| Sunday, 26th September 2021, 2:03 pm

കമലാ ഹാരിസ് ജനാധിപത്യത്തെപ്പറ്റി ക്ലാസ് എടുത്തു, ബൈഡനോ യു.എസ് മാധ്യമങ്ങളോ വേണ്ടവിധം ശ്രദ്ധിച്ചില്ല; മോദിയുടെ അമേരിക്കന്‍ യാത്ര 'ആരോ ചന്തയ്ക്ക് പോയ പോലെ'യെന്ന് ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേയ്ക്ക് പോയതിനെ പരിഹസിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് വാസുദേവന്റെ വിമര്‍ശനം.

യാത്രയുടെ ചിത്രങ്ങളെല്ലാം പുറത്ത് വിട്ടെങ്കിലും മോദി അമേരിക്കയില്‍ പോയത് ആരോ ചന്തയ്ക്ക് പോയ പോലെ എന്നാണ് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞത്.
”ഇത്തവണ മൊബൈല്‍ ലൈറ്റ് അടിച്ചു വിമാനത്തില്‍ ഫയല്‍ നോക്കുന്ന പോട്ടം ഇട്ട് PR നടത്തി US ല്‍ പോയിട്ട് ആരോ ചന്തയ്ക്ക് പോയതുപോലെയായി,” ഹരീഷ് പറഞ്ഞു.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ഡൊണാള്‍ഡ് ട്രംപിന്റെ പക്ഷം പിടിച്ചതും അത് പരാജയപ്പെട്ടതും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡനോ അവിടത്തെ മാധ്യമങ്ങളോ മോദിയ്ക്ക് വേണ്ടവിധം പരിഗണന കൊടുത്തില്ലെന്നും വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ജനാധിപത്യത്തെക്കുറിച്ച് മോദിയ്ക്ക് ക്ലാസെടുക്കുകയാണുണ്ടായതെന്നും ഇത് ഇന്ത്യയെയാണ് നാണം കെടുത്തുന്നതെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

”നോക്കൂ, നാണം കെടുന്നത് മോദീജിയല്ല. ഒരു രാജ്യമാണ്. അതിനു കിട്ടിയിരുന്ന വിലയാണ്.
US ഇലക്ഷനില്‍ ഇടപെട്ട കാലത്തേ വിവരമുള്ളവരെല്ലാം ഈ മുന്നറിയിപ്പ് നല്‍കിയതാണ്,” ഹരീഷ് പറഞ്ഞു. മോദിയെ ബൈഡന്‍ വേണ്ടവിധം പരിഗണിക്കാത്തതിനെ ചിത്രീകരിക്കുന്ന ഒരു കാര്‍ട്ടൂണും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഈ കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം കുളപ്പുള്ളി അപ്പനോട് പറഞ്ഞ ”ഈ നമ്പരൊക്കെ അവിടുത്തെ പാവം നാട്ടുകാരുടെ അടുത്ത് ചെലവാകും. ഇവിടെ വേണ്ട” എന്ന സംഭാഷണമാണ് തനിയ്ക്ക് ഓര്‍മ വന്നതെന്നും ഹരീഷ് വാസുദേവന്‍ പരിഹസിച്ചു.

”മോദീജി, ഇന്ത്യയെ അപമാനിച്ചു മതിയായാല്‍ നിര്‍ത്തിക്കൂടെ?” എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിയ്ക്കുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ബൈഡനും കമലാ ഹാരിസുമായി ചര്‍ച്ച നടത്തിയതിന് പുറമേ മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയും ചെയ്തിരുന്നു.

ജനാധിപത്യ മൂല്യങ്ങള്‍ മുറുകെ പിടിക്കണമെന്നും ഇന്ത്യയുടെ വൈവിധ്യം കാത്തുസൂക്ഷിക്കണമെന്നുമായിരുന്നു ചര്‍ച്ചയ്ക്കിടെ നരേന്ദ്രമോദിക്ക് അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദേശം നല്‍കിയത്. പ്രസിഡണ്ടും വെസ് പ്രസിഡണ്ടുമായി ചര്‍ച്ച നടത്തിയ കാര്യം മോദി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരിസ് ഇത് പങ്കുവെച്ചിരുന്നില്ല.

ഇതിനെത്തുടര്‍ന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി കമലാ ഹാരിസിനെ വിമര്‍ശിച്ച് പ്രസ്താവന നടത്തിയിരുന്നു.
ഏതോ ഒരു ആഫ്രിക്കനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ വരെ പങ്കുവെച്ച കമല ഹാരിസ് എന്തുകൊണ്ടാണ് അതിന് മുന്‍പ് നടന്ന മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാത്തതെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം.

മോദിയുമായുള്ള കൂടിക്കാഴ്ചയുടെ അതേദിവസം തന്നെ സാംബിയയുടെ പ്രസിഡന്റ് ഹക്കൈന്‍ഡെ ഹിചിലേമയുമായും കമലാ ഹാരിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തില്‍ നിന്ന് അവര്‍ പങ്കുവെച്ച ചിത്രങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ചോദ്യം. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച നരേന്ദ്രമോദിയുടെ ട്വീറ്റിന് മറുപടിയായി ‘ഈ ചിത്രങ്ങള്‍ കമല ഹാരിസ് ട്വീറ്റ് ചെയ്തോ’ എന്നു ചോദിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മറുപടി ട്വീറ്റ് ആരംഭിക്കുന്നത്.

മുന്‍പ് ട്രംപിന്റെ ഭരണസമയത്ത് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ‘ഹൗഡി മോഡി’ എന്ന പേരിലും ഡൊണാള്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ‘നമസ്‌തേ ട്രംപ്’ എന്ന പേരിലും വലിയ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Advocate Harish Vasudevan mocking Modi’s American visit

We use cookies to give you the best possible experience. Learn more