മോദിയും അമിത്ഷായും ആന്ധ്രയിലേക്ക് വന്നാല്‍ കടുത്ത പ്രതിഷേധം നേരിടേണ്ടി വരും; തമിഴ്‌നാട്ടില്‍ കണ്ടത് രാജ്യത്തിന്റെ വികാരം: ചന്ദ്രബാബു നായിഡു
national news
മോദിയും അമിത്ഷായും ആന്ധ്രയിലേക്ക് വന്നാല്‍ കടുത്ത പ്രതിഷേധം നേരിടേണ്ടി വരും; തമിഴ്‌നാട്ടില്‍ കണ്ടത് രാജ്യത്തിന്റെ വികാരം: ചന്ദ്രബാബു നായിഡു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th January 2019, 10:33 pm

ഹൈദരാബാദ്: പ്രധാനമന്ത്രിക്കെതിരെ തമിഴ് ജനത പ്രകടിപ്പിച്ച പ്രതിഷേധം രാജ്യത്തിന്റെ വികാരമാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനെതിരെ “ഗോ ബാക്ക് മോദി” ക്യാംപെയിന്‍ സംഘടിപ്പിച്ചായിരുന്നു തമിഴ് ജനത അവരുടെ പ്രതിഷേധം പ്രകടിപ്പിച്ചത്.

“മധുരയില്‍ ബി.ജെ.പിയ്ക്കും മോദിയ്ക്കും എതിരെ ഉയര്‍ന്ന പ്രതിഷേധം രാജ്യത്തിന്റെ വികാരത്തെയാണ് പ്രകടിപ്പിക്കുന്നത്. തമിഴ്‌നാടിനെ അപേക്ഷിച്ച് കേന്ദ്രം ആന്ധ്രയോട് കാണിച്ചത് കടുത്ത അനീതിയാണ്.


മോദിയും അമിത്ഷായും ആന്ധ്രയിലേക്ക് വന്നാല്‍ അവര്‍ക്ക് നേരിടേണ്ടി വരുന്നത് കടുത്ത പ്രതിഷേധമായിരിക്കും. ബി.ജെ.പിയെ ഇല്ലാതാക്കാന്‍ നമ്മള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണം”- ചന്ദ്രബാബു നായിഡു പറയുന്നു.

മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്യാംപെയിന് പുറമെ കറുത്ത ബലൂണുകളുമായാണ് തമിഴ്‌നാട്ടുകാര്‍ മോദിക്കെതിരെ പ്രതിഷേധവുമായെത്തിയത്.

ഞങ്ങള്‍ ഹിന്ദുക്കളല്ല, തമിഴരാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. ഗജ ചുഴലിക്കാറ്റില്‍ ദുരിതം നേരിട്ട ജനങ്ങളെ മോദി അവഗണിച്ചെന്നും പ്രതിഷേധക്കാര്‍ ആരോപണം ഉയര്‍ത്തിയിരുന്നു.


തമിഴ് ജനതയെ വഞ്ചിക്കുകയാണ് മോദി ചെയ്തത് എന്ന് എം.ഡി.എം.കെ നേതാവ് വൈക്കോ കുറ്റപ്പെടുത്തിയിരുന്നു. എം.ഡി.എം.കെയുടെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വൈക്കോ സ്വന്തം പ്രശസ്തിക്ക് വേണ്ടിയാണ് പ്രതിഷേധം നടത്തിയതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധത്തിന് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിക്കാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ പ്രതികരണം.