തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവായ ഒരാളുടെ ഭാര്യയും മകളും മകനുമായത് കൊണ്ട് മാത്രം വേട്ടയാടപ്പെട്ടവരാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബാംഗങ്ങളെന്ന് അഡ്വ. സച്ചിന്‍ദേവ് എം.എല്‍.എ. കേരള രാഷ്ട്രീയത്തിന്റെ സമുന്നത നേതാവായി പിണറായി മാറിയ കാലം മുതല്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബത്തിനെതിരായ തെറ്റായ പ്രചരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു സച്ചിന്‍ ദേവിന്റെ പ്രതികരണം.
‘മുമ്പ് പിണറായിയുടെ കുടുംബത്തെ ചേര്‍ത്ത് പ്രചരിപ്പിച്ചതെല്ലാം പിന്നീട് വസ്തുതയ്ക്ക് നിരക്കാത്താണെന്ന് തെളിയിക്കപ്പെട്ടിരുന്നു. രമ്യഹര്‍മ്മ്യ മാളികയെക്കുറിച്ചും കമല ഇന്റര്‍നാഷണലിനെക്കുറിച്ചും ഇനിയൊരാവര്‍ത്തി പറഞ്ഞാല്‍ അവ ജനങ്ങളിന്ന് പുച്ഛിച്ച് തള്ളും,’ സച്ചിന്‍ ദേവ് പറഞ്ഞു.
സമീപ ദിവസങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ മക്കളുടെ ജീവിത രീതികളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചില പ്രതികരണങ്ങള്‍ ഉയര്‍ന്നപ്പോഴാണ് മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പെടെ പലരും യഥാര്‍ത്ഥത്തില്‍ ഒന്നുണര്‍ന്നതെന്നും സച്ചിന്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്‍ മുമ്പ് പറഞ്ഞ ഒരു പ്രസ്താവന ഓര്‍മിപ്പിച്ച്, മന്ത്രി മുഹമ്മദ് റിയാസിന്റെയും ടി. വീണയുടെയും ചിത്രവും പോസ്റ്റിനോടൊപ്പം സച്ചിന്‍ പങ്കുവെക്കുന്നുണ്ട്.
സച്ചിന്‍ ദേവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഒരിക്കല്‍ എ.കെ.ജി സെന്ററില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനോട് സഖാവ് കോടിയേരി പറഞ്ഞത് ഇന്നും ഓര്‍ക്കുകയാണ്.
‘ഞങ്ങളെക്കുറിച്ചും ഞങ്ങളുടെ കുടുംബത്തെക്കുറിച്ചും നിങ്ങള്‍ പല തെറ്റായ പ്രചരണങ്ങളും നടത്തുന്നുണ്ട്. അതൊക്കെ താങ്ങാനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ തിരിച്ച് നിങ്ങള്‍ക്കെതിരെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ വന്നാല്‍ നിങ്ങളൊന്നും താങ്ങില്ല എന്ന് മനസിലാക്കണം..’
കേരള രാഷ്ട്രീയത്തിന്റെ സമുന്നത നേതാവായി സഖാവ് പിണറായി വിജയന്‍ മാറിയ കാലം മുതല്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബത്തിനെതിരായ തെറ്റായ പ്രചരണങ്ങള്‍. അന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ ചേര്‍ത്ത് പ്രചരിപ്പിച്ചതെല്ലാം
പിന്നീട് വസ്തുതയ്ക്ക് നിരക്കാത്താണെന്ന് തെളിയിക്കപ്പെട്ടിരുന്നു. രമ്യഹര്‍മ്മ്യ മാളികയെക്കുറിച്ചും കമല ഇന്റര്‍നാഷണലിനെക്കുറിച്ചും ഇനിയൊരാവര്‍ത്തി പറഞ്ഞാല്‍ അവ ജനങ്ങളിന്ന് പുഛിച്ച് തള്ളും.
കമ്മ്യൂണിസ്റ്റ് നേതാവായ ഒരാളുടെ ഭാര്യയും മകളും മകനുമായത് കൊണ്ട് മാത്രം വേട്ടയാടപ്പെട്ടവരാണ് സഖാവ് പിണറായിയുടെ കുടുംബാംഗങ്ങള്‍.
എന്നാല്‍ സമീപ ദിവസങ്ങളില്‍ ഉമ്മന്‍ ചാണ്ടിയുടെ മക്കളുടെ ജീവിത രീതികളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചില പ്രതികരണങ്ങള്‍ ഉയര്‍ന്നപ്പോഴാണ് മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പെടെ പലരും യഥാര്‍ത്ഥത്തില്‍ ഒന്നുണര്‍ന്നതെന്ന് തോന്നുന്നു..
Content Highlight: Adv. Sachindev MLA supports Pinarayi Vijayan Family