ആലപ്പുഴ: എല്‍.എല്‍.ബി. പാസാകാതെ ആലപ്പുഴയില്‍ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് രണ്ടര വര്‍ഷമായി അഭിഭാഷകയായി പ്രവര്‍ത്തിച്ച രാമങ്കരി വേഴപ്ര സ്വദേശിനി സെസി സേവ്യര്‍ ഒളിവില്‍ പോയത്.
യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോര്‍ത്ത് പൊലീസ് കേസെടുത്തത്.
ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. പരീക്ഷ ജയിക്കാതെയും എന്റോള്‍ ചെയ്യാതെയും കോടതിയെയും സഹ അഭിഭാഷകരെയും കബളിപ്പിച്ചാണ് രണ്ടരവര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതെന്നാണു പരാതി.
ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സെസി, അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ ആണ് സെസി ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടിയത്.
സെസിക്കെതിരായ പരാതിയില്‍ അന്വേഷണം തുടങ്ങിയതായി ആലപ്പുഴ നോര്‍ത്ത് പൊലിസ് അറിയിച്ചു. ഇതോടെയാണ് സെസി ഒളിവില്‍ പോയത്. ഫോണ്‍ സ്വിച്ച് ഓഫാണ്. ഫേസ്ബുക്ക് അക്കൗണ്ടും ഡിലിറ്റ് ചെയ്തിട്ടുണ്ട്.
സെസി ഒട്ടേറെ കേസുകളില്‍ അഭിഭാഷക കമ്മീഷനായി പോകുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. തിരുവനന്തപുരത്ത് നിയമപഠനം നടത്തിയതായാണ് സെസി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബെംഗളുരുവില്‍ പഠനം പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Advocate Fraud Case at Alappuzha Sesy Xavier