കാസര്‍ഗോഡിലും കണ്ണൂരിലുമുള്ള അതേ നേച്ചര്‍ രതീഷ് ബാലകൃഷ്ണന്‍ തന്റെ സെറ്റിലും കൊണ്ടുവന്നു: ഷുക്കൂര്‍ വക്കീല്‍
Film News
കാസര്‍ഗോഡിലും കണ്ണൂരിലുമുള്ള അതേ നേച്ചര്‍ രതീഷ് ബാലകൃഷ്ണന്‍ തന്റെ സെറ്റിലും കൊണ്ടുവന്നു: ഷുക്കൂര്‍ വക്കീല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st August 2022, 9:00 pm

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത സിനിമയാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു മന്ത്രിയുടെ വാദത്തിന് എത്തിയ അഡ്വ. ഷുക്കൂര്‍.

കാസര്‍ഗോഡുകാരനായ ഷുക്കൂറാണ് തന്റെ അതേ പേരിലുള്ള കഥാപാത്രത്തെ ചിത്രത്തില്‍  അവതരിപ്പിച്ചത്. സെറ്റിലെ വിശേഷങ്ങള്‍ ഡൂള്‍ ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുകയാണ് യഥാര്‍ത്ഥ ജീവിതത്തിലും അഭിഭാഷകനായ ഷുക്കൂര്‍.

‘വേറെ സിനിമാ സെറ്റില്‍ പ്രവര്‍ത്തിച്ച പരിജയം എനിക്കില്ല. പക്ഷെ അവിടെ മുമ്പ് സിനിമയില്‍ പ്രവര്‍ത്തിച്ചവരുണ്ടായിരുന്നു. അവരാണ് പറഞ്ഞത് സാധാരണ സെറ്റുകളില്‍ രണ്ട് പന്തിയാണെന്നും എന്നാല്‍ ഇവിടെ വ്യത്യസ്തമാണെന്നും.

ന്നാ താന്‍ കേസ് കൊടിന്റെ മുഴുവന്‍ സെറ്റിലും ശരിക്കും ഒരു സാഷ്യലിസ്റ്റ് അറ്റ്‌മോസ്ഫിയറായിരുന്നു. കാസര്‍ഗോഡിലും കണ്ണൂരിലുമുള്ള ആളുകളുടെ അതേ നേച്ചര്‍ രതീഷ് ബാലകൃഷ്ണന് തന്റെ സെറ്റിലും കൊണ്ട് വരാന്‍ സാധിച്ചു.’ ഷുക്കൂര്‍ പറഞ്ഞു

അതേസമയം ബോക്‌സ് ഓഫീസ് കളക്ഷനിലും ചിത്രം മുന്നേറുകയാണ്. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച കൊണ്ട് 25 കോടിയാണ് നേടിയത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നല്ല സിനിമയുടെ വിജയം, ജനങ്ങളുടെ വിജയം എന്നാണ് താരം കുറിച്ചത്.

കുഞ്ചോക്കൊ ബോബന് പുറമേ ഗായത്രി, ബേസില്‍ ജോസഫ്, രാജേഷ് മാധവന്‍, ഉണ്ണിമായ പ്രസാദ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

എസ്.ടി.കെ ഫ്രയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മിച്ച സിനിമ, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍, ഉദയ പിക്‌ചേഴ്‌സ് എന്നീ പ്രൊഡക്ഷന്‍ കമ്പനികളുടെ ബാനറുകളിലാണ് നിര്‍മിച്ചത്.

Content Highlight: adv. shukoor says Ratheesh Balakrishnan brought the same nature in Kasargod and Kannur to his set