ആലപ്പുഴ: എല്‍.എല്‍.ബി. പാസാകാതെ ആലപ്പുഴയില്‍ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് രണ്ടര വര്‍ഷമായി അഭിഭാഷകയായി പ്രവര്‍ത്തിച്ച രാമങ്കരി വേഴപ്ര സ്വദേശിനി സെസി സേവ്യര്‍ ഒളിവില്‍ പോയത്.
യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോര്‍ത്ത് പൊലീസ് കേസെടുത്തത്.
ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. പരീക്ഷ ജയിക്കാതെയും എന്റോള്‍ ചെയ്യാതെയും കോടതിയെയും സഹ അഭിഭാഷകരെയും കബളിപ്പിച്ചാണ് രണ്ടരവര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതെന്നാണു പരാതി.
ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സെസി, അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് ലൈബ്രേറിയനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ ആണ് സെസി ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടിയത്.