| Thursday, 4th April 2019, 10:17 pm

രാഷ്ട്രീയമായി വിയോജിക്കുന്നവരെ ബി.ജെ.പി രാജ്യദ്രോഹികളായി മുദ്രകുത്താറില്ലെന്ന് അദ്വാനി; അദ്വാനിജി കുറിച്ചിട്ടത് ബി.ജെ.പിയുടെ യഥാര്‍ത്ഥ മൂല്യങ്ങളെന്ന് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് നിഷേധത്തിന് ശേഷമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ആദ്യ പരസ്യ പ്രതികരണം ബി.ജെ.പിയുടെ യഥാര്‍ത്ഥ മൂല്യങ്ങളെ സൂചിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാഷ്ട്രീയമായി വിയോജിക്കുന്നവരെ രാജ്യദ്രോഹികളായി ബി.ജെ.പി മുദ്രകുത്താറില്ലെന്നും, ദേശീയതയിലും വ്യത്യസ്ത അഭിപ്രായമുള്ളവരെയും ശത്രുക്കളായി കാണാറില്ലെന്നും അദ്വാനി പറഞ്ഞിരുന്നു.

“ബി.ജെ.പിയുടെ യഥാര്‍ത്ഥ മൂല്യങ്ങളെ കൃത്യമായി വരച്ചിടുകയാണ് അദ്വാനിജി. പ്രത്യേകിച്ച് ആദ്യം രാജ്യം, പിന്നെ പാര്‍ട്ടി, അതിനു ശേഷം മാത്രമാണ് വ്യക്തിയെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍. ഒരു ബി.ജെ.പി കാര്യകര്‍ത്താവ് ആയിരിക്കുന്നതില്‍ എനിക്ക് അഭിമാനം തോന്നുന്നു. അദ്വാനിജിയെ പോലുള്ള മഹാന്മാരായ നേതാക്കളാണ് അത് ശക്തിപ്പെടുത്തിയത്”- മോദി തന്റെ ട്വിറ്ററില്‍ കുറിച്ചു.

ആദ്യം രാജ്യം, പിന്നെ പാര്‍ട്ടി, അതിനു ശേഷം മാത്രമാണ് വ്യക്തി; സീറ്റ് നിഷേധത്തിന് ശേഷം ആദ്യ പ്രതികരണവുമായി അദ്വാനി

വൈവിധ്യങ്ങളെ ബഹുമാനിക്കുന്നതാണ് ജനാധിപത്യത്തിന്റെ അന്ത:സത്തയെന്നും ആദ്യം രാജ്യം പിന്നെ പാര്‍ട്ടി അതിനുശേഷം മാത്രമാണ് വ്യക്തിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ സ്ഥാപക ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ എല്‍.കെ അദ്വാനിക്ക് സീറ്റ് നല്‍കാത്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയരുന്നു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയായിരുന്നു വിമര്‍ശനവുമായി രംഗത്തെത്തിയത്.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗറില്‍ നിന്ന് ജനവിധി തേടുന്നത്. 2014ല്‍ നാല് ലക്ഷം വോട്ടുകള്‍ക്കാണ് എല്‍.കെ അദ്വാനി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

We use cookies to give you the best possible experience. Learn more