കോഴിക്കോട്: പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യ കുറ്റം ചെയ്തു എന്ന സുപ്രീംകോടതിയുടെ കണ്ടെത്തല്‍ നിര്‍ഭാഗ്യകരമായിപ്പോയെന്ന് നിയമവിദഗ്ധന്‍ അഡ്വ. കാളീശ്വരം രാജ്. ഇത് കേവലം ഒരു വ്യക്തിയുടെ പ്രശ്നം എന്നതിലുപരി ഒരു രാജ്യത്തെ പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിന്റെ തന്നെ പ്രശ്നമായി മാറിയ സാഹചര്യമാണുള്ളതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷത്തിന് തൊട്ടുമുന്‍പ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചത് അശുഭകരമാണെന്നും കോടതികള്‍ വിമര്‍ശിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡ്വ. കാളീശ്വരം രാജ് ഡൂള്‍ന്യൂസിനോട് പറഞ്ഞ വാക്കുകളിലേക്ക്:
പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യ കുറ്റം ചെയ്തു എന്ന സുപ്രീംകോടതിയുടെ കണ്ടെത്തല്‍ നിര്‍ഭാഗ്യകരമായിപ്പോയി. അത് കേവലം ഒരു വ്യക്തിയുടെ പ്രശ്നം എന്നതിലുപരി ഒരു രാജ്യത്തിന്റെയും രാജ്യത്തെ പൗരന്‍മാരുടെയും സ്വാതന്ത്ര്യത്തിന്റെ തന്നെ പ്രശ്നമായി മാറിയ സാഹചര്യമാണുള്ളത്.
കോടതിയെ വിമര്‍ശിക്കുന്നത് ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇത്തരത്തിലുള്ള കടുത്ത നടപടികളിലേക്ക് കടന്നേക്കാമെന്ന ഒരു സന്ദേശം കോടതിയെ വിമര്‍ശിക്കുന്ന ആളുകള്‍ക്ക് ഈ വിധി നല്‍കുന്നുണ്ട്. കോടതിയെ വിമര്‍ശിക്കുന്നത് ഒരുപക്ഷെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിന്റെ ഭവിഷ്യത്തുക്കള്‍ക്ക് വരെ കാരണമായേക്കാമെന്ന സന്ദേശം ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം സുഖകരമായ ഒന്നല്ല.
പ്രശാന്ത് ഭൂഷണ്‍ അദ്ദേഹത്തിന്റെ ട്വീറ്റുകളില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായേക്കാം. പക്ഷെ എപ്പോഴൊക്കെ അഭിപ്രായത്തിന്റെ പ്രശ്നങ്ങളും അതുപോലെ പ്രതികരണത്തിന്റെ പ്രശ്നങ്ങളും തമ്മില്‍ വൈരുധ്യങ്ങളുണ്ടായിട്ടുണ്ടോ അപ്പോഴോക്കെ കുറെക്കൂടി പക്വമായ സമീപനം സ്വീകരിച്ചിട്ടുള്ള പാരമ്പര്യം ലോകത്തെ വ്യത്യസ്ത ഭരണഘടനാ കോടതികള്‍ക്കുണ്ട്.
ഡെന്നിംഗിനെപ്പോലുള്ള മഹാന്‍മാരായ ന്യായാധിപര്‍, ഇന്ത്യയില്‍ തന്നെ ജസ്റ്റിസ് കൃഷ്ണയ്യര്‍ തുടങ്ങിയവര്‍ പലപ്പോഴും കോടതിയലക്ഷ്യം സംബന്ധിച്ചുള്ള പ്രശ്നം വരുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തിന് വലിയ പരിഗണന നല്‍കിയിട്ടുണ്ട് എന്ന് നമ്മള്‍ മനസിലാക്കണം. വിമര്‍ശനം പലപ്പോഴും വിമര്‍ശിക്കപ്പെടുന്നവര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നത് തന്നെയായിരിക്കും. വളരെ വലിയ സ്റ്റേറ്റ്സ്മാന്‍ഷിപ്പുള്ള നേതാക്കന്‍മാര്‍ പോലും വിമര്‍ശനങ്ങളുടെ പേരില്‍ ചൊടിച്ചിട്ടുണ്ട്.
പക്ഷെ നേരെ മറിച്ച് വിമര്‍ശനങ്ങളെ ജനാധിപത്യപരമായി സ്വീകരിക്കുന്ന രാഷ്ട്രീയനേതാക്കളും ന്യായാധിപരുമുണ്ട്. പ്രശാന്ത് ഭൂഷണിന്റെ കേസില്‍ ഇപ്പോള്‍ വന്നിട്ടുള്ള ഈ ഉത്തരവ് വളരെ അധികം നിരാശ ഉണ്ടാക്കുന്ന ഒന്നാണ, കാരണം ഇതോടുകൂടി ഭാവിയില്‍ ആളുകള്‍ കോടതി എന്ന സ്ഥാപനത്തെ തന്നെ വിമര്‍ശിക്കാന്‍ മടിക്കുന്ന ഒരു സാഹചര്യം ഉണ്ടാകാം.
ന്യായാധിപരുടെ നടപടികളും ശീലങ്ങളും വിമര്‍ശിക്കപ്പെടാവുന്നതാണ്. കാരണം നമ്മുടെ നാട്ടിലെ പാര്‍ലമെന്റ് പോലെയും മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ പോലെയും വിമര്‍ശനത്തിന് വിധേയമാക്കപ്പെടേണ്ടുന്ന ഒരു സംവിധാനം തന്നെയാണ് കോടതികള്‍. ഉത്തമവിശ്വാസത്തോടെയുള്ള ന്യായയുക്തമായ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള വിമര്‍ശനം കോടതിയുടെ കാര്യത്തിലും ആവശ്യമാണ്.
പക്ഷെ അത്തരത്തിലുള്ള വിമര്‍ശനങ്ങളെപ്പോലും നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള ചില പരാമര്‍ശങ്ങള്‍ പ്രശാന്ത് ഭൂഷണിന്റെ കോടതിയലക്ഷ്യക്കേസില്‍ കാണാമെന്നുള്ളതാണ് നിര്‍ഭാഗ്യകരമായ സംഗതി. ഏതായാലും എന്നെപ്പോലുള്ള ആളുകളെ ഇത് ദുഖിപ്പിക്കുന്നു. ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം അശുഭകരമായ സന്ദേശം നല്‍കുന്ന വിധിയാണ്. തീര്‍ച്ചയായിട്ടും സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുന്‍പായി ഇങ്ങനെ ഒരു വിധി രാജ്യത്തുണ്ടായി എന്നുള്ളത് നമ്മെ അലോസരപ്പെടുത്തേണ്ട കാര്യം തന്നെയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Prashanth Bhushan Adv. Kaleeswaram Raj