| Friday, 5th February 2021, 10:47 am

സി.പി.ഐ.എം നിയന്ത്രണത്തിലുള്ള ചിന്ത വാരികയില്‍ അദാനി ഗ്രൂപ്പിന്റെ പരസ്യം; പ്രതിരോധത്തിലായി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം നിയന്ത്രണത്തിലുള്ള പ്രത്യയശാസ്ത്ര വാരികയായ ചിന്തയില്‍ അദാനി കമ്പനിയുടെ പരസ്യം. ജനുവരി അവസാന ലക്കം ഇറങ്ങിയ വാരികയിലാണ് അദാനി ഗ്രൂപ്പിന്റെ പരസ്യം നല്‍കിയത്.

അദാനിയുമായി നയപരമായി വിരുദ്ധ ചേരിയിലുള്ള ഇടതുപക്ഷത്തിന്റെ വാരികയിലാണ് മുഴുവന്‍ പേജ് പരസ്യം വന്നത് എന്നത് വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. രാജ്യത്തെ കല്‍ക്കരി ഖനനം, തുറമുഖം, ഊര്‍ജ ഉത്പാദനം എന്നീ മേഖലകളില്‍ ഒന്നാം സ്ഥാനക്കാരന്‍ എന്ന് അവകാശപ്പെടുന്ന് പരസ്യമാണ് ചിന്തയില്‍ പ്രസിദ്ധീകരിച്ചത്.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് സി.പി.ഐ.എം കടുത്ത പ്രതിഷേധമാണ് നിലവില്‍ ഉന്നയിച്ചിരിക്കുന്നത്. വിമാനത്താവളം നടത്തിപ്പ് അദാനിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് കേസ് തുടരുന്ന സാഹചര്യന്നുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് ലഭിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത പ്രതിഷേധം അവഗണിച്ചാണ് നടത്തിപ്പ് ചുമതല കേന്ദ്രം അദാനിക്ക് കൈമാറിയത്. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ നിയമപോരാട്ടം തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനിടയിലാണ് ചിന്തയില്‍ അദാനി ഗ്രൂപ്പിന്റെ പണം വാങ്ങിയുള്ള പരസ്യം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Advertisement of Adani group in Chintha weekly of CPIM

We use cookies to give you the best possible experience. Learn more