| Wednesday, 23rd November 2016, 8:18 pm

തന്റേടമുള്ള പെണ്ണിന്റെ കൈ മുതല്‍ സംസ്‌ക്കാരവും പ്രതികരണ ശേഷിയുമാണ്; മംഗളം വാര്‍ത്തയ്‌ക്കെതിരെ പ്രതിഭാ ഹരി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണുകള്‍ അടച്ച് നിങ്ങളുടെ അമ്മയും ഭാര്യയും സഹോദരിയും, സ്‌നേഹിതയുമൊക്കെ മനസ്സറിയാത്ത കാര്യത്തിന് തീവ്ര വേദനയില്‍ നെഞ്ചുപൊട്