വാരണാസി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ നടന്ന സര്‍വേയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍. കേസില്‍ കക്ഷി ചേരാന്‍ ഹിന്ദുസേന അപേക്ഷ നല്‍കി.
സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി സമര്‍പ്പിച്ചത്. 1945 ആഗസ്റ്റ് 15നുണ്ടായിരുന്ന അതേ നിലയില്‍ തന്നെ ആരാധനാലയങ്ങള്‍ക്ക് തുടരാന്‍ അനുമതി നല്‍കുന്നതായിരുന്നു നിയമം.
അതേ സമയം മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിക്കെതിരെ ഹിന്ദു സേന നേതാവ് സുപ്രീം കോടതിയെ സമീപിച്ചു. മസ്ജിദ് കമ്മിറ്റി ഉന്നയിച്ച 1991ലെ നിയമപ്രകാരം ഗ്യാന്‍വാപി മസ്ജിദ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹിന്ദു സേന നേതാവ് സുപ്ീം കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപി മസ്ജിദും, ശൃംഗാര്‍ മഗൗരി ക്ഷേത്രവും 1958ലെ പുരാതന സ്മാരക അവശിഷ്ട നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉള്‍പ്പെടെയുള്ള ബെഞ്ചായിരിക്കും ഹരജി പരിഗണിക്കുക.
പ്രാദേശിക കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷണര്‍ അജയ് കുമാറും സംഘവുമാണ് പള്ളിയില്‍ സര്‍വേ നടത്തിയത്. സര്‍വേ റിപ്പോര്‍ട്ട് മെയ് 17ന് സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മെയ് 16ന് നടന്ന അവസാന സര്‍വേയില്‍ പള്ളിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന വാദം ഹിന്ദുത്വ അഭിഭാഷകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അത് നമസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണി(ഹൗദ്/വുസു ഖാന)യിലെ വാട്ടര്‍ ഫൗണ്ടന്‍ ആണെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
ശിവലിംഗം കണ്ടെത്തിയെന്ന ആരോപണം ഉയര്‍ന്നതോടെ പള്ളിയിലെ ഒരു ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിട്ടത് വലിയ വിവാദമായിരുന്നു. മസ്ജിദിന് സി.ആര്‍.പി.എഫ് സുരക്ഷ ഒരുക്കണമെന്നും ശിവലിംഗമാണെന്ന് പറയപ്പെടുന്നത് കണ്ടെത്തിയ മസ്ജിദിന്റെ ഭാഗത്ത് ഇരുപതില്‍ കൂടുതല്‍ ആളുകളെ നമസ്‌ക്കരിക്കാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.