ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പൊലീസിൽ പരാതി കൊടുത്ത് അഭിഭാഷകൻ മെഹ്മൂദ് പ്രാച്ച. മോദിക്ക് പുറമെ അമിത് ഷാ, ജെ.പി നദ്ദ തുടങ്ങിയ ബി.ജെ.പി നേതാക്കൾക്കെതിരെയും പരാതി കൊടുത്തിട്ടുണ്ട്.
ഉത്തർപ്രദേശിലെ രാംപൂരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രാച്ച, ഇ.വി.എം-വിവിപാറ്റ് മെഷീനുകളുടെ തെറ്റായ കൈകാര്യം ചെയ്യലും കൃത്രിമത്വവും ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസർക്ക് നിരവധി ഇമെയിലുകൾ അയച്ചിരുന്നു. എന്നാൽ റിട്ടേണിങ് ഓഫീസർ ഒരുതരത്തിലുള്ള നടപടികളും സ്വീകരിക്കാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ബി.ജെ.പിയെയും സഖ്യകക്ഷികളെയും സഹായിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തെരഞ്ഞെടുപ്പ് ഉദോഗസ്ഥർക്ക് നിർദേശം നൽകിയതായും പരാതിയിൽ പറയുന്നു.
‘അവർ നിയമവിരുദ്ധമായി ഇ.വി.എം-വി.വി പാറ്റ് മെഷീനുകൾ ഉപയോഗിക്കുകയും നീക്കം ചെയ്യുകയും ചെയ്തു. രാംപൂരിൽ ഇ.വി.എം-വി.വി പാറ്റ് മെഷീനുകളിൽ കൃത്രിമം കാണിച്ചതായും വിവരങ്ങൾ കിട്ടിയിട്ടുണ്ട്.
നരേന്ദ്രമോദി, അമിത് ഷാ, ജെപി നദ്ദ, ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാർ, ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി. യഥാർത്ഥ സ്ഥാനാർത്ഥികളെ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കുന്നത് തടയാൻ അവർ ശ്രമിച്ചു. യഥാർത്ഥ സ്ഥാനാർത്ഥികൾക്ക് പകരം ബി.ജെ.പി സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു,’പ്രാച്ച പറഞ്ഞു
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 129, ഐ.ടി നിയമത്തിലെ സെക്ഷൻ 65, 66, 66 എഫ്, ഐ.പി.സിയിലെ 171 എഫ്, 409, 417, 466, 120 ബി, 201, 34 എന്നീ വകുപ്പുകൾ പ്രകാരം പരാതി രജിസ്റ്റർ ചെയ്യണമെന്നാണ് പ്രാച്ച ആവശ്യപ്പെട്ടത്.
Content Highlight: Advocate files police complaint against ECI, PM Modi, alleges unjust election win for BJP