2013 നും 2016 നും ഇടയില്‍ മാത്രമായി 500 ല്‍ അധികം പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കൗണ്‍സില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പതഞ്ജലി ആയുര്‍വേദിന്റെ 33 പരസ്യങ്ങള്‍ക്കെതിരെയാണ് കൗണ്‍സിലില്‍ പരാതി ലഭിച്ചത്.
ന്യൂദല്‍ഹി: യോഗ ഗുരു ബാബാ രാംദേവിനും പതഞ്ജലി ഗ്രൂപ്പിനും കനത്ത തിരിച്ചടി. പതഞ്ജലി ആയുര്‍വേദിന്റെ പരസ്യങ്ങള്‍ക്കെതിരെ അഡ്വറ്റൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയതാണ് തിരിച്ചടിയായത്. പരസ്യങ്ങളെ നിരീക്ഷിക്കാനുള്ള സമിതിയാണ് എ.എസ്.സി.ഐ. പതഞ്ജലി ആയുര്‍വേദിന്റെ ഉത്പന്നങ്ങളുടെ പരസ്യങ്ങില്‍ മിക്കതും വ്യാജമാണെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്.
പലതരത്തിലൂടെയും നിരവധി പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ മിക്ക പരസ്യങ്ങളും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആകാം. ഇത്തരത്തില്‍ പരസ്യങ്ങള്‍ക്കെതിരെ നിരവധി കേസുകളാണ് അസ്വര്‍റ്റൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിഗണനയില്‍ ഉള്ളത്. 2013 നും 2016 നും ഇടയില്‍ മാത്രമായി 500 ല്‍ അധികം പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കൗണ്‍സില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പതഞ്ജലി ആയുര്‍വേദിന്റെ 33 പരസ്യങ്ങള്‍ക്കെതിരെയാണ് കൗണ്‍സിലില്‍ പരാതി ലഭിച്ചത്.
പതഞ്ജലിയുടെ 33 പരസ്യങ്ങളില്‍ 25 എണ്ണവും വ്യാജമാണെന്നാണ് എ.എസ്.സി.ഐ പറയുന്നത്. പരസ്യങ്ങളില്‍ പറയുന്ന പല അവകാശ വാദങ്ങളും വ്യാജമാണെന്നും പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. 2015 ഏപ്രില്‍ മുതല്‍ 2016 ജൂലൈ വരെ പതഞ്ജലി ആയൂര്‍വേദ ഉത്പന്നങ്ങള്‍ക്കെതിരെ ലഭിച്ച പരാതികളില്‍ പലതും ശരിയാണെന്നും സമിതി റിപ്പോര്‍ട്ട് പറയുന്നു.
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 1986 ന്റെ സെക്ഷന്‍ 2 (1) (ആര്‍) പ്രകാരമാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ പുറത്തിറക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടികളെടുക്കുന്നത്. പരസ്യത്തില്‍ പറയുന്ന ഗുണനിലവാരം, അളവ്, കൂട്ട്, വില, തുടങ്ങിയവ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ ഈ വകുപ്പ് പ്രകാരം കൗണ്‍സിലില്‍ പരാതി നല്‍കുകയും അന്വേഷണം നടത്തുകയുമാണ് രീതി. ഇത്തരത്തില്‍ പതഞ്ജലിയുടെ 33 പരസ്യങ്ങള്‍ക്കെതിരെ പരാതി ലഭിച്ചതായാണ് ഗവണ്‍മെന്റ് രേഖകള്‍ വ്യക്തമാക്കുന്നത്. ടെലിവിഷന്‍, പ്രിന്റ്, പ്രൊഡക്ട് പാക്കേജിംഗ് തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നാണ് പതഞ്ജലിക്കെതിരെ ലഭിച്ച പരാതി.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍, പാനീയങ്ങള്‍, ആരോഗ്യസംരക്ഷണ ഉത്പന്നങ്ങള്‍ തുടങ്ങിയ പതഞ്ജലി ആയുര്‍വേദിന്റെ ഉത്പന്നങ്ങള്‍ക്കെതിരെയാണ് പരാതി ലഭിച്ചത്. കമ്പനിയുടെ പതഞ്ജലി ദന്ത് കാന്തി എന്ന ഉത്പന്നത്തിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്നും പരാതിയില്‍ പറയുന്നു.
കൂടാതെ, പതഞ്ജലിയുടെ 17 പരസ്യങ്ങളും പരസ്യ ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ-പാനീയ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആരോപണമുണ്ട്. നേരത്തെ, പതഞ്ജലിയുടെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിദ്വാര്‍ കോടതി പതഞ്ജലിയ്ക്ക് 11 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. പതഞ്ജലിയെ കൂടാതെ മറ്റ് പല കമ്പനികളുടേയും ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കെതിരേയും എ.എസ്.സി.ഐ നിരീക്ഷണം നടത്തിയിട്ടുണ്ട്.