| Monday, 14th May 2018, 10:36 pm

'ജഡ്ജിയാവുന്ന ക്ലര്‍ക്ക്'; മജിസ്‌ട്രേറ്റ് അറിയാതെ രേഖകളില്‍ കൃത്രിമം കാണിച്ച് ക്ലര്‍ക്ക് പ്രതിയെ 'വെറുതെ വിട്ടതായി' പരാതി

ജദീര്‍ നന്തി

മലപ്പുറം: പരപ്പനങ്ങാടി കോടതിയില്‍ മജിസ്‌ട്രേറ്റ് അറിയാതെ രേഖകളില്‍ കൃത്രിമം കാണിച്ച് ക്ലര്‍ക്ക് പ്രതിയെ വെറുതെ വിട്ടതായി പരാതി. കേസ് വിളിക്കാതെയും ചാര്‍ജ് ഫ്രെയിം ചെയ്യാതെയും മജിസ്‌ട്രേറ്റ് അറിയാതെ മജിസ്‌ട്രേറ്റിന്റെ അധികാരത്തിലുള്ള “വെറുതെ വിടല്‍” നടപടി നടന്നു എന്നാണ് പരാതിയിലുള്ളത്. കേസില്‍ അതേ വിധി അതേ മജിസ്‌ട്രേറ്റ് തന്നെ റിവോക്കിഡ് ചെയ്തതായും പരാതിയില്‍ പറയുന്നു.

കൊണ്ടോട്ടി സ്വദേശി അഡ്വ. അബ്ദുള്‍ ഷഫീക്കിക്കാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. പരപ്പനങ്ങാടി കോടതിയിലെ സി.സി 443/2017 കേസിലാണ് തിരിമറി നടന്നതായി ആരോപണം. കേസില്‍ പ്രതിയുടെ ആളുകള്‍ തങ്ങള്‍ക്ക് പണം മുടക്കി കേസില്ലാതാക്കാന്‍ അറിയാമെന്നും കേസ് ഇല്ലാതാക്കുമെന്നും പറഞ്ഞതായും ആരോപണമുണ്ട്.

2017 ഒക്ടോബര്‍ 30ന് ഫസ്റ്റ് ഹിയറിംഗ് നിശ്ചയിച്ച കേസ് 31ലേക്ക് മാറ്റിയതായും പിന്നീട് പ്രതിയെ അക്വിറ്റ് ചെയ്തതായും കണ്ടെന്ന് പരാതിക്കാരന്‍ പറയുന്നു. എന്നാല്‍ 30,31, 1 തീയതികളില്‍ കേസുകള്‍ ഒന്നും വിളിച്ചില്ലെന്നും നോട്ടിഫൈ ചെയ്ത് ഡേറ്റ് മാറ്റുക മാത്രമാണ് ചെയ്തതെന്നും ഷഫീക് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.


ഇതേ തുടര്‍ന്ന് കോടതിയിലെ ഡയറി പരിശോധിക്കാന്‍ ചെന്ന ഷഫീക്കിനോട് ക്ലര്‍ക്കുമാര്‍ തട്ടിക്കയറുകയും ഡയറി കാണാനില്ലെന്ന് പറയുകയും ചെയ്തതായി ഷഫീക് ഡൂള്‍ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഡയറി കിട്ടിയേ തീരു എന്ന് ഷഫീക് തീര്‍ച്ച പറഞ്ഞതോടെ ക്ലര്‍ക്കിന്റെ മേശയില്‍ ഒളിപ്പിച്ച് വച്ച നിലയിലുള്ള ഡയറി എടുത്ത് തിരുത്തിയ ശേഷം നല്‍കി എന്നുമാണ് ഷഫീക് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ഡയറിയില്‍ പുതിയ ഡേറ്റായ 9.5.2018 ഇട്ടതിനെ പറ്റി ചോദിച്ചപ്പഴും ക്ലര്‍ക്കുമാര്‍ മോശമായാണ് പ്രതികരിച്ചത്. ദിവസങ്ങള്‍ക്ക് ശേഷവും പക്ഷേ ഇ-കോര്‍ട്ടില്‍ മാറ്റം കാണാത്തതിനാല്‍ വീണ്ടും കോടതിയിലെത്തി അന്വേഷിച്ചപ്പോള്‍ റിവോക്കിഡ് എന്ന് മാറ്റിയതായി കാണിച്ചെന്നും ഷഫീക് പറഞ്ഞു.

