| Monday, 7th November 2022, 12:31 pm

സുപ്രീംകോടതിയിലും വലതുപക്ഷ കാഴ്ചപ്പാട് വളര്‍ന്നുവരുന്നു എന്നത് ആശങ്കാജനകം; മുന്നാക്ക സംവരണ വിധിക്കെതിരെ അഡ്വ. സുള്‍ഫിക്കര്‍ അലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ശരിവെച്ച സുപ്രീംകോടതി വിധി നിരാശാജനകമെന്ന് അഭിഭാഷകന്‍ സുള്‍ഫിക്കര്‍ അലി.

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കെ നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജികളിന്മേലുള്ള കോടതി വിധിയെയാണ് ഹരജിക്കാരുടെ അഭിഭാഷകന്‍ കൂടിയായ അഡ്വ. സുള്‍ഫിക്കര്‍ അലി വിമര്‍ശിച്ചത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ഈ വിധി തീര്‍ത്തും നിരാശാജനകമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ത്ഥ മൂല്യങ്ങള്‍ ഇന്ന് സുപ്രീംകോടതിയില്‍ ന്യൂനപക്ഷ കാഴ്ചപ്പാടായി മാറിയിരിക്കുന്നു എന്നാണ് മനസിലാകുന്നത്. മറ്റ് അഭിഭാഷകരുമായി ആലോചിച്ച് റിവ്യൂ ഹരജി ഫയല്‍ ചെയ്യുന്നതിന്റെ സാധ്യതകളെ കുറിച്ച് ആലോചിക്കും.

ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ ന്യൂനപക്ഷ വിധിയില്‍ അദ്ദേഹം കുറേ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.

എസ്.സി- എസ്.ടി, എസ്.സി- ബി.സി കാറ്റഗറിയില്‍ പെട്ട 50 ശതമാനത്തിലധികമാളുകള്‍ ഇപ്പോഴും ദാരിദ്ര്യ രേഖക്ക് താഴെയാണ്. ആ വിഭാഗത്തെ പൂര്‍ണമായി ഒഴിവാക്കുന്ന സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം, സമത്വം എന്ന ഭരണഘടനാ തത്വത്തിനെതിരാണ്. ആ എതിര്‍പ്പാണ് ഇന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ മൂന്ന് പേര് വിധിച്ചിരിക്കുന്നത്.

ഇത് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല. വിധിയുടെ പുനപരിശോധനാ സാധ്യത പരിശോധിക്കും,” അഡ്വ. സുള്‍ഫിക്കര്‍ അലി പറഞ്ഞു.

‘സംവരണം എന്നത് എല്ലാ ദുര്‍ബല വിഭാഗങ്ങളെയും മുന്നോട്ട് കൊണ്ടുവരാനാണ്’ എന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തോടും അദ്ദേഹം പ്രതികരിച്ചു.

”ദുര്‍ബലത എന്ന വാക്ക് സംവരണത്തിന്റെ സാഹചര്യത്തില്‍ മനസിലാക്കേണ്ടത്, ‘സാമൂഹികമായും ചരിത്രപരമായുമുള്ള കാരണങ്ങള്‍ കൊണ്ട് അടിച്ചേല്‍പിക്കപ്പെട്ട ദുര്‍ബലത’ എന്നാണ്. ആ ദുര്‍ബലതയെ മറികടക്കാന്‍ വേണ്ടിയാണ് സംവരണം നടപ്പിലാക്കിയിരിക്കുന്നത്.

സാമ്പത്തികമായ ദുര്‍ബലതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ദാരിദ്ര്യ നിര്‍മാര്‍ജനം പോലുള്ള മറ്റ് പദ്ധതികളാണ് സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കേണ്ടത്. സംവരണം എന്നത് സാമ്പത്തികപരമായ ദാരിദ്യം ഉന്മൂലനം ചെയ്യുന്നതിനുള്ളതല്ല, മറിച്ച് സാമൂഹികവും വിദ്യാഭ്യാസപരവും ചരിത്രപരവുമായ കാരണങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന് നീതി കൊടുക്കുന്നതിന് വേണ്ടിയുള്ളതാണ്.

അത്തരത്തിലുള്ള സംവരണത്തെ സാമ്പത്തികമായ മാനദണ്ഡങ്ങളുമായി കൂട്ടിക്കെട്ടുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കെതിരായ തിരിച്ചടിയാണ്. മാറിയ സാഹചര്യത്തില്‍ പൊതുസമൂഹത്തിലും മറ്റ് പല സ്ഥാപനങ്ങളിലുമെന്ന പോലെ ഇന്ത്യന്‍ സുപ്രീംകോടതിയിലും ഭരണഘടന ഉള്‍ക്കൊള്ളുന്ന യഥാര്‍ത്ഥ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന് വിരുദ്ധമായ രീതിയില്‍ വലതുപക്ഷ കാഴ്ചപ്പാട് വളര്‍ന്നുവരുന്നു എന്നത് ആശങ്കാജനകമാണ്.

സാമ്പത്തികമായ പിന്നാക്കാവസ്ഥയാണ് കാരണമാണെങ്കില്‍ എന്തുകൊണ്ടാണ് അമ്പത് ശതമാനത്തിലധികം വരുന്ന എസ്.സി- എസ്.ടി വിഭാഗത്തെ, അവര്‍ സാമ്പത്തികമായി പിന്നോക്കമാണെന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും അസന്നിഗ്ധമായി തെളിയിക്കുന്ന തെളിവുകളുണ്ടായിട്ടും പൂര്‍ണമായും ഈ സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുന്നത്? അതിന് ഇവര്‍ക്ക് എന്ത് ഭരണഘടനാപരമായ ന്യായീകരണമാണുള്ളത്?

കൃത്യമായ ഡാറ്റയുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ വിധിയില്‍ അദ്ദേഹം അത് സ്ഥാപിച്ചെടുക്കുന്നുണ്ട്. എന്തടിസ്ഥാനത്തിലാണ് എസ്.സി- എസ്.ടി പോലൊരു വലിയ വിഭാഗത്തെ സാമ്പത്തിക സംവരണത്തിന്റെ പരിധിക്ക് പുറത്ത് നിര്‍ത്തുന്നത്? കൃത്യമായും ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനമാണത്,” അഭിഭാഷകന്‍ പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം തുടര്‍ന്നുപോരുന്ന ഇപ്പോഴത്തെ സംവരണ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന കോടതിയുടെ നിരീക്ഷണത്തിനും അദ്ദേഹം മറുപടി പറഞ്ഞു.

”ഇത് തികച്ചും സങ്കുചിതമായ അല്ലെങ്കില്‍ പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമാണ്. ഒരു ഡാറ്റയും ഇതിനെ സാധൂകരിക്കുന്നില്ല. എന്തുകൊണ്ടാണ് 1991ന് ശേഷം ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് ഈ രാജ്യത്ത് നടപ്പിലാക്കാത്തത്? സെന്‍സസ് നടത്തി ഓരോ ജാതിക്കും ഈ രാജ്യത്തെ അധികാര കേന്ദ്രങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമുള്ള പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല? അത് ആദ്യം പുറത്തുവിടട്ടെ, എന്നിട്ട് തീരുമാനിക്കട്ടെ ഇന്ത്യന്‍ ഭരണഘടനയും ബി.ആര്‍. അംബേദ്കറുമൊക്കെ മുന്നോട്ടുവെച്ച സംവരണം എന്ന മഹത്തായ ആശയത്തിന്റെ ലക്ഷ്യം പൂര്‍ണമായി പൂര്‍ത്തീകരിച്ചോ ഇല്ലയോ എന്ന്.

75 വര്‍ഷമായി സംവരണം നടത്തി, സംവരണത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞു എന്ന് പറയുന്നത് പൊള്ളയായ, നിരുത്തരവാദപരമായ ന്യായവാദമാണ്. എന്ത് ഡാറ്റയാണ് ഇവര്‍ക്ക് ഈ കാര്യത്തിലുള്ളത്?

സംവരണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം പ്രാതിനിധ്യമാണ്, സാമ്പത്തിക ഉന്നമനമല്ല. തുല്യ പ്രാതിനിധ്യമെന്നാല്‍ സാമ്പത്തികമായ സമത്വമല്ല. അതിന് സര്‍ക്കാര്‍ മറ്റ് നടപടികള്‍ സ്വീകരിക്കട്ടെ. അധികാര കേന്ദ്രങ്ങളിലടക്കം പ്രാതിനിധ്യത്തിലെ തുല്യതയും അവസരങ്ങളിലെ തുല്യതയും സ്റ്റാറ്റസിലെ തുല്യതയുമാണ് സംവരണത്തിന്റെ ലക്ഷ്യം. അത് ഇപ്പോഴെവിടെ?,” സുള്‍ഫിക്കര്‍ അലി കൂട്ടിച്ചേര്‍ത്തു.

അല്‍പസമയം മുമ്പായിരുന്നു മുന്നാക്ക സംവരണം ശരിവെച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാരും സംവരണത്തെയും 103ാം ഭരണഘടനാ ഭേദഗതിയെയും പൂര്‍ണമായും ശരിവെച്ചു.

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഭരണഘടനാപരമാണെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം. സംവരണ വിഷയത്തില്‍ നാല് വിധികളാണ് ബെഞ്ച് പുറപ്പെടുവിച്ചത്.

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കെ നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

തിങ്കളാഴ്ചയായിരുന്നു മുന്നാക്ക സംവരണം ഭരണഘടനാപരമാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിപ്രസ്താവം തുടങ്ങിയത്.

ആദ്യം വിധി പറഞ്ഞ ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേലാ ത്രിവേദിയും സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തെ ശരിവെച്ചു. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമല്ലെന്നും വിവേചനപരമല്ലെന്നുമാണ് ജസ്റ്റിസ് ബേലാ ത്രിവേദി നിരീക്ഷിച്ചത്.

പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല, നിലവില്‍ സംവരണമുള്ളവരെ ഒഴിവാക്കിയതും അംഗീകരിക്കുന്നുവെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവര്‍ നിരീക്ഷിച്ചു.

എന്നാല്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഭിന്ന വിധിയാണ് പുറപ്പെടുവിച്ചത്. സാമ്പത്തിക സംവരണത്തോട് വിയോജിപ്പില്ലെന്നും എന്നാല്‍ നിലവില്‍ സംവരണം ലഭിക്കുന്നവരെ ഒഴിവാക്കിയതിനോട് വിയോജിപ്പുണ്ടെന്നുമാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് തന്റെ വിധി പ്രസ്താവത്തില്‍ പറഞ്ഞത്.

സമത്വമെന്ന ആശയത്തെ ലംഘിക്കുന്നതാണ് 103ാം ഭരണഘടനാ ഭേദഗതിയെന്നും, നിലവില്‍ സംവരണം ലഭിക്കുന്ന പിന്നാക്കക്കാരെ ഒഴിവാക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞു.

സംവരണ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ ആലോചിക്കേണ്ട സമയമാണിതെന്നും ബെഞ്ച് നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ അവസാന പ്രവര്‍ത്തിദിവസമായ ഇന്ന് തന്നെയാണ് വിധി പ്രഖ്യാപനവും വന്നത്. തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10 ശതമാനം മുന്നാക്ക സംവരണം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത ഹരജികളിന്മേല്‍ ഇന്ന് രാവിലെ 10.30നായിരുന്നു വിധി പ്രസ്താവം ആരംഭിച്ചത്.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനായിരുന്നു ഭരണഘടനയുടെ 103ാം ഭേദഗതി കൊണ്ടുവന്നത്. ഇതിനെതിരായാണ് കോടതിയില്‍ ഹരജികള്‍ എത്തിയത്. ഹര്‍ജികളിലാണ് വിധി പറയുക.

ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച 103ാം ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിശോധിച്ചത്.

2019 ജനുവരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചതിനെതിരെ സമര്‍പ്പിക്കപ്പെട്ട 39 ഹരജികളായിരുന്നു കോടതി പരിഗണിച്ചത്.

Content Highlight: Adv Sulfikkar Ali against the Supreme Court verdict on 10 percent reservation to economically weaker sections

We use cookies to give you the best possible experience. Learn more