|

'ഇങ്ങനെ പോയാല്‍ ഇത്തരം ജഡ്ജിമാരെ ജനം തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല'; പീഡനകേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കുമോയെന്ന ചോദ്യമുന്നയിച്ച ചീഫ് ജസ്റ്റീസിനെതിരെ അഡ്വ.ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച പ്രതിയോട് ഇരയെ വിവാഹം ചെയ്യുമോയെന്ന് ചോദ്യമുന്നയിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍.

ഇത്തരം ജഡ്ജിമാരെ ജനം വീട്ടില്‍ക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ലെന്നും വക്കീലല്ലേ, ആ വിധിയെ അതിന്റെ മെറിറ്റില്‍ അല്ലേ വിമര്‍ശിക്കേണ്ടത് എന്നൊക്കെ സഹപ്രവര്‍ത്തകര്‍ ചോദിച്ചേക്കാം. ക്ഷമിക്കണം, ഇക്കാര്യത്തില്‍ തനിക്കങ്ങനെ തോന്നുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

പോക്‌സോ-റേപ്പ് കേസ് ജാമ്യം പരിഗണിക്കുമ്പോള്‍ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാന്‍ ചീഫ് ജസ്റ്റിസിന് എന്ത് അധികാരം? വിവാഹം ചെയ്താല്‍ ചെയ്ത കുറ്റം ഇല്ലാതാകുമോ? ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെ ആ ഇരയുടെ വിവാഹ ദല്ലാള്‍പ്പണി ഏല്പിച്ചിട്ടുണ്ടോ? റേപ്പ് കേസില്‍ വിവാഹം എങ്ങനെയാണ് ഓപ്ഷനായി വരുന്നത്? ഏത് നിയമം? എന്നും ഹരീഷ് വാസുദേവന്‍ ചോദിച്ചു.

നിങ്ങള്‍ ജാമ്യം കൊടുക്കുകയോ റദ്ദാക്കുകയോ ഒക്കെ ചെയ്‌തോളൂ, വിധിയില്‍ അതിന്റെ കാരണങ്ങള്‍ എഴുതി വെയ്ക്കൂ. അല്ലാതെ റേപ്പിസ്റ്റിനു ഇരയെ വിവാഹം കഴിക്കാനുള്ള ഓപ്ഷന്‍ വെയ്ക്കാന്‍ നിങ്ങളാരാണ്? റേപ്പ് വിക്ടിമിന്റെ സെക്ഷ്വല്‍ ഏജന്‍സി സുപ്രീംകോടതിക്കാണോ? എന്നും ഹരീഷ് ചോദിച്ചു.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ ടെക്‌നീഷ്യനായ മോഹിത് സുഭാഷ് ചവാനെതിരേയാണ് പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നത്. ഈ കേസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് പ്രതിഭാഗം അഭിഭാഷകനോട് ഇക്കാര്യം ചോദിച്ചത്.

തന്റെ കക്ഷി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും ഈ കേസില്‍ അറസ്റ്റുണ്ടായാല്‍ ജോലി നഷ്ടപ്പെടുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം കഴിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് സഹായിക്കാനാവും. ഇല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ട് നിങ്ങള്‍ക്ക് ജയിലില്‍ പോകാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം പൊലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് തന്റെ മാതാവ് അറിയിച്ചിരുന്നതാണെന്ന് പ്രതി കോടതിയെ അറിയിച്ചിരുന്നു. പ്രതിയുടെ വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു.

‘പെണ്‍കുട്ടിയെ വിവാഹം കഴിക്കാന് ഞങ്ങള്‍ നിങ്ങളെ നിര്‍ബന്ധിക്കുകയില്ല. നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങളെ അറിയിക്കുക. അല്ലെങ്കില്‍ ഞങ്ങള്‍ അവളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് നിങ്ങള്‍ പറയും’, എസ്.എ ബോബ്‌ഡെ പറഞ്ഞു.

എന്നാല്‍ താനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും തന്നെ അറസ്റ്റ് ചെയ്താല്‍ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെടുമെന്നും പ്രതി കോടതിയോട് പറഞ്ഞു. അതിനാലാണ് പ്രതിയ്ക്ക് ഈ അവസരം നല്‍കിയതെന്നും നാലാഴ്ച വരെ അറസ്റ്റ് തടയാന്‍ കഴിയുമെന്നും ബോബ്‌ഡെ പറഞ്ഞു. നേരത്തെ വിചാരണക്കോടതി പ്രതി അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയിരുന്നുവെങ്കിലും ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ചീഫ് ജസ്റ്റിസ് വിവാഹ ദല്ലാളോ?

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ, വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കയറി വാ പൊത്തിപ്പിടിച്ചു ബലാല്‍സംഗം ചെയ്തു. മുഖത്ത് ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീട് 10-12 തവണ ബലാല്‍സംഗം ചെയ്തു. പരാതിപ്പെടാന്‍ പോലീസില്‍ പോയ അമ്മയെ ഭീഷണിപ്പെടുത്തി രേഖകളില്‍ ഒപ്പിടീച്ചു, വിവാഹം കഴിച്ചുകൊള്ളാം എന്നു വാഗ്ദാനം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരനായ പ്രതി. പെണ്കുട്ടി പ്രായപൂര്‍ത്തി ആയപ്പോള്‍ അവള്‍ പരാതി നല്‍കി. പോക്‌സോ കേസെടുത്തു.

സെഷന്‍സ് കോര്‍ട്ട് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇര ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അത് റദ്ദാക്കി. അതിനെതിരെ പ്രതി സുപ്രീംകോടതിയെ സമീപിച്ചു.

സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി വിധി നിയമപരമായി ശരിയാണോ അല്ലയോ എന്ന് നോക്കേണ്ട ജോലിയാണ് സുപ്രീംകോടതിയുടെത്.

കേസില്‍ ജാമ്യഹരജി കേള്‍ക്കവേ, ‘നിങ്ങള്‍ക്കവളെ വിവാഹം കഴിക്കാമോ’ എന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. ‘ഞങ്ങള്‍ പറഞ്ഞത് കൊണ്ടാണ് നിങ്ങള്‍ വിവാഹം കഴിക്കുന്നത് എന്നു നാളെ നിങ്ങള്‍ പറയും. അത് വേണ്ട, ഞങ്ങള്‍ നിര്‍ബന്ധിക്കുകയല്ല’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
‘അറസ്റ്റ് ചെയ്താല്‍ പ്രതിയെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും’ – വക്കീല്‍.

‘ഒരു മൈനര്‍ പെണ്കുട്ടിയെ ബലാല്‍സംഗം ചെയ്യുമ്പോ ഓര്‍ക്കണമായിരുന്നു ജോലി ഉണ്ടെന്ന്’ – ചീഫ് ജസ്റ്റിസ്.
‘നേരത്തേ വിവാഹം കഴിക്കാന്‍ തയാറായിരുന്നു. ഇര സമ്മതിച്ചില്ല.
അതുകൊണ്ട് പ്രതി വേറെ വിവാഹം കഴിച്ചു’ – വക്കീല്‍.

4 ആഴ്ചത്തേയ്ക്ക് അറസ്റ്റ് തടഞ്ഞു കോടതി ഉത്തരവിട്ടു. ഇനി പ്രതിക്ക് ജാമ്യഹരജി നല്‍കാം. ചോദ്യം ചെയ്യാനോ തെളിവെടുക്കാനോ പോലീസിന്റെ കയ്യില്‍ പ്രതിയെ കസ്റ്റഡിയില്‍ കിട്ടുന്ന കാര്യം സംശയമാണ്. ആ കേസ് ഒരു തീരുമാനമാകും.

—————————————————-
Bar & Bench ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ കോര്‍ട്ട് റിപ്പോര്‍ട്ടിംഗ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയിലെ വിവരങ്ങളാണ്. ഇത് ശരിയാണെന്ന് വിശ്വാസിച്ചാണ് ബാക്കി പറയുന്നത്.

സത്യമാണെങ്കില്‍, ഇത്തരം ജഡ്ജിമാരെ ജനം വീട്ടില്‍ക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ല.
വക്കീലല്ലേ, ആ വിധിയെ അതിന്റെ മെറിറ്റില്‍ അല്ലേ വിമര്‍ശിക്കേണ്ടത് എന്നൊക്കെ സഹപ്രവര്‍ത്തകര്‍ ചോദിച്ചേക്കാം. ക്ഷമിക്കണം, ഇക്കാര്യത്തില്‍ എനിക്കങ്ങനെ തോന്നുന്നില്ല.

പോക്‌സോ-റേപ്പ് കേസ് ജാമ്യം പരിഗണിക്കുമ്പോള്‍ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാന്‍ ചീഫ് ജസ്റ്റിസിന് എന്ത് അധികാരം? വിവാഹം ചെയ്താല്‍ ചെയ്ത കുറ്റം ഇല്ലാതാകുമോ? ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെ ആ ഇരയുടെ വിവാഹ ദല്ലാള്‍പ്പണി ഏല്പിച്ചിട്ടുണ്ടോ? റേപ്പ് കേസില്‍ വിവാഹം എങ്ങനെയാണ് ഓപ്ഷനായി വരുന്നത്? ഏത് നിയമം?

18 തികഞ്ഞ യുവതി ആയിരുന്നെങ്കില്‍ Consent ഉണ്ടായിരുന്നു എന്ന് വാദത്തിനെങ്കിലും സമ്മതിക്കമായിരുന്നു. ഇത് 16 വയസുള്ള പെണ്‍കുട്ടിയാണ്. സമ്മതം കൊടുക്കാനുള്ള പ്രായം പോലുമായിട്ടില്ല. ഈ കാരണങ്ങളാല്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവ് ‘അട്രോഷ്യസ്’ എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അതില്‍ എന്ത് തെറ്റുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തിയത്?
അധികാരത്തിന്റെ ആനപ്പുറത്ത് ഇരിക്കുമ്പോള്‍ എന്തും ചെയ്യാമെന്നുള്ള ധാര്‍ഷ്ട്യം അല്ലാതെ മറ്റെന്താണ് ഇത്? തോന്നിയവാസം അല്ലാതെ മറ്റെന്താണിത്? മൈ ലോഡ്,

നിങ്ങള്‍ ജാമ്യം കൊടുക്കുകയോ റദ്ദാക്കുകയോ ഒക്കെ ചെയ്‌തോളൂ, വിധിയില്‍ അതിന്റെ കാരണങ്ങള്‍ എഴുതി വെയ്ക്കൂ. അല്ലാതെ റേപ്പിസ്റ്റിനു ഇരയെ വിവാഹം കഴിക്കാനുള്ള ഓപ്ഷന്‍ വെയ്ക്കാന്‍ നിങ്ങളാരാണ്? റേപ്പ് വിക്ടിമിന്റെ സെക്ഷ്വല്‍ ഏജന്‍സി സുപ്രീംകോടതിക്കാണോ?
Shame on you, Mr.Chief Justice.

ഇത് പറയുന്നതിന്റെ പേരില്‍ എന്നെ കോടതിയലക്ഷ്യം എടുത്ത് കഴുവേറ്റാന്‍ വിധിക്കുകയാണെങ്കില്‍ മൈ ലോഡ്, അങ്ങോട്ടു വിളിപ്പിക്കൂ.
ബാക്കി നേരില്‍ മുഖത്ത് നോക്കി പറയാം. സന്നദ് പോയാലും ഈ രാജ്യത്തെ ജുഡീഷ്യറിയെ അപമാനിക്കുന്നവരുടെ മുന്നില്‍ മുട്ടിലിഴയാന്‍ ഉദ്ദേശിച്ചിട്ടില്ല.

ആവര്‍ത്തിക്കുന്നു, ഇങ്ങനെ പോയാല്‍ ഇത്തരം ജഡ്ജിമാരെ ജനം തെരുവില്‍ നേരിടുന്ന കാലം വിദൂരമല്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Advocate Harish Vasudevan against the  supreme court  Chief Justice SA Bobde