കേസ് വിളിക്കാതെ, ചാര്‍ജ് ഫ്രെയിം ചെയ്യാതെ മജിസ്‌ട്രേറ്റ് അറിയാതെ എങ്ങനെ മജിസ്‌ട്രേറ്റിന്റെ 248(1) സി.ആര്‍.പി.സി പ്രകാരം പ്രതിയെ അക്വിറ്റ് ചെയ്തു എന്നും അങ്ങനെ ഉണ്ടായെങ്കില്‍ ഒരേ കോടതിയില്‍ ഒരേ മജിസ്‌ട്രേറ്റ് തന്നെ സ്വയം വിധിച്ച വിധി എങ്ങനെ അതേ കോടതിയില്‍ അതേ മജിസ്‌ട്രേറ്റ് തന്നെ റിവോക്കിഡ് ചെയ്യുക എന്നും ഷഫീഖ് പരാതിയില്‍ ചോദിക്കുന്നു.

കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുമ്പാകെ അബ്ദുല്‍ ഷഫീഖ് സമര്‍പ്പിച്ച പരാതി.

സര്‍,
മലപ്പുറം ജില്ലയിലെ യൂണിവേഴ്‌സിറ്റി പൊലീസ് പരാതി ക്രൈം നമ്പര്‍ 119/199 പ്രകാരം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി കോടതിയില്‍ (ജെ.എഫ്.സി.എം പരപ്പനങ്ങാടി കോടതി-1 ല്‍) സി.സി – 443/2017 നമ്പറായിട്ടുള്ള കേസ്. ഞാന്‍ ഇതില്‍ ഡിഫാക്ടോ കംപ്ലൈനിന്റെ സഹോദരനാണ്. കേസിലെ പ്രതിയുടെ ആളുകള്‍ എന്നോട് നിങ്ങളുടെ കോടതിയില്‍ ആയിരങ്ങള്‍ ചിലവാക്കിയാല്‍ കേസില്ലാതാക്കാന്‍ ഞങ്ങള്‍ക്കറിയാം, നിങ്ങളുടെ കേസ് ഞങ്ങള്‍ ഇല്ലാതാക്കി എന്ന് വെല്ലുവിളിക്കുകയും തുടര്‍ന്ന് ഞാന്‍ അന്വേഷിച്ചതില്‍ നിന്ന് കണ്ടെത്തിയിട്ടുള്ള കാര്യങ്ങളാണ് ഈ പരാതിയിലുള്ളത്.

സി.സി-443/2017 നമ്പറായിട്ടുള്ള കേസിന്റെ ഫസ്റ്റ് ഹിയറിംഗ് ഡേറ്റ് 30 ഒക്ടോബര്‍ 2017 തിയ്യതി സമന്‍സ് പ്രതിക്ക് ഇഷ്യൂ ചെയ്തിട്ടുള്ളതുമാണ്. വകുപ്പ് 448, 341, 323. 324 ഐ.പി.സി പ്രകാരം. എന്നാല്‍ നവംബര്‍ മാസം ഇ-കോര്‍ട്‌സ് പരിശോധിച്ചതില്‍ 30 ഒക്‌ടോബര്‍ 2017 ലെ കേസ് 31 ഒക്ടോബര്‍ 2017 ലേക്ക് മാറ്റിയതായും 31 ഒക്ടോബര്‍ 2017ല്‍ പ്രതിയെ അക്വിറ്റ് ചെയ്ത് കേസ് ഡിസ്‌പോസിഡ് 0ചെയ്തതായും (248(1) സി.ആര്‍.പി.സി പ്രകാരം) കണ്ടു.

ഒക്ടോബര്‍ 30 ലെ ബിസിനസ് നോക്കിയപ്പോള്‍ ഫോര്‍ ഹിയറിംഗ് 31 ഒക്ടോബര്‍ 2017 എന്നും കണ്ടു. 31 ഒക്ടോബറിലെ ബിസിനസ് നോക്കിയപ്പോള്‍ (248(1)സി.ആര്‍.പി.സി) 2017 ഒക്ടോബര്‍ 30, 31 ഈ രണ്ട് ദിവസവും കേസ് വിളിച്ചിട്ടില്ലാത്തതും കേസുകള്‍ നോട്ടിഫൈ ചെയ്ത് ഡേറ്റ് മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളത്. തുടര്‍ന്ന് കേസ് നിജസ്ഥിതി അറിയാന്‍ ഞാന്‍ കോടതിയിലെ കേസ് ഡയറി പരിശോധിക്കാന്‍ ചെന്നപ്പോള്‍ കോടതിയിലെ ക്ലാര്‍ക്കുമാര്‍ എന്നോട് തട്ടിക്കയറുകയും ഡയറി കാണാനില്ലെന്ന് പറയുകയും ചെയ്തു.

ഡയറി കിട്ടാതെ പോവില്ലെന്നും പൊതുജനത്തിന് കിട്ടേണ്ട അവകാശം കിട്ടിയിട്ടേ പോവൂ എന്നും പറഞ്ഞതില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് ക്ലാര്‍ക്കിന്റെ മേശയുടെ അടിയിലെ നിലത്ത് ഒളിപ്പിച്ച് വെച്ച നിലയിലുള്ള ഡയറി എനിക്ക് തരുന്നതിന് മുന്‍പ് വെട്ടിത്തിരുത്തി. ഇത് ചോദിച്ചപ്പോള്‍ ഇവിടെ ഇങ്ങനെയാണ് ഞങ്ങള്‍ തീരുമാനിച്ചോളാം എന്ന് പറയുകയും ചെയ്തു. ഡയറിയില്‍ പുതിയ ഡേറ്റ് ആയി 09.05.2018 ഇടുകയും ചെയ്തു.

ഇതിന് ശേഷം കുറച്ച് ദിവസം കഴിഞ്ഞ് ഇ-കോര്‍ട്ടില്‍ മാറ്റം കാണാഞ്ഞപ്പോള്‍ വീണ്ടും കോടതിയിലെത്തി ചോദിച്ചപ്പോള്‍ റിവോക്കിഡ് എന്ന് മാറ്റിയതായി കാണിച്ച് തന്നു. പ്രതി കോടതിയിലെ സ്റ്റാഫിനെ സ്വാധീനിച്ചാണ് ഈ നിയമ ലംഘനം നടത്തിയിട്ടുള്ളത്. കേസ് വിളിക്കാതെ കോടതിയിലെ സ്റ്റാഫ് സ്വയം പ്രസീഡിംഗ്‌സ് ഉണ്ടാക്കി പ്രതിയെ അക്വിറ്റ് ചെയ്തു. അതും മജിസ്‌ട്രേറ്റിന്റെ 248(1) സി.ആര്‍.പി.സി അധികാരം ഉപയോഗിച്ച്. ചാര്‍ജ് ഫ്രെയിം ചെയ്ത ശേഷം വിടുന്ന രീതി ഇവിടെ പതിവാണെന്ന് എന്റെ അന്വേഷണത്തില്‍ മനസിലായി. ഇവിടെ നിലവിലുള്ള ക്രിമിനല്‍ കേസുകള്‍ പ്രോസിക്യൂഷന്‍ നടത്തുന്ന കേസുകള്‍ ആയതിനാല്‍ സാധാരണക്കാരായ ഡിഫാക്ടോ കംപ്ലൈന്റ്‌സിന് കേസിന് എന്ത് സംഭവിക്കുന്നു എന്ന് അറിയാനാവുന്നില്ല. സാധാരണക്കാരുടെ ഈ അജ്ഞത മുതലെടുത്താണ് ഇത്തരം ആളുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്. മജിസ്‌ട്രേറ്റ് അറിയാതെയാണ് ഇത്തരം കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നത്. മജിസ്‌ട്രേറ്റിന്റെ പേരില്‍ കള്ളത്തരം പ്രവര്‍ത്തിച്ച് നിയമ സംവിധാനത്തില്‍ നിയമ ലംഘനം നടത്തി പ്രതിയില്‍ നിന്നും പണം വാങ്ങിയ കോടതി സ്റ്റാഫിനെതിരെ നടപടിയെടുത്ത് ഈ രാജ്യത്തിന്റെ നിയമ വ്യവസ്ഥ രക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ആയതിന് വേണ്ട നടപടിക്കപേക്ഷ.

ഇതില്‍ നിന്ന് വ്യക്തമാവുന്ന കാര്യങ്ങള്‍.
1. കേസ് വിളിക്കാതെ, ചാര്‍ജ് ഫ്രെയിം ചെയ്യാതെ മജിസ്‌ട്രേറ്റ് അറിയാതെ എങ്ങനെ മജിസ്‌ട്രേറ്റിന്റെ 248(1) സി.ആര്‍.പി.സി പ്രകാരം പ്രതിയെ അക്വിറ്റ് ചെയ്തു.
2. അങ്ങനെ ഉണ്ടായെങ്കില്‍ ഒരേ കോടതിയില്‍ ഒരേ മജിസ്‌ട്രേറ്റ് തന്നെ സ്വയം വിധിച്ച വിധി എങ്ങനെ അതേ കോടതിയില്‍ അതേ മജിസ്‌ട്രേറ്റ് തന്നെ റിവോക്കിഡ് ചെയ്യുക.

ജദീര്‍ നന്തി

We use cookies to give you the best possible experience. Learn more