്നാണ് കൃഷ്ണരാജ് തന്റെ പോസ്റ്റില്‍ കുറിച്ചത്. മാളികപ്പുറം എന്ന ചിത്രത്തിന് പിന്നാലെ സമാജം സ്റ്റാര്‍ എന്ന വിളിപ്പേര് ഉണ്ണിമുകുന്ദന് സോഷ്യല്‍ മീഡിയ ചാര്‍ത്തിക്കൊടുത്തിരുന്നു.
മാര്‍ക്കോയുടെ സംവിധായകനും നിര്‍മാതാക്കളും മുസ്‌ലിം സമുദായത്തില്‍ പെട്ടവരായതിനാല്‍ അവരെ ‘ജിഹാദികള്‍’ എന്നാണ് കൃഷ്ണരാജ് അഭിസംബോധന ചെയ്തത്. കൃഷ്ണരാജിന്റെ എല്ലാ പോസ്റ്റുകളിലും മുസ്‌ലിം നാമധാരികളെ ‘ജിഹാദികള്‍’ എന്നാണ് പരാമര്‍ശിക്കാറ്. എന്നാല്‍ പുതിയ പോസ്റ്റിന് താഴെ കൃഷ്ണരാജിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്.
‘ഹിന്ദു എന്ത് ചെയ്യണമെന്ന് താന്‍ പറയണ്ട, തന്റെ ഇത്തരം വാക്കുകള്‍ ജനം പുച്ഛിച്ച് തള്ളും’, ‘താങ്കളുടെ സ്വാഭിമാനം കാണുമ്പോള്‍ കോമഡിയാവുന്നു’, ‘മഞ്ഞപ്പിത്തം ബാധിച്ചവന് എല്ലാം മഞ്ഞയായേ തോന്നുള്ളൂ’ എന്നിങ്ങനെ കൃഷ്ണ രാജിനെ വിമര്‍ശിക്കുന്ന ധാരാളം കമന്റുകള്‍ പോസ്റ്റിന് താഴെ കാണാന്‍ സാധിക്കും.
സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ വിവാഹത്തിനായി തൃപ്പുണിത്തുറ ക്ഷേത്രത്തില്‍ എത്തിയ നസ്രിയക്കും ഫഹദ് ഫാസിലിനും എതിരെ കൃഷ്ണ രാജ് വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടുമെന്ന് കരുതേണ്ടെന്നാണ് കൃഷ്ണ രാജ് പറഞ്ഞിരുന്നത്. സഖാക്കള്‍ ദേവസ്വം ഭരിച്ചാല്‍ ഇതാണ് ഹിന്ദുവിന്റെ അവസ്ഥയെന്നും ഏത് അണ്ടനും അടകോഴനും ക്രിസ്ത്യാനിക്കും മുസ്‌ലിമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാമെന്നും കൃഷ്ണ രാജ് അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധിപ്പേര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
Content Highlight: Advocate Krishna Raj’s Facebook post against Unni Mukundan