| Monday, 2nd May 2016, 7:04 pm

ശോഭ ഡെവലപേഴ്‌സിനെതിരായ ഒറ്റയാള്‍ സമരത്തിലൂടെ ശ്രദ്ധേയായ അഡ്വ: വിദ്യാ സംഗീത് സി.പി.ഐ.എമ്മിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശോഭ ഗ്രൂപ്പിനെതിരെയടക്കം നിരവധി ജനകീയ വിഷയങ്ങളില്‍ ഇടപ്പെട്ട് വിജയം കൈവരിച്ച അഡ്വ. വിദ്യാ സംഗീത് സി.പി.ഐ.എമ്മിലേക്ക്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിദ്യ യു.ഡി.എഫ് വിട്ട് സി.പി.ഐ.എമ്മില്‍ ചേരുകയാണെന്ന് അറിയിച്ചത്. യു.ഡി.എഫിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് പാര്‍ട്ടി വിട്ടതെന്നും അഴിമതി വിരുദ്ധ പോരാട്ടം തുടരുമെന്നും വിദ്യാ സംഗീത് തന്റെ പോസ്റ്റില്‍ പറയുന്നു.

അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുക്കാന്‍ പിടിച്ചിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ നിലവിലെ കേരളത്തിലെ അഴിമതി നിറഞ്ഞ ദുര്‍ഭരണം അവസാനിപ്പിച്ച് ,അഴിമതിവിരുദ്ധ മതനിരപേക്ഷ സദ്ഭരണം കാഴ്ചവെക്കാന്‍ കഴിയുകയുള്ളൂവെന്നും കഴിഞ്ഞ 5 വര്‍ഷമായി നടത്തിവരുന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ സി.പി.ഐ.എമ്മിന്റെ പൂര്‍ണ്ണ പിന്തുണയോടെ തുടരുമെന്നും വിദ്യയുടെ പോസ്റ്റില്‍ പറയുന്നു.

സി.പി.ഐ.എം രക്തസാക്ഷിയായ തയ്യില്‍ നാരായണന്റെ മകളായ വിദ്യാ സംഗീത് 2010ലാണ് യു.ഡി.എഫിന്റെ ഭാഗമായ സി.എം.പിയിലൂടെ  ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതും തെരഞ്ഞെടുക്കുപ്പെടുന്നതും. കരാറുകാരെ വഴി വിട്ട് സഹായിക്കല്‍, ടാര്‍ അനുവദിക്കലില്‍ നടന്ന അഴിമതി,കലക്ടറടക്കം കൂട്ടു നിന്ന ശോഭ സിറ്റി നിലം നികത്തല്‍ അഴിമതി തുടങ്ങിയ വിഷയങ്ങളിലെല്ലാം വിദ്യ ശക്തമായ നിലപാടെടുത്തിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞാന്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു .

2010 ലെ തദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലൂടെ യു.ഡി.എഫി ലെ സി.എം.പി എന്നപാര്‍ട്ടിയുടെ മെമ്പറായി മുളംകുന്നതുകാവില്‍ നിന്നും തൃശൂര്‍ ജില്ലാപഞ്ചായത്തിലേക്ക് ഞാന്‍ തിരഞ്ഞെടുക്കപ്പെടുകയും ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തന്നെ ഭംഗിയായി നിര്‍വഹിക്കുകയും ഒപ്പം തന്നെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനകീയ വിഷയങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിചിരുന്നതുമാണ്. യു.ഡി.എഫി ന്റെ മെമ്പര്‍ ആയിരിക്കെ തന്നെ യു.ഡി.എഫ് നടത്തിവന്ന നിരവധി അഴിമതികള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയും അത് ഇപ്പോഴും തുടരുന്നതുമാണ്. ഞാന്‍ പ്രധിനിധീകരിച്ച സി.എം.പിഎന്ന പാര്‍ട്ടി പിളരുകയും ഇരു വിഭാഗത്തിലും പോകാതെ യു.ഡി.എഫില്‍ ഞാന്‍ തുടരുകയുമാണ് ചെയ്തത് . എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അതിശക്തമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനു വേണ്ടി എന്റെ ആശയങ്ങളുമായി യോജിക്കുന്ന അഴിമതിക്കെതിരെ ശക്തമായ നിലപാടും ജനസമ്മിതിയും ഉള്ള ഒരു പാര്‍ട്ടിയുടെ പിന്തുണ ,ആവശ്യമായതിനാല്‍ ഞാന്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു .അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുക്കാന്‍ പിടിച്ചിട്ടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമേ നിലവിലെ കേരളത്തിലെ അഴിമതി നിറഞ്ഞ ദുര്‍ഭരണം അവസാനിപ്പിച്ച് ,അഴിമതിവിരുദ്ധ മതനിരപേക്ഷ സദ് ഭരണം കാഴ്ചവെക്കാന്‍ കഴിയുകയുള്ളൂ എന്ന് കേരളത്തിലെ ജനങ്ങളോടൊപ്പം ഞാനും വിശ്വസിക്കുന്നു. കഴിഞ്ഞ 5 വര്‍ഷമായി നടത്തിവരുന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ സി.പി.ഐ.എമ്മിന്റെ പൂര്‍ണ്ണ പിന്തുണയോടെ തുടരും. അഴിമതിക്കെതിരെ ചിന്തിക്കുന്ന പൊതുസമൂഹം സാധാരണക്കാരന്റെ ഗവണ്മെന്റ് നിലവില്‍ വരുന്നതിനു വേണ്ടി ഇടതുപക്ഷജനാധിപത്യ മുന്നണിയെ അധികാരത്തില്‍ എത്തിക്കുന്നതിന് ഇടതു മുന്നണി യോട് ചേര്‍ന്ന് നില്‍ക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു .

We use cookies to give you the best possible experience. Learn more