| Sunday, 7th April 2024, 1:03 pm

ജിന്നയെ പുകഴ്ത്തിയ ആളാണ് അദ്വാനി; കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ വിമര്‍ശിച്ച മോദിക്കെതിരെ ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്‌ലിം ലീഗിന്റെ മുദ്രയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ജനസംഘത്തിന്റെ സ്ഥാപകനും ഹിന്ദു മഹാസഭയുടെ അധ്യക്ഷനുമായ ശ്യാമ പ്രസാദ് മുഖര്‍ജിക്ക് ബംഗാളില്‍ ഉള്‍പ്പടെ മുസ്‌ലിം ലീഗുമായി സഖ്യമുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന്റെ നയമാണ് സ്വീകരിച്ചതെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍ ഇതിന് മറുപടിയുമായി എക്‌സിലൂടെ ജയറാം രമേശ് രംഗത്തെത്തുകയായിരുന്നു.

1940, 1941, 1942 വര്‍ഷങ്ങളില്‍ ഏത് പാര്‍ട്ടിയാണ് മുസ്‌ലിം ലീഗുമായി ചേര്‍ന്ന് ബംഗാളില്‍ സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് മോദി ഓര്‍മിക്കണമെന്ന് എക്‌സില്‍ പങ്കുവെച്ച വിഡിയോയില്‍ ജയറാം രമേശ് പറഞ്ഞു.

ബി.ജെ.പി നേതാക്കളായ ലാല്‍ കൃഷ്ണ അദ്വാനിയും ജസ്വന്ത് സിങ്ങും പാകിസ്താനില്‍ പോയി ജിന്നയെ പുകഴ്ത്തിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നതും അത് പ്രയോഗിക്കുന്നതും ബി.ജെ.പി ആണെന്നും ജയറാം രമേശ് പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങളുമായി സോണിയാ ഗാന്ധിയും രംഗത്തെത്തി. മോദി രാജ്യത്തിന്റെ അന്തസ്സും ജനാധിപത്യവും തകര്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളെ ബി.ജെ.പിയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നതായും സോണിയാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക രാജ്യത്തിന്റെ ശബ്ദമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: ‘Advani praised Jinnah’: Congress reminds PM Modi of ‘history’

We use cookies to give you the best possible experience. Learn more