| Thursday, 11th January 2024, 6:38 pm

രാമക്ഷേത്ര ഉദ്‌ഘാടനത്തിൽ പങ്കെടുക്കുമെന്ന് എൽ.കെ. അദ്വാനി; മുരളി മനോഹർ ജോഷിയുടെ കാര്യത്തിൽ അവ്യക്തത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: എൽ.കെ. അദ്വാനി രാമക്ഷേത്ര ഉദ്ഘാടനത്തിന് പങ്കെടുക്കുമെന്ന് വി.എച്ച്.പി അധ്യക്ഷൻ അലോക് കുമാർ.

‘അദ്വാനി ജി വരുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഞങ്ങൾ അദ്ദേഹത്തിന് പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കും,’ അലോക് കുമാർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

അതേസമയം മുരളി മനോഹർ ജോഷി ചടങ്ങിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.
അദ്ദേഹം വരാൻ ശ്രമിക്കുമെന്നാണ് പറഞ്ഞതെന്ന് അലോക് കുമാർ പറഞ്ഞു.

ബി.ജെ.പിയുടെ സ്ഥാപക നേതാക്കളായ മുരളി മനോഹർ ജോഷിയോടും അദ്വാനിയോടും പ്രായം കണക്കിലെടുത്ത് ചടങ്ങിൽ പങ്കെടുക്കരുതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. 90 വയസുള്ള മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് എന്നിരിക്കെ പ്രായാധിക്യം ചൂണ്ടിക്കാട്ടി എന്തുകൊണ്ടാണ് ജോഷിയെയും അദ്വാനിയെയും തഴയുന്നത് എന്ന് വിമർശനം ഉയർന്നു.

ബാബറി മസ്ജിദ് കർസേവകർ തകർക്കുന്നതിന് കാരണക്കാരായ, രാമക്ഷേത്രം എന്ന ആവശ്യം നിരന്തരം ഉന്നയിച്ച മുതിർന്ന ബി.ജെ.പി നേതാക്കൾ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമ്പോൾ മോദിയുടെ പ്രഭാവത്തിന് മങ്ങലേൽക്കുമെന്ന കാരണത്താൽ ഇരുവരെയും മനപൂർവം അവഗണിക്കുകയായിരുന്നു എന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു.

അതേസമയം, ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് കോൺഗ്രസ്‌ അറിയിച്ചു. സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അധീർ രഞ്ജൻ ചൗധരിയുമാണ് പങ്കെടുക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസം അറിയിച്ചത്.

Content Highlight: Advani will participate in Ram Temple inauguration

We use cookies to give you the best possible experience. Learn more