കൊവിഡ് കാലത്ത് പരസ്യവിപണിയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് കടന്നു വന്നത്. പ്രതിരോധ ശേഷി, സുരക്ഷ, ശുചിത്വം തുടങ്ങിയ സമവാക്യങ്ങളിലൂന്നിയാണ് ഭൂരിഭാഗം കമ്പനികളും തങ്ങളുടെ വിപണിതന്ത്രങ്ങള്‍ ഇപ്പോള്‍ ആവിഷ്‌കരിക്കുന്നത്. എന്നാല്‍ ഇതിനോടൊപ്പം തന്നെ തികച്ചും അശാസ്ത്രീയമായ വാദങ്ങള്‍ ഉയര്‍ത്തുന്ന പരസ്യങ്ങള്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നത് തെറ്റായ പ്രവണതയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാമെന്ന പേരില്‍ സഹകരണ സ്ഥാപനമായ മില്‍മ പുതിയ പാല്‍ വിപണിയില്‍ ഇറക്കിയതും, കൊയര്‍ക്രാഫ്റ്റ് എന്ന പൊതുമേഖലസ്ഥാപനം ചൂടിപ്പായയില്‍ കാലുരച്ച് കൊവിഡ് വൈറസിനെ കൊല്ലാമെന്ന് അവകാശപ്പെടുന്നതും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു എന്ന പേരില്‍ വയനാട്ടില്‍ നിന്നുള്‍പ്പെടെ കാപ്പി ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നതുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
വന്‍കിട ബഹുരാഷ്ട്ര കമ്പനികളും പതജ്ഞജലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികളും ഇത്തരത്തില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഉത്പന്നങ്ങള്‍ എന്ന ടാഗ് ലൈനിലാണ് ഇപ്പോള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രധാനമായും മാര്‍ക്കറ്റിലെത്തിക്കുന്നത്.
മില്‍മയുടെ പരസ്യം
കൊവിഡ് പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, കറുവപ്പട്ട എന്നിവ കലര്‍ത്തിയ ‘ഗുഡ് ഹെല്‍ത്ത് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ പാല്‍’ വിപണിയില്‍ എത്തിക്കുകയാണ് മില്‍മ ചെയ്തത്. പത്രമാധ്യമങ്ങളിലുള്‍പ്പെടെ മില്‍മ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും പരസ്യങ്ങളും നല്‍കിയിരുന്നു. മില്‍മയുടെ ഇമ്മ്യൂണിറ്റി ഹെല്‍ത്ത് ബൂസ്റ്റര്‍ പാലിന് വിലയും കൂടുതലാണ്. 200 മില്ലിലിറ്റര്‍ കുപ്പിയ്ക്ക് 35 രൂപയാണ് വില.
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാപ്പി
വന്‍കിട തേയില ഉത്പാദന കമ്പനികള്‍ ഉള്‍പ്പെടെ കൊവിഡ് പശ്ചാത്തലത്തില്‍ കാപ്പിയിലൂടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം എന്ന തരത്തില്‍ പരസ്യം നല്‍കുന്നുണ്ട്. കാപ്പിപൊടിയോടൊപ്പം ആയൂര്‍വേദ ഉത്പന്നങ്ങള്‍കൂടി ഉള്‍പ്പെടുന്നത് വഴി പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം എന്നാണ് ഇത്തരം കമ്പനികള്‍ അവകാശപ്പെടുന്നത്.
കൊയര്‍ഫെഡ്
പൊതുമേഖല സ്ഥാപനമായ കൊയര്‍ഫെഡ് അണുവിമുക്ത ശേഷിയുള്ള ചൂടിപ്പായയുടെ പരസ്യമാണ് നല്‍കിയിരിക്കുന്നത്. ഫീറ്റ് സാനിറ്റൈസര്‍, കൊറോണ റെസിസ്റ്റന്‍ഡ് മാറ്റ് എന്നിങ്ങനെയുള്ള ടാഗുകളാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കൊയര്‍ഫെഡിന്റെ പരസ്യം വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയുമായിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ വ്യാപകമായി പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം എന്ന ടാഗ് ലൈനില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറങ്ങുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ നിന്നുള്ളവര്‍ വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതില്‍ പല ഉത്പന്നങ്ങളും വിലകൂട്ടിയാണ് വില്‍ക്കുന്നതും.
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമോ
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നതല്ല, അതുകൊണ്ട് ഇമ്മ്യൂണിറ്റി ബൂസ്റ്റിങ്ങ് എന്ന തരത്തില്‍ ഇപ്പോള്‍ വരുന്ന പരസ്യങ്ങള്‍ എല്ലാം തന്നെ തികച്ചും അശാസ്ത്രീയതയില്‍ ഊന്നിയുള്ളതാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ പ്രൊഫസറും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനുമായ ഡോ. കെ.പി അരവിന്ദന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതല്ല. പ്രതിരോധ ശേഷി കുറയുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകും. ഉദാഹാരണത്തിന് എയിഡ്‌സ് വന്നാല്‍ നമ്മുടെ ശരീരത്തിലെ ഇമ്മ്യൂണ്‍ സിസ്റ്റം പ്രവര്‍ത്തിക്കില്ല. പ്രായക്കൂടുതല്‍ ഉണ്ടാകുമ്പോഴും, ചില രോഗങ്ങള്‍ ഉണ്ടാകുമ്പോഴും, അവയവ ദാനം കഴിഞ്ഞ് മരുന്നുകള്‍ കഴിക്കുമ്പോഴും, ക്യാന്‍സര്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോഴുമെല്ലാം നമ്മുടെ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നതിന് തടസമുണ്ടാക്കും.
അതേസമയം പ്രതിരോധ ശേഷി കുറയുന്ന അവസ്ഥ ഉണ്ട്. അനീമിയ, പോഷകാഹാരക്കുറവ്, പ്രമേഹം, തുടങ്ങിയ രോഗങ്ങള്‍ ഇതിന് കാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ അതിന് ആവശ്യമായ ചികിത്സ തേടേണ്ടതും ഉണ്ട്.
രോഗ പ്രതിരോധശേഷി കൂട്ടുക എന്നത് ഒരര്‍ത്ഥത്തില്‍ പ്രശ്‌നം കൂടിയാണ്. മാത്രവുമല്ല രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്നത് കൃത്യമായി ആര്‍ക്കും അറിയുന്നതുമല്ല’, അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന പേരില്‍ വിപണിയില്‍ ഇറങ്ങുന്ന ഉത്പന്നങ്ങള്‍ക്ക് പിന്നില്‍ ഒരു ശാസ്ത്രീയ അടിത്തറയുമില്ല. പ്രതിരോധശേഷി കൂട്ടുക എന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുക മാത്രമാണ് അവയെല്ലാം ചെയ്യുന്നതെന്നും ഡോ. കെ.പി അരവിന്ദന്‍ അഭിപ്രായപ്പെട്ടു.
ഓണ്‍ലൈന്‍ വിപണിയും സജീവം
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാമെന്ന ടാഗ് ലൈനില്‍ നിരവധി ഉത്പന്നങ്ങളാണ് ഓണ്‍ലൈനിലും വിറ്റഴിയുന്നത്. ഇമ്മ്യൂണിറ്റി കിറ്റ് കോമ്പോ, ഇമ്മ്യണിറ്റി ബൂസ്റ്റിങ്ങ് പ്രൊഡക്റ്റ് തുടങ്ങിയ പേരുകളിലുള്ള ഉത്പന്നങ്ങള്‍ക്ക് ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട്, തുടങ്ങിയവയിലും കൊവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ ഏറെയാണ്.
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാമെന്ന വിഷയത്തില്‍ നിരവധി ലേഖനങ്ങള്‍ ബ്ലോഗുകളിലും, വൈബ്സൈറ്റുകളിലും മുഖ്യധാര മാധ്യമങ്ങളിലും ഉള്‍പ്പെടെ വരുന്നുമുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തരം ലേഖനങ്ങള്‍ കൂടുതല്‍ പേര്‍ വായിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക