| Saturday, 9th November 2024, 11:20 am

കർണാടകയിലും മഹാരാഷ്ട്രയിലും പ്രതികൂല കാലാവസ്ഥ; സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. കോഴിക്കോട് ഉള്ളിക്ക് 74 രൂപയാണ് മൊത്തവിപണിയിലെ വില. ചില്ലറ വിപണിയിലാകട്ടെ അത് 80 രൂപക്കടുത്താണ് വില വരുന്നത്.

കഴിഞ്ഞ ശനിയാഴ്ച 51 രൂപയായിരുന്നു സവാളയുടെ വില. ഒരാഴ്ച കൊണ്ടാണ് 80 രൂപയിലേക്ക് എത്തിയത്. കേരളത്തിലേക്ക് സവാള എത്തുന്നത് മഹാരാഷ്ട്രയിലെ നാസിക്, പൂനെ, എന്നിവിടങ്ങളിൽ നിന്നും കർണാടകയിൽ നിന്നുമാണ്. ഈ പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥ കാരണം ഉള്ളി കൃഷിക്ക് നാശം സംഭവിച്ചതോടെയാണ് വില വർധിച്ചത്.

കർണാടകയിലും മഹാരാഷ്ട്രയിലും പ്രതികൂല കാലാവസ്ഥയും കഠിനമായ മഴയും ഇപ്പോഴും ഉള്ളതിനാൽ വരും ദിവസങ്ങളിലും ഉള്ളിക്ക് വില വർധിച്ചേക്കുമെന്നാണ് സൂചന.

ഉത്പാദനം കുറഞ്ഞതും കൃഷി നാശവുമാണ് ഉള്ളി വിലയുടെ വർധനക്ക് കാരണം. ആളുകൾക്ക് ആവശ്യത്തിന് വേണ്ട ഉള്ളി കേരളത്തിലേക്ക് വരുന്നില്ലെന്നും കോഴിക്കോട് പാളയം മാർക്കറ്റിലെ മൊത്ത കച്ചവടക്കാരൻ പറയുന്നു.

ഒപ്പം കഴിഞ്ഞ മാസം ദീപാവലിയോടനുബന്ധിച്ച് കർണാടകയിലെയും മഹാരാഷ്ട്രയിലെയും മാർക്കറ്റുകൾക്ക് അവധിയായിരുന്നു. ഇതും ഉള്ളി വില വർധിക്കാൻ കാരണമായിട്ടുണ്ട്. തുടർന്ന് കര്ണാടകയിലെയും മഹാരാഷ്ട്രയിലെയും വില 65നോട് അടുത്തിരുന്നു. ഇതും വില വർധനവിന് കാരണമായി.

Content Highlight: Adverse weather in Karnataka and Maharashtra; Onion prices are soaring in the state

We use cookies to give you the best possible experience. Learn more