Kerala
തവന്നൂരില്‍ ജയിക്കാന്‍ 65000 വോട്ടുമതി, നന്മമരം ലൈവിട്ടാല്‍ നാലഞ്ചുലക്ഷം വോട്ടുകിട്ടും; ബാക്കി വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വീതിച്ചുകൊടുക്കും, അതാണ് ചാരിറ്റി:ഹരീഷ് വാസുദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 16, 06:29 am
Tuesday, 16th March 2021, 11:59 am

മലപ്പുറം: തവനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കുന്നതിനെതിരെ വിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

തവനൂരില്‍ ജയിക്കാന്‍ വേണ്ടത് 65,000 വോട്ടാണെന്നും കാലം കാത്തുവെച്ച നിധിയായ നെന്മമരം ഒരു ലൈവിട്ടാല്‍ ഏകദേശം നാലഞ്ചു ലക്ഷം വോട്ട് കിട്ടുമെന്നുമാണ് ഹരീഷ് ഫേസ്ബുക്കില്‍ എഴുതിയത്.

‘സന്ധ്യയോടെ പോളിംഗ് ബൂത്ത് അടച്ചില്ലെങ്കില്‍ പിറ്റേന്നും വോട്ട് ഒഴുകി വരും. 65,000 വോട്ട് മൂപ്പര്‍ എടുത്തിട്ട് ബാക്കി മറ്റു യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വീതിച്ചു കൊടുക്കും. അദ്ദാണ് ചാരിറ്റി’ എന്നായിരുന്നു ഹരീഷ് ഫേസ്ബുക്കില്‍ എഴുതിയത്.

ഫിറോസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും മത്സരിപ്പിക്കാനുള്ള നീക്കവുമായാണ് സംസ്ഥാന നേതൃത്വം മുന്നോട്ടു പോകുന്നത്.

മലപ്പുറം കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്‍പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫിറോസ് കുന്നംപറമ്പിലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് താന്‍ മത്സര രംഗത്തുനിന്ന് പിന്‍മാറുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

‘സന്തോഷത്തോടെ ഞാന്‍ മാറി നില്‍ക്കുകയാണ്. ഒരിക്കലും ഞാന്‍ ആഗ്രഹിച്ചതല്ല മത്സരിക്കാന്‍, ആരെയും മാറ്റി നിര്‍ത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട’, എന്നായിരുന്നു ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്.

തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും നേതൃത്വം ഇടപെട്ട് ഫിറോസിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഫിറോസ് മത്സരിക്കാന്‍ സമ്മതം അറിയിച്ചതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്. കെ.ടി ജലീലാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

മലപ്പുറത്ത് കോണ്‍ഗ്രസ് നാല് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇതില്‍ പൊന്നാനിയിലും വണ്ടൂരിലും കഴിഞ്ഞ ദിവസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight; Advocate Harish Vasudevan Against Firiz Kunnamparambil Candidateship