ദണ്ഡിയാത്രയുടെ പിറ്റേന്ന് ഇന്നത്തെ ചാനലുകളുണ്ടായിരുന്നെങ്കില്‍ ഗാന്ധി അനാവശ്യമായി ഉപ്പ് കുറുക്കി, ജനം വലഞ്ഞു എന്ന തലക്കെട്ടില്‍ ബി.ജി.എം കേള്‍ക്കാമായിരുന്നു: ഹരീഷ് വാസുദേവന്‍
Kerala News
ദണ്ഡിയാത്രയുടെ പിറ്റേന്ന് ഇന്നത്തെ ചാനലുകളുണ്ടായിരുന്നെങ്കില്‍ ഗാന്ധി അനാവശ്യമായി ഉപ്പ് കുറുക്കി, ജനം വലഞ്ഞു എന്ന തലക്കെട്ടില്‍ ബി.ജി.എം കേള്‍ക്കാമായിരുന്നു: ഹരീഷ് വാസുദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th March 2022, 6:23 pm

കൊച്ചി: ദേശിയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ വരുന്ന അരാഷ്ട്രീയ പ്രതികരണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍. ദണ്ഡിയാത്രയുടെ പിറ്റേന്ന് ഇന്നത്തെ ചില ചാനലുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഗാന്ധി അനാവശ്യമായി ഉപ്പ് കുറുക്കി, ജനം വലഞ്ഞു എന്ന തലക്കെട്ടില്‍ ബി.ജി.എം കേള്‍ക്കാമായിരുന്നു എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

‘മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ സമരം ചെയ്യാന്‍, കേരളത്തില്‍ സമരം ചെയ്യുന്നത് എന്തിന്, ദല്‍ഹിയില്‍ പോയി സമരം ചെയ്യണ്ടേ എന്നു ജി. വിജയരാഘവന്‍ ഒരു ചര്‍ച്ചയില്‍ ചോദിക്കുന്നത് കേട്ടു. ആ കുയുക്തി പലരും പങ്കുവെച്ചു കണ്ടു.

ഇവര്‍ 1947നു മുന്‍പ് ജീവിച്ചിരുന്നെങ്കില്‍, ഗാന്ധിജിയും നെഹ്‌റുവും ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് ഓടിക്കാന്‍ ലണ്ടനില്‍ പോയി വേണ്ടേ സമരം ചെയ്യാന്‍, ഇന്ത്യയില്‍ ഹര്‍ത്താല്‍ നടത്തിയിട്ട് പാവം ഇന്ത്യക്കാരെ വലച്ചിട്ട് എന്ത് കാര്യമെന്ന് ചോദിച്ചേനെ ഇല്ലേ?,’ ഹരീഷ് വാസുദേവന്‍ എഴുതി.

സമരരീതികള്‍ മാറണം എന്ന ചര്‍ച്ച നടക്കട്ടെ, ഞങ്ങള്‍ സമരം ചെയ്യില്ല എന്നു പറയുന്നവര്‍ ഈ സമരം മുന്നോട്ട് വെച്ച 12 മുദ്രാവാക്യങ്ങള്‍ നേടാന്‍ പിന്നെന്ത് മാര്‍ഗമാണ് നിങ്ങള്‍ ഇപ്പോള്‍ അവലംബിക്കുന്നത് എന്നുകൂടി പറയണം. അതോ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുക എന്നത് കര്‍ഷകരുടെയും തൊഴിലാളികളുടെയും മാത്രം ആവശ്യമാണോ?? നിങ്ങളുടെ ആവശ്യം അല്ലേയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് സി.പി.ഐ.എം മാത്രം നടത്തുന്ന സമരമാണെന്ന സാമൂഹ്യ മാധ്യമങ്ങളിലെ നരേഷനെതിരെ മാധ്യമപ്രവര്‍ത്തകന്‍ നിഷാദ് റാവുത്തറും രംഗത്തെത്തിയിരുന്നു.

‘ഈ സമരം സി.പി.ഐ.എം ഒറ്റക്ക് നടത്തുന്നതല്ല എന്നാണ് എനിക്ക് തോന്നുന്നത്,’ എന്നാണ് നിഷാദ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ‘മല്ലു തിങ്ങ്സ്’ എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദേശീയ പണിമുടക്കിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്ത്, ‘ജനങ്ങളെ വലക്കുന്ന സമരം’ എന്ന രീതിയില്‍ മാധ്യങ്ങളും സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളും പ്രചരണം നടത്തുന്ന പശ്ചാത്തലാണ് നിഷാദ് റാവുത്തറിന്റെ പ്രതികരണം.

രാഷ്ട്രീയ നിരീക്ഷകനെന്ന ലേബലില്‍ ചാനല്‍ ചര്‍ച്ചയില്‍ പ്രത്യക്ഷപ്പെടാറുള്ള സംഘപരിവാര്‍ അനുകൂലിയായ ശ്രീജിത്ത് പണിക്കര്‍ അടക്കമുള്ളവരും ദേശീയ പണിമുടക്ക് ഇടതുപക്ഷത്തിന്റെ മാത്രം സമരമാണെന്ന നിലയില്‍ ആക്ഷേപ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.