ചന്ദ്രയാന്‍ 2വിന്റെ ഉപദേശകന്‍ ദേശീയ പൗരത്വ പട്ടികക്ക് പുറത്ത്; 'എന്റെ കുടുംബം 20 വര്‍ഷമായി അസമില്‍ താമസിക്കുന്നു'
Assam NRC
ചന്ദ്രയാന്‍ 2വിന്റെ ഉപദേശകന്‍ ദേശീയ പൗരത്വ പട്ടികക്ക് പുറത്ത്; 'എന്റെ കുടുംബം 20 വര്‍ഷമായി അസമില്‍ താമസിക്കുന്നു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th September 2019, 8:04 pm

ന്യൂദല്‍ഹി: അസമിലെ പ്രമുഖ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍ 2 മിഷന്റെ ഉപദേശകനുമായ ഡോ. ജിതേന്ദ്ര നാഥ് ഗോസ്വാമി അന്തിമ ദേശീയ പൗരത്വപട്ടികയില്‍ നിന്നും പുറത്ത്. ആഗസ്റ്റ് 31 ന് പുറത്ത് വിട്ട പട്ടികയില്‍ അദ്ദേഹത്തിന്റെ കുടുംബവും ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ 20 വര്‍ഷമായി ജിതേന്ദ്ര നാഥും കുടുംബവും അഹമ്മദാബാദിലാണ് താമസിക്കുന്നത്.

‘എന്‍.ആര്‍.സിയില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഒരുപക്ഷെ ഞങ്ങള്‍ പരാജയപ്പെട്ടിരുന്നിരിക്കാം. പക്ഷെ എന്റെ കുടുംബം 20 വര്‍ഷമായി അവിടെ താമസിക്കുന്നുണ്ട്. ജോര്‍ഹത്തില്‍ ഞങ്ങള്‍ക്ക് ഭൂമിയുണ്ട്’, ജിതേന്ദ്ര നാഥ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭാവിയില്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, ഭൂമിയുടെ രേഖകള്‍ കാണിച്ച് ഞങ്ങള്‍ എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അസം നിയമസഭാ സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമിയുടെ സഹോദരന്‍ കൂടിയാണ് ഇദ്ദേഹം. ഇക്കാര്യത്തില്‍ ഇനി എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് സഹോദരനുമായി സംസാരിക്കുമെന്നും ജിതേന്ദ്രനാഥ് പറഞ്ഞു.

‘ഞങ്ങള്‍ അഹമ്മദാബാദിലാണ് താമസിക്കുന്നത്. അഹമ്മദാബാദിലാണ് വോട്ടവകാശം. അസമിലേക്ക് മടങ്ങാന്‍ എനിക്ക് പദ്ധതികളില്ല.എന്നാല്‍പോവുകയാണെങ്കില്‍ ഇത് എത്രയധികം തന്നെ ബാധിക്കുമെന്ന് അറിയില്ലെന്നും’ ജിതേന്ദ്രനാഥ് വ്യക്തമാക്കി.

അസമില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അസം പൗരത്വബില്ലിന്റെ അന്തിമപട്ടിക പുറത്തിറക്കിയപ്പോള്‍ 3.1 ലക്ഷം ജനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുകയും 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. പട്ടികയിലുള്‍പ്പെടാത്ത പലരും ഇനിയെന്ത് എന്ന ആശങ്കയിലാണ്.
1951 നു ശേഷം ഇത് രണ്ടാംതവണയാണ് ഇത്തരത്തില്‍ അനധികൃതകുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കുന്നത്.

ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്.
അസമില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍. ഒരു വര്‍ഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അന്തിമ പൗരത്വ രജിസ്റ്റര്‍ പുറത്തുവന്ന ശേഷവും പട്ടികയില്‍ പേര് വരാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.