ആലുവ: സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിലപാടുകളെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ അഭിഭാഷക രശ്മിത രാമചന്ദ്രനെതിരെ നടപടിയുണ്ടാകുമെന്ന് അഡ്വക്കറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പ്. സ്വാഭാവിക നടപടി ഉണ്ടാകുമെന്നും എന്ത് നടപടിയാണുണ്ടാവുകയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എ.ജി പറഞ്ഞു.
ആലുവ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്തി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് എ.ജി രശ്മിതക്കെതിരെ നടപടിയുണ്ടാകുമെന്ന കാര്യം സൂചിപ്പിച്ചത്. മുഖ്യമന്ത്രിയുമായി സാധാരണ കൂടിക്കാഴ്ച്ച മാത്രമാണ് നടത്തിയതെന്നും അതിനപ്പുറം ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു യുവമോര്‍ച്ച ദേശീയ നേതാവും വിരമിച്ച നാല് സൈനിക ഉദ്യോഗസ്ഥരുമായിരുന്നു രശ്മിതക്കെതിരെ അഡ്വക്കറ്റ് ജനറലിന് പരാതി നല്‍കിയത്. ഫേസ്ബുക്കിലെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ രശ്മിതക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
അതേസമയം, ബിപിന്‍ റാവത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചതിന് പിന്നാലെ വ്യാപക സൈബര്‍ ആക്രണങ്ങളാണ് രശ്മിതക്കുനേരെ നടന്നിരുന്നത്. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്നായിരുന്നു രശ്മിത കുറിപ്പില്‍ പറഞ്ഞിരുന്നത്.