| Wednesday, 10th February 2021, 4:17 pm

ഒരു ട്രിപ്പടിച്ചാലോ...തിരിച്ചുവരികയാണ് കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

അന്ന കീർത്തി ജോർജ്

“ലോക്ക്ഡൗണ്‍ വരുന്നതിന് മുന്‍പ് ഏറെ യാത്രകള്‍ ചെയ്തിരുന്നു ഞാന്‍. വലിയ യാത്രകളൊന്നുമല്ല, ജോലിഭാരം കുറക്കാനും മാനസിക ഉല്ലാസത്തിനും വേണ്ടിയുള്ള ചെറിയ ചെറിയ യാത്രകള്‍. ലോക്ക്ഡൗണ്‍ അതെല്ലാം ഇല്ലാതാക്കി. ബസുകളും മറ്റു വാഹനങ്ങളും ഓടാന്‍ തുടങ്ങിയെങ്കിലും ടൂറിസ്റ്റ് സ്പോട്ടുകളൊന്നും തുറക്കാത്തത് ആ ചെറിയ യാത്രകള്‍ പോലും അസാധ്യമാക്കി. ഇപ്പോള്‍ ഈ കേന്ദ്രങ്ങള്‍ തുടങ്ങിയതോടെ സുഹൃത്തുക്കളുമായി ചെറിയ യാത്രകള്‍ നടത്താന്‍ തുടങ്ങിയിട്ടുണ്ട്. വൈകാതെ ദൂരയാത്രകളും പോകാന്‍ നോക്കണം,” ലോക്ക്ഡൗണ്‍ കാലം ഇല്ലാതാക്കിയ യാത്രകളെകുറിച്ചും ഇപ്പോള്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നതിലെ സന്തോഷവും പങ്കുവെക്കുകയാണ് മാധ്യമപ്രവര്‍ത്തകയായ രമ്യ.

രമ്യ മാത്രമല്ല, ചുറ്റും കാണുന്ന ആരോട് ചോദിച്ചാലും ലോക്ക്ഡൗണ്‍ കാലം നഷ്ടപ്പെടുത്തിയ വിനോദയാത്രകള്‍ തിരിച്ചുപിടിക്കാനുള്ള ആഗ്രഹം വാക്കുകളില്‍ കാണാം. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ചില്‍ ആരംഭിച്ച ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചെങ്കിലും ഒക്ടോബറിലായിരുന്നു നമ്മളില്‍ പലരുടെയും മുഖത്ത് ശരിക്കുമൊരു പുഞ്ചിരി വിടര്‍ന്നത്. കാരണം മറ്റൊന്നുമല്ല, ഒക്ടോബറിലാണ് കേരളത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്നത്.

ലോക്ക്ഡൗണ്‍ ഇളവുകളുടെ നാലാം ഘട്ടത്തിലാണ് വിനോദസഞ്ചാരകേന്ദ്രങ്ങളെ നിരോധിത മേഖലകളുടെ പട്ടികയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായി മുന്‍കരുതലുകള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന വിലയിരുത്തിനെ തുടര്‍ന്ന് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

പ്രധാനമായും രണ്ട് ഘട്ടങ്ങളിലായാണ് കേരളത്തിലെ ഈ കേന്ദ്രങ്ങള്‍ തുറന്നത്. ടിക്കറ്റ് സംവിധാനമുള്ള കേന്ദ്രങ്ങള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍ തുടങ്ങിയവക്കായിരുന്നു ആദ്യം അനുമതി നല്‍കിയത്. ബീച്ച്, പ്രകൃതിരമണീയമായ മറ്റു കേന്ദ്രങ്ങള്‍ തുടങ്ങിയവ അടുത്ത ഘട്ടത്തിലായിരുന്നു തുറന്നത്.

തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചെങ്കിലും മാസങ്ങളോളം പൂട്ടികിടന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്, കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ പിന്നെയും സമയമെടുത്തു. പല കേന്ദ്രങ്ങളും ഡിസംബര്‍, ജനുവരി മാസങ്ങളിലായാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ടൂറിസം മേഖലക്ക് വലിയ പ്രാധാന്യമുള്ള കേരളത്തില്‍, അങ്ങനെ മാസങ്ങള്‍ നീണ്ട ലോക്ക്ഡൗണ്‍ കാലത്തിന് ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും സജീവമാകുകയാണ്. പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച ഓരോ കേന്ദ്രങ്ങളും തിരിച്ചുവരവിന്റെ പാതയിലാണ്.

കണ്ണൂരിലെ വിസ്മയ പാര്‍ക്ക്  ലോക്ക്ഡൗണിന് ശേഷം തുറന്നപ്പോള്‍

കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചുകൊണ്ടു വേണം ഇത്തരം കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യ അകലം, തിരക്ക് നിയന്ത്രിക്കല്‍, സാനിറ്റൈസര്‍ സൗകര്യങ്ങള്‍, ഓണ്‍ലൈന്‍ ടിക്കറ്റ് തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഈ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടു തുറന്ന അഡ്വെഞ്ചര്‍- അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, മൃഗശാലകള്‍, പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ തുടങ്ങിയ ടൂറിസ്റ്റ് സ്‌പോട്ടുകളിലേക്ക് ആളുകള്‍ മടങ്ങിയെത്താന്‍ തുടങ്ങിയിരിക്കുകയാണ്.

പലയിടങ്ങളിലും മുന്‍പുള്ള തിരക്ക് കാണാനാകില്ലെങ്കിലും മാസ്‌ക് ധരിച്ച്, സാമൂഹ്യ അകലം പാലിച്ച് എത്തുന്ന കുട്ടികളെയും മുതിര്‍ന്നവരെയുമെല്ലാം കാണാം. മാസങ്ങളോളം വീടുകളില്‍ തന്നെ കഴിഞ്ഞതിന്റെ പിരിമുറുക്കവും ഭാരവുമെല്ലാം ഇറക്കിവെച്ച് ഇഷ്ടവിനോദങ്ങളിലേര്‍പ്പെടുന്ന കുടുംബങ്ങളെ കാണാം.

‘എല്ലാം പഴയ പോലെയായി എന്നല്ല, മാസ്‌കും ആളുകളില്‍ നിന്നും പാലിക്കേണ്ട അകലും സാനിറ്റൈസ് ചെയ്യുന്നതുമെല്ലാം ഉണ്ട്. ഇപ്പോള്‍ കുറെ നാളായതുകൊണ്ട് ശീലമായി. എന്നാലും ഇത്തരം സ്ഥലങ്ങളിലെത്തുമ്പോള്‍ ജീവിതം കുറച്ചൊക്കെ നോര്‍മലായി എന്നു തോന്നും,’ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഏയ്ഞ്ചല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സുരക്ഷിതമാണോ

സന്ദര്‍ശകര്‍ സ്വയം സ്വീകരിക്കുന്ന മുന്‍കരുതലിനൊപ്പം തന്നെ കൊവിഡ് പടരാതിരിക്കാനുള്ള പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

‘സാമൂഹ്യ അകലം പാലിക്കലാണ് പ്രധാന കാര്യം. അതിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇനി വാട്ടര്‍ തീം ഗെയിമുകളിലേക്ക് കടക്കുകയാണെങ്കില്‍ പൂളുകളിലെല്ലാം സെന്‍സര്‍ ഘടിപ്പിച്ചിട്ടുണ്ട്. നേരത്തെ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയാണ് ക്ലോറിന്‍ സാംപിള്‍ ചേര്‍ത്തുകൊണ്ടിരുന്നത്. ഇപ്പോള്‍ സെന്‍സറുകള്‍ ക്ലോറിന്‍ ലെവല്‍ ചെക്ക് ചെയ്യും. അതിനനുസരിച്ച് ലെവലില്‍ വ്യത്യാസം വരുന്ന സമയത്ത് ആവശ്യമായ ക്ലോറിന്‍ ചേര്‍ക്കുന്നതിനുള്ള സംവിധാനം തുടങ്ങിയിട്ടുണ്ട്.

ഖരരൂപത്തിലുള്ള ക്ലോറിന് പകരം ഗ്യാസ് രൂപത്തില്‍ ക്ലോറിന്‍ നേരിട്ട് വെള്ളത്തിലേക്ക് ചേര്‍ക്കാനുള്ള സംവിധാനങ്ങളെ കുറിച്ചും ആലോചിക്കുന്നുണ്ട്. അത് കുറച്ചുകൂടെ ഫലപ്രദമായിരിക്കും.’ കണ്ണൂരിലെ പ്രധാന സാഹസിക-വിനോദ കേന്ദ്രങ്ങളിലൊന്നായ വിസ്മയ അഡ്വെഞ്ചര്‍ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ വൈശാഖ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

ഫേസ്ഷീല്‍ഡും മാസ്കും ധരിച്ചുനില്‍ക്കുന്ന സ്റ്റാഫുകള്‍

പൂളുകളിലല്ലാത്ത മറ്റു റൈഡുകളിലും പാര്‍ക്കില്‍ മുഴുവനായും സ്വീകരിക്കുന്ന രോഗപ്രതിരോധ നടപടികളെ കുറിച്ചും വൈശാഖ് വിശദീകരിച്ചു. റൈഡുകളില്‍ ഒന്നിടവിട്ട സീറ്റുകള്‍ ബാര്‍ ചെയ്തുകൊണ്ടാണ് നല്‍കുന്നത്. അങ്ങനെ സാമൂഹ്യ അകലം പാലിക്കാനാകും. എന്നാലും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാനിറ്റൈസ് ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള മുക്കി നാപ്കിന്‍സ് ഓരോരുത്തര്‍ക്കും നല്‍കും. അത് ഉപയോഗിച്ച് ആളുകള്‍ക്ക് സ്വയം തങ്ങളുടെ സീറ്റുകള്‍ സാനിറ്റൈസ് ചെയ്യാം. മൂന്ന് റൗണ്ടിന് ശേഷം പാര്‍ക്കിലെ സ്റ്റാഫുകള്‍ ഈ സ്ഥലം വീണ്ടും സ്പ്രെ ചെയ്ത് വൃത്തിയാക്കും.

തിയേറ്ററുകള്‍ പോലെയുള്ള ഇന്‍ ഹൗസ് റൈഡുകളില്‍ ഫ്യുമിഗേറ്റ് ചെയ്യുന്നുണ്ട്. അങ്ങനെ ഓരോ റൈഡുകളുടെയും സ്വഭാവമനുസരിച്ചുള്ള ശുചീകരണ രീതികളാണ് നടപ്പിലാക്കുന്നത്. ഓരോ റൈഡിന്റെയും അടുത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചും കൃത്യമായ ഇടവേളകളില്‍ അനൗണ്‍സ്മെന്റ് ചെയ്്തും സ്റ്റാഫുകള്‍ വഴി നേരിട്ടു പറഞ്ഞും മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുണ്ടെന്നും വൈശാഖ് വിശദീകരിച്ചു.

കേരളത്തിലെ ജനങ്ങള്‍ പൊതുവെ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് ബോധ്യമുള്ളവരാണ്. അവരെ പറഞ്ഞുമനസ്സിലാക്കേണ്ട കാര്യമില്ലെന്നാണ് പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക് ജനറല്‍ മാനേജര്‍ അവിനാഷ് പറയുന്നത്. ‘മാസ്‌ക് ധരിച്ചുകൊണ്ടു തന്നെയാണ് എല്ലാവരും എത്തുന്നത്. നമ്മുടെ ഭാഗത്ത് നിന്ന് ആവശ്യമായ എല്ലാ കൊവിഡ് പ്രതിരോധ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാനുള്ള മാര്‍ക്കിംഗ്സ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങി ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കൈകൊണ്ട് ടിക്കറ്റ് കൊടുക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്.

 സ്നേക്ക്  പാര്‍ക്കില്‍ നിന്നും

ടിക്കറ്റ് എടുത്ത് പാര്‍ക്കിനകത്ത് പ്രവേശിച്ചാല്‍ തിരക്ക് നിയന്ത്രിക്കാന്‍ സെക്യൂരിറ്റികള്‍ ശ്രദ്ധിക്കും. സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ആളുകളെ മാത്രമേ അകത്തു പ്രവേശിപ്പിക്കുകയുള്ളു. പാര്‍ക്കിനകത്ത് തിരക്ക് കൂടാതിരിക്കാനുള്ള എല്ലാ കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ കൃത്യമായി നടപ്പില്‍ വരുത്താനുള്ള പരിശീലനം നേടിയ സെക്യൂരിറ്റി വിംഗാണ് നമുക്കുള്ളത്. അക്വേറിയവും ചെറിയ പാമ്പുകളുടെ കൂടുകള്‍ അടക്കമുള്ള കെട്ടിടത്തനികത്തുള്ള സൗകര്യങ്ങളെല്ലാം ഓരോ ബാച്ച് സന്ദര്‍ശകര്‍ വന്നുപോയ ശേഷവും സാനിറ്റൈസ് ചെയ്യുന്നുണ്ട്,’ അവിനാഷ് പറയുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ആളുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മടങ്ങിയെത്താന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. മുന്‍പ് അവധി ദിവസങ്ങളിലും വാരാന്ത്യദിനങ്ങളിലുമായിരുന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയിരുന്നതെന്നും അതേ രീതി തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും പാര്‍ക്ക് അധികൃതര്‍ പറയുന്നു.

സ്നേക്ക് പാര്‍ക്ക്  ലോക്ക്ഡൗണിന് ശേഷം തുറന്നപ്പോള്‍

കൊവിഡിനെ തുടര്‍ന്ന് ആളുകള്‍ ദൂരയാത്രകള്‍ ഒഴിവാക്കുന്നത് പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഒരു തരത്തില്‍ ഗുണകരമായിട്ടുണ്ട്. അടുത്തുള്ള കേന്ദ്രങ്ങളില്‍ ചെന്ന് സമയം ചെലവഴിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് ജനങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

‘ദൂരയാത്രകള്‍ ഈ ഒരു കാലഘട്ടത്തില്‍ അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അതേകുറിച്ച് ചെറുതല്ലാത്ത ആശങ്കളും തീര്‍ച്ചയായും ഭൂരിഭാഗം പേര്‍ക്കുമുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ തുടര്‍ച്ചയായി വീട്ടിലിരിക്കാനും വയ്യ. ജോലി പോലും വര്‍ക്ക് ഫ്രം ഹോം ആയതോടെ വല്ലാത്ത ഒരു പ്രെഷര്‍ അനുഭവിക്കുന്നുണ്ട്. അപ്പോള്‍ പെട്ടെന്ന് പോയി വരാവുന്ന അടുത്തുള്ള സ്ഥലങ്ങള്‍ തന്നെയാണ് ഏറ്റവും നല്ല ഓപ്ഷന്‍ എന്നു തന്നെയാണ് തോന്നുന്നത്,’ ഐ.ടി പ്രൊഫഷണലായ ആനന്ദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സാമ്പത്തികമായി കരകയറാനായോ

സന്ദര്‍ശകരുടെ എണ്ണത്തില്‍ പടിയായുള്ള വര്‍ധനവുണ്ടാകുന്നുണ്ടെങ്കിലും ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ട വിനോദസഞ്ചാര മേഖല ഇന്നും സാമ്പത്തിക പ്രതിസന്ധികളില്‍ തന്നെയാണ്. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ടൂറിസം മേഖലയില്‍ തകര്‍ച്ച നേരിട്ടാല്‍ അത് സംസ്ഥാനത്തിന്റെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കണക്കുകള്‍ പ്രകാരം 45,010.69 കോടി രൂപയുടെ വരുമാനമാണ് കേരളത്തിന് ടൂറിസം മേഖലയില്‍ നിന്ന് 2019ല്‍ ലഭിച്ചത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ സന്ദര്‍ശനത്തില്‍ 17.81 ശതമാനത്തിന്റെയും, അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 8.52 ശതമാനത്തിന്റെയും വര്‍ധയുണ്ടായിട്ടുണ്ടായിട്ടുണ്ട്. എന്നാല്‍ ടൂറിസം മേഖലയ്ക്ക് 15000 കോടി രൂപയുടെ നഷ്ടമാണ് ലോക്ക്ഡൗണില്‍ ഉണ്ടായിരിക്കുന്നത് എന്ന് ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധി അവസാനിച്ചുകഴിഞ്ഞാല്‍ മേഖലയ്ക്ക് വേണ്ടി പ്രത്യേക ഉത്തേജന പാക്കേജുകള്‍ നടപ്പിലാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിസ്മയ പാര്‍ക്ക്

ഓരോ സീസണും അനുസരിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ മാറ്റം വരുന്ന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക്, ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന വേനലവധിക്കാലം പൂര്‍ണ്ണമായും നഷ്ടപ്പെടുകയായിരുന്നു. അടച്ചുപൂട്ടി കിടന്ന സമയത്ത് വന്‍ കോര്‍പ്പറേറ്റ് കമ്പനികളേക്കാള്‍ കനത്ത ശമ്പളബാധ്യതയിലൂടെയാണ് കടന്നുപോകേണ്ടി വന്നതെന്നു കൂടി വിസ്മയ പാര്‍ക്ക് മാനേജിംഗ് ഡയറക്ടറായ വൈശാഖ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘സീസണലായി ആളുകളെത്തുന്നതിനാല്‍ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും കരാര്‍ ജോലിക്കാരെയാണ് നിര്‍ത്തുന്നത്. എന്നാല്‍ വിസ്മയയില്‍ എല്ലാവരും സ്റ്റാഫുകളാണ്. അതുകൊണ്ടു തന്നെ ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ഉണ്ടാവുന്നതിനേക്കാള്‍ കൂടുതലാണ് ഞങ്ങളുടെ ശമ്പളബാധ്യത. മാര്‍ച്ച് പത്ത് മുതല്‍ ഞങ്ങള്‍ പാര്‍ക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. മൂന്ന് മാസം എല്ലാ സ്റ്റാഫിനും മുഴുവന്‍ സാലറി കൊടുത്തിരുന്നു. താല്‍ക്കലിക ജീവനക്കാര്‍ക്ക് ചില തുക നല്‍കി.

ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന ഏപ്രില്‍, മെയ് സമയത്ത് വരുമാനം തീരെ ഇല്ലാതാകുകയും എന്നാല്‍ ചെലവുകള്‍ തുടരുകയും ചെയ്തതോടെ ജീവനക്കാരുടെ ശമ്പളം നാല്‍പത് ശതമാനം കുറക്കേണ്ടി വന്നു. അങ്ങനെയായിരുന്നു ഒമ്പത് മാസങ്ങള്‍ കടന്നുപോയത്. സെപ്റ്റംബര്‍ മുതല്‍ ബാച്ചുകളായി സ്റ്റാഫുകളെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വിളിച്ചു. ഡിസംബര്‍, നവംബര്‍ മാസങ്ങളിലായി അറ്റകുറ്റപ്പണികളും ടെസ്റ്റ് ഡ്രൈവും നടത്തി ജനുവരി ഒന്നിനാണ് പാര്‍ക്ക് തുറക്കുന്നത്. ജനുവരി മുതല്‍ മുഴുവന്‍ ശമ്പളം നല്‍കാനും തുടങ്ങിയിരിക്കുകയാണ്. ലോക്ക്ഡൗണ്‍ മാസങ്ങളില്‍ ലോണ്‍ എടുത്താണ് ശമ്പളം നല്‍കിയത്,’ വൈശാഖ് പറയുന്നു.

വലിയ മൂലധനം ഇറക്കിയിട്ടുള്ള, അനുബന്ധമായി പോലും നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണെങ്കിലും സ്ഥാപനങ്ങളുടെ എണ്ണം കുറവായതിനാല്‍ ഈ മേഖലക്ക് പലപ്പോഴും കാര്യമായ ശ്രദ്ധ ലഭിക്കുന്നില്ലെന്നാണ് വൈശാഖ് പറയുന്നത്. തിയേറ്റര്‍ക്കായുള്ളത് പോലെ സര്‍ക്കാര്‍ ഇടപെടലുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു.

മിനിമം സന്ദര്‍ശകര്‍ ഇല്ലെങ്കില്‍ ഓരോ കേന്ദ്രങ്ങളുടെയും ചെലവും നഷ്ടവും വര്‍ധിക്കും. കൊവിഡ് കേസുകളിലെ വര്‍ധനവ് വരാന്‍ പോകുന്ന അടുത്ത സീസണും നഷ്ടപ്പെടുത്തുമോ എന്ന പേടിയും ഈ കേന്ദ്രങ്ങള്‍ക്കുണ്ട്.

ഈ ആശങ്കകള്‍ക്കെല്ലാം ഇടയിലും പല റൈഡുകളില്‍ കയറിയും പുറത്തെ കാഴ്ചകള്‍ കണ്ടും സന്തോഷിക്കുന്നവരുടെ മുഖം കാണുമ്പോള്‍ അതെല്ലാം മറക്കുമെന്ന് ഈ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരെല്ലാം ഒരുപോലെ പറയുന്നു. ഒരുപക്ഷെ മഹാമാരിക്കാലം നമ്മെ പഠിപ്പിച്ച ജാഗ്രതയുടെ പുതിയ ശീലങ്ങളൊക്കെ വ്യക്തമായി കാണാമെങ്കിലും നിറഞ്ഞു ചിരിക്കുന്നവരെ കാണിച്ചുതരുന്നുണ്ട് ഈ കേന്ദ്രങ്ങള്‍. കൊവിഡ് എല്ലാം കവര്‍ന്നെടുത്തിട്ടില്ലെന്ന ആത്മവിശ്വാസം മാസ്‌കിന് പുറത്തെ ഓരോ കണ്ണുകളിലും കാണാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Adventure parks and other tourist spots are getting back on track in Kerala after Lock down

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more