ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയും ആര്‍.എല്‍.എസ്.പി തലവനുമായ ഉപേന്ദ്രകുശ്വാഹ എന്‍.ഡി.എ വിടും. 2019 ലെ നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തര്‍ക്കത്തിന് പിന്നാലെയാണ് മുന്നണി വിടാനുള്ള തീരുമാനം. പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് അറിയുന്നത്.
ഉപേന്ദ്രകൂടി പാര്‍ട്ടി വിടുന്നതോടെ നാല് മാസത്തിനിടെ എന്‍.ഡി.എ വിടുന്ന രണ്ടാമത്തെ സഖ്യകക്ഷിയാകും ആര്‍.എല്‍.എസ്.പി. നേരത്തെ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും എന്‍.ഡി.എ വിട്ടിരുന്നു.
കേന്ദ്ര മാനവവിഭവ വകുപ്പ് സഹമന്ത്രിയും ആര്‍.എല്‍.എസ്.പി തലവനുമായ ഉപേന്ദ്ര കുശ്വാഹ നവംബര്‍ 30 നകം സീറ്റിന്റെ കാര്യത്തില്‍ ധാരണവരുത്തണമെന്ന് ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നവംബര്‍ 30 നകം തീരുമാനം പറഞ്ഞില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും ബി.ജെ.പിക്ക് തന്നെ പുറത്താക്കാമെന്നും ഉപേന്ദ്ര കുശ്‌വാഹ ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചമ്പാരന്‍ ജില്ലയിലെ വാല്‍മീകി നഗറില്‍ രണ്ട് ദിവസത്തെ ബ്രെയ്ന്‍സ്റ്റോമിങ് സെഷന്‍ പാര്‍ട്ടി നടത്തിയിട്ടുണ്ടെന്നും ഡിസംബര്‍ അഞ്ചിന് വലിയൊരു പ്രഖ്യാപനം നടത്തുമെന്നും ഉപേന്ദ്ര പറഞ്ഞിരുന്നു.
ലോക്‌സഭാ സീറ്റ് വിതരണവുമായി സംബന്ധിച്ച വിഷയങ്ങള്‍ ജെ.ഡി.യു ബി.ജെ.പി കക്ഷികളുമായി ദീര്‍ഘനാളായി തര്‍ക്കത്തിലാണ് ഉപേന്ദ്ര കുശ്‌വാഹ. മുന്നണിയില്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വരുന്ന അവഗണന ഇനിയും തുടരാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുന്നണിയിലുണ്ടാകുന്ന ഭിന്നത എന്‍.ഡി.എയ്ക്ക് കനത്ത തിരിച്ചടിയാണ്.