| Tuesday, 18th April 2023, 4:07 pm

മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ മാത്രമല്ലേ ഈ വിവേചനമുള്ളൂ? മറ്റുള്ള സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം ഇരിക്കാറുണ്ടല്ലോ; നിഖില വിമലിന്റെ പരാമര്‍ശത്തില്‍ ഷുക്കൂര്‍ വക്കീല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സ്വദേശമായ കണ്ണൂരില്‍ മുസ്‌ലിം വിവാഹങ്ങളില്‍ സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന് നിഖില വിമല്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും അഡ്വക്കേറ്റുമായ ഷുക്കൂര്‍.

മുസ്‌ലിം സ്ത്രീകള്‍ക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ എന്നാണ് ഷുക്കൂര്‍ വക്കീല്‍ ചോദിക്കുന്നത്. മുസ്‌ലിം അല്ലാത്ത സ്ത്രീകള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കുവാന്‍ മുന്‍വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ടെന്നും പുരുഷന്മാരോടൊപ്പം മുസ്‌ലിങ്ങളല്ലാത്ത സ്ത്രീകള്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ വിവാഹ ആല്‍ബങ്ങള്‍ പരിശോധിച്ചാല്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ?(സ്വത്ത് അവകാശങ്ങളില്‍ ഉള്ളതു പോലെ) മുസ് ലിങ്ങള്‍ അല്ലാത്ത സ്ത്രീകള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കുവാന്‍ മുന്‍ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്.

പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളില്‍ മുസ്‌ലിങ്ങള്‍ അല്ലാത്ത സ്ത്രീകള്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങള്‍ വിവാഹ ആല്‍ബങ്ങള്‍ പരിശോധിച്ചാല്‍ കാണാം. കല്യാണ പന്തലില്‍ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക?,” ഷുക്കൂര്‍ കുറിച്ചു.

അതേസമയം, അയല്‍വാശി എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു നിഖിലയുടെ പ്രതികരണം.

”വിവാഹ ഓര്‍മകളെ കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്.

കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്‌ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്
ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല’, എന്നാണ് നിഖില പറഞ്ഞത്.

നിഖില വിമലിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. സംഭവത്തില്‍ പ്രതികരണമായും തങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞു കൊണ്ടും നിരവധി ആളുകള്‍ എത്തുന്നുണ്ട്.

content highlight: adv shukkur about actress nikhila vimal statement

We use cookies to give you the best possible experience. Learn more