കൊച്ചി: നടിയെ ആക്രമിച്ച കേസ് നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ നിലനിന്നാല്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്ന് അഡ്വ. ആശ ഉണ്ണിത്താന്‍. ഐ.പി.സി പ്രകാരം മറ്റൊരു കുറ്റകൃത്യം കൂടെ വിളിച്ചുവരുത്തുന്നതിലേക്കാണ് കേസ് നയിക്കുന്നതെന്നും ആശ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു ആശയുടെ പ്രതികരണം.
ഈ സിസ്റ്റത്തെ തന്നെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ സിസ്റ്റം അത്രമേല്‍ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. വെല്ലുവിളിക്കുന്നത് പ്രതികളാണെന്നും ആശ വ്യക്തമാക്കുന്നു.
‘കോടതിയില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ ഒരു സ്ത്രീയുടെ സ്വകാര്യതയാണ്. തനിക്ക് എതിരെ നടന്ന പീഡനമാണ്. അതാണ് ഇവിടെ കൈമാറപ്പെട്ടത്, അല്ലെങ്കില്‍ വീണ്ടും വീണ്ടും കൈമാറപ്പെട്ടത്. അല്ലെങ്കില്‍ ഹാഷ് വാല്യൂ മാറുന്ന രീതിയിലുള്ള കാര്യങ്ങള്‍ ഉണ്ടായിട്ടുള്ളത്. അത് രണ്ടുമൂന്ന് ആളുകളിലേക്ക് മാറിയെന്നതും, അങ്ങനെ മാറാന്‍ ഉണ്ടായ സാഹചര്യവും കേവലം തെളിവില്‍ കൃതൃമത്വം കാട്ടുന്ന കുറ്റകൃത്യം മാത്രമല്ല, ഐ.പി.സി പ്രകാരം മറ്റൊരു കുറ്റകൃത്യം കൂടെ വിളിച്ചുവരുത്തുന്നതിലേക്കാണ് നയിക്കുന്നത്.
ഇതൊക്കെ നിസ്സാരവത്കരിച്ച് കിടക്കുമ്പോള്‍ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്തുചെയ്യുമെന്ന പോലെയാണ് കോടതി തന്നെ പ്രധാനപ്പെട്ട രേഖകള്‍ ഇങ്ങനെപോയ്കൊണ്ടിരിക്കുകയാണെങ്കില്‍ എങ്ങനെ നാളെ ഒരു വ്യക്തി തനിക്കെതിരെയുള്ള അതിക്രമത്തെക്കുറിച്ചുള്ള ഒരു രേഖ ഒരു വക്കീലിനേയോ, പൊലീസിനേയോ, കോടതിയേയോ എല്‍പ്പിക്കും. ഈ സിസ്റ്റത്തെ തന്നെ വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ സിസ്റ്റം അത്രമേല്‍ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു, വെല്ലുവിളിക്കുന്നത് പ്രതികളാണ്.
പ്രതികള്‍ക്ക് ഒപ്പം നില്‍ക്കുന്നത് ആര് എന്ന് സംശയിക്കുന്ന രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെപ്പോലും മാറ്റിക്കൊണ്ട്, അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ഭയാശങ്ക നമ്മുടെയൊക്കെ മനസ്സില്‍ വിതറിക്കൊണ്ട് സര്‍ക്കാര്‍ മുന്നോട്ട് പോയിരിക്കുന്നു. അത് ന്യായീകരിച്ച് പറയാന്‍ വരുന്ന ആളുകളുടെ വാക്കുകള്‍ പോലും തെറ്റിപ്പോകുന്നു.
അവര്‍ പോലും നിയമത്തെ വെല്ലുവിളിച്ച് സംസാരിക്കുന്നു. സമാനതകളില്ലാത്ത അതിക്രമത്തെ സമാനതകളില്ലാത്ത രീതിയില്‍ അട്ടിമറിക്കുന്നതിലേക്ക് പോയിരിക്കുന്നു. ഈ കേസ് ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിലനിന്നാല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് പോവുക.
ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകളും കൂടിയാണ് വിചാരണക്കോടതിയില്‍ ഇരിക്കുന്ന പ്രിസൈഡിംഗ് ഓഫീസര്‍ എന്നതാണ് അത്ഭുതപ്പെടുത്തുന്ന സംഗതി. ഒന്ന് ആലോചിച്ചു നോക്കൂ, ഈ സര്‍ക്കാരിനെ ഇത്രയധികം മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന സാഹചര്യം നിസാരമല്ല.
കുഞ്ഞാലിക്കുട്ടിയുടെ കേസ് നമ്മള്‍ കണ്ടതാണ്. കെട്ടിടങ്ങള്‍ ഇല്ലാതാക്കുന്നു, മനുഷ്യരെ ഇല്ലാതാക്കുന്നു, തെളിവുകള്‍ ഇല്ലാതാക്കുന്നു എന്ന രീതിയിലേക്ക് പോകുന്ന കാര്യങ്ങള്‍. ഇത്തരം കേസുകള്‍, സൂര്യനെല്ലി കേസ്, വിതുര കേസ്, പ്രമുഖരൊക്കെ രക്ഷപ്പെട്ട് പോകുന്ന കേസുകള്‍. വലിയ കോടതികള്‍ ഇത്തരം സ്ത്രീപീഡന കേസുകള്‍ വരുമ്പോള്‍, മരങ്ങള്‍ വേരുകളാല്‍ കൈകോര്‍ക്കപ്പെടുന്നു എന്ന വീരാന്‍കുട്ടിയുടെ മനോഹരമായ കവിത ഉപയോഗിക്കേണ്ട എറ്റവും ഗതികെട്ട അവസ്ഥയിലാണ് നമ്മള്‍ എത്തി നില്‍ക്കുന്നത്,’ ആശ ഉണ്ണിത്താന്‍ പറഞ്ഞു.
Content Highlights: Advocate Aasha Unnithan reacts in actress attack case