കോഴിക്കോട്: പുള്ളാവൂര്‍ പുഴയിലെ മെസിയുടെയും നെയ്മറുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ മാറ്റേണ്ടതില്ലെന്ന് വ്യക്തമാക്കി സ്ഥലം എം.എല്‍.എ അഡ്വ. പി.ടി.എ റഹീം. ചീപ് പബ്ലിസിറ്റിക്ക് വേണ്ടി ചിലര്‍ ഉയര്‍ത്തുന്ന വാദത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് എം.എല്‍.എ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കട്ടൗട്ടുകള്‍ സ്ഥാപിച്ച സ്ഥലം ഗ്രാമപഞ്ചായത്തിന്റെയോ നഗരസഭയുടെയോ അധികാരപരിധിയില്‍ വരുന്നതല്ലെന്നും കുടിവെള്ള സംവിധാനത്തിന് വേണ്ടി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പുള്ളാവൂരില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റണമെന്ന വാദത്തില്‍ കഴമ്പില്ല. കട്ടൗട്ടുകള്‍ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൊടുവള്ളി നഗരസഭയുടെയും അതിര്‍ത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ല.
എന്‍.ഐ.ടിയുടെ കുടിവെള്ള സംവിധാനത്തിനുവേണ്ടി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭാഗമാണിത്. എന്‍.ഐ.ടിയുടെ ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള സ്ഥലത്ത് സ്ഥാപിച്ച കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അവിടെ സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ടതാണ്.
ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകള്‍ ഉയര്‍ത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല.
ഈ വിഷയത്തില്‍ മെസിക്കും നെയ്മര്‍ക്കും ഫുട്‌ബോള്‍ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പമാണ്.
ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന കാല്‍പന്ത് കളിക്കൊപ്പമാണ്.
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുത്ത ഭീമന്‍ കട്ടൗട്ടുകള്‍ പുഴയില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ശ്രീജിത് പെരുമനയായിരുന്നു പരാതി നല്‍കിയിരുന്നത്.
നേരത്തെ കട്ടൗട്ടുകള്‍ നീക്കണമെന്ന ആവശ്യത്തില്‍ നിന്ന് ചാത്തമംഗലം പഞ്ചായത്ത് പിന്മാറിയിരുന്നു. കട്ടൗട്ടുകള്‍ മാറ്റാന്‍ പഞ്ചായത്ത് രേഖാമൂലം നോട്ടീസ് നല്‍കിയിട്ടില്ലെന്നും പരാതി പരിശോധിക്കുകയും അന്വേഷിക്കുകയും മാത്രമാണ് ചെയ്തതെന്നും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ ഓലിക്കല്‍ പറഞ്ഞു.
”പരാതി ലഭിച്ചു എന്ന് പറയുന്ന സമയത്ത്, അങ്ങനെയൊരു പരാതിയുണ്ടെങ്കില്‍ ഇത് എടുത്തുമാറ്റാന്‍ ഞങ്ങള്‍ തയ്യാറാണെന്ന്, അവരില്‍പെട്ട ചില ആളുകള്‍ തന്നെ അറിയിച്ചു എന്നേയുള്ളൂ. ഇക്കാര്യമാണ് ഇന്നലെയും പറഞ്ഞത്. അല്ലാതെ പഞ്ചായത്ത് ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ പക്ഷത്തേ നില്‍ക്കാന്‍ കഴിയൂ. ആ കട്ടൗട്ടുകള്‍ അവിടെ നിലനിര്‍ത്തണം എന്നുള്ളത് ഞങ്ങളുടെയെല്ലാം വികാരമാണ്,” ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശം നല്‍കിയതായി വാര്‍ത്ത പുറത്തുവന്നത്.
അതേസമയം പുഴയുടെ ഉടമസ്ഥതയില്‍ തര്‍ക്കമുന്നയിച്ച് കൊടുവള്ളി നഗരസഭ രംഗത്തെത്തിയിട്ടുണ്ട്. പുള്ളാവൂര്‍ ചെറുപുഴ കൊടുവള്ളി നഗരസഭയുടെ പരിധിയിലാണെന്നും കട്ടൗട്ടുകളിന്മേല്‍ നടപടിയെടുക്കാന്‍ ചാത്തമംഗലം പഞ്ചായത്തിന് കഴിയില്ലെന്നും നഗരസഭാ ചെയര്‍മാന്‍ വി. അബ്ദുറഹിമാന്‍ പറഞ്ഞു.
കട്ടൗട്ടുകള്‍ പുഴയ്ക്ക് നാശമുണ്ടാക്കുന്നില്ല, പരാതി ലഭിച്ചാലും ആരാധകര്‍ക്കൊപ്പം നഗരസഭ നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുള്ളാവൂര്‍ പുഴ കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ളതാണ്. ഞങ്ങള്‍ പൂര്‍ണമായും ഇവിടത്തെ കളിക്കാര്‍ക്കൊപ്പമാണ്. കളിക്കാരുടെ ആവേശം നഗരസഭ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു.
ഇതു സംബന്ധിച്ച് നഗരസഭയ്ക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. നിയമപരമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പിന്നീട് പരിശോധിക്കാവുന്നതാണ്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഈ കട്ടൗട്ടുകള്‍ വലിയരീതിയില്‍ തടയുന്നതായി ഇപ്പോഴും മനസിലാകുന്നില്ല. അതുകൊണ്ട് കളിക്കാര്‍ക്കും കളിയുടെ വികാരത്തിനും ഒപ്പമാണ് കൊടുവള്ളി നഗരസഭ,” ചെയര്‍മാന്‍ വി. അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു.
അതേസമയം മെസി-നെയ്മര്‍ കട്ടൗട്ടുകള്‍ പുഴയില്‍ നിന്നും നീക്കം ചെയ്യുമെന്ന പ്രചരണം ശക്തമായതോടെ പ്രദേശത്ത് ഫുട്ബോള്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ക്രിസ്റ്റ്യാനോയുടെ റൊണാള്‍ഡോയുടെ കട്ടൗട്ടും ഇന്ന് പുഴയില്‍ സ്ഥാപിക്കുമെന്നും ഒരു വിഭാഗം ആരാധകര്‍ പറഞ്ഞു.
Content Highlight: Adv.Pta Rahim about Messi-Neymar big cut outs issue