| Saturday, 10th June 2023, 5:47 pm

ആശയത്തിലും ചിന്തയിലും കുതിച്ചുചാട്ടം; ഒ. ബേബിയിലെ 2k കിഡ്‌സ്

അമൃത ടി. സുരേഷ്

രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ദിലീഷ് പോത്തന്‍, രഘുനാഥ് പാലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.

Spoiler Alert

പശ്ചിമ ഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന മലയോര ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ജാതീയത കലര്‍ന്ന ദുരഭിമാന ബോധവും അതുണ്ടാക്കുന്ന പകയും അതിജീവനത്തിനായുള്ള പോരാട്ടങ്ങളുമാണ് ചിത്രം കാണിക്കുന്നത്.

പ്രണയത്തിന് പുറമേ തൊഴിലാളിയുടെ വിധേയത്വ ബോധവും മുതലാളിയുടെ അധികാര ബോധവും സിനിമയില്‍ മെയ്ന്‍ പ്ലോട്ടായി കാണിക്കുന്നുണ്ട്. ഇതിനോടുള്ള രണ്ട് തലമുറയുടെ കാഴ്ചപ്പാടുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന ബേബിയും അദ്ദേഹത്തിന്റെ മുതലാളി പാപ്പിയും കുടുംബസ്ഥരായ മക്കളും അതിനെ പാരമ്പര്യമായി ശീലിച്ചു പോകുന്ന വഴികളിലൂടെ നോക്കുമ്പോള്‍ ബേബിയുടെ മകനായ ബേസില്‍ ഉള്‍പ്പെടുന്ന തലമുറ ഈ വഴികളെയെല്ലാം തിരുത്തി കുറിക്കുകയാണ്.

കൗമാരക്കാരായ 2k കിഡ്‌സ് ആണ് ഇവര്‍. ആ തലമുറയുടെ ചിന്തയിലും ആശയങ്ങളിലും ബന്ധങ്ങളിലും ഉണ്ടായ പുരോഗമനം വളരെ നന്നായി തന്നെ രഞ്ജന്‍ പ്രമോദ് തിരക്കഥയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കഥാപാത്രങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും പോലും അത് വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്.

ഉടമസ്ഥതയിലല്ലാത്ത ഭൂമിയില്‍ നിന്നും കിട്ടുന്ന വസ്തുക്കള്‍ പോലും ബേബി, പാപ്പി മുതലാളിക്ക് കാഴ്ച വെക്കുന്നുണ്ട്. എന്നാല്‍ മുതലാളിയുടെ കാല്‍കീഴിലല്ല തങ്ങളുടെ ജീവിതമെന്നും അവര്‍ ഭീഷണിപ്പെടുത്തിയാല്‍ ഒളിച്ചോടാനാവില്ല എന്നുമുള്ള വ്യക്തമായ ബോധ്യം 18കാരനായ ബേസിലിനുണ്ട്.

വിദ്യാഭ്യാസം നേടിയ, ഇന്റര്‍നെറ്റിലൂടെ ചുറ്റുമുള്ള ലോകത്തിന്റെ സാധ്യതകളെ അറിഞ്ഞ, കൂടുതല്‍ പുരോഗമനപരമായി ചിന്തിക്കുന്ന പുതുതലമുറയുടെ പ്രതിനിധി ആണവന്‍. അവരെക്കാള്‍ മുമ്പ് ഇവിടെ എത്തിയവരാണ് നമ്മള്‍ എന്ന് ബേസില്‍ ശക്തമായി പറയുന്നു.

കൂട്ടുകാരിക്കൊപ്പമുള്ള യാത്രകളെ പറ്റി അപ്പന്‍ ചോദിക്കുമ്പോള്‍, വളരെ സ്വഭാവികമായി അവളുടെ തീരുമാനത്തെ താന്‍ എങ്ങനെ എതിര്‍ക്കും എന്നാണ് ബേസില്‍ പറയുന്നത്. ലളിതമായ എന്നാല്‍ അത്രയും ശക്തമായ ഡയലോഗ് കൗമാരക്കാരനായ കഥാപാത്രത്തില്‍ നിന്നും ഇതിന് മുമ്പ് മലയാള സിനിമയില്‍ കേട്ടിട്ടില്ല. ആ തലമുറ സുഹൃദ് ബന്ധങ്ങളേയും പ്രണയത്തേയും കുടുംബ ബന്ധങ്ങളേയും തൊഴിലവകാശങ്ങളേയും നോക്കി കാണുന്ന രീതി മനോഹരമാണ്. രണ്ട് തലമുറയുടേയും കാഴ്ചപ്പാടുകളിലെ വ്യത്യാസം രഞ്ജന്‍ പ്രമോദ് കൃത്യമായി ചിത്രത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Content Highlight: advanced teenagers in o baby movie

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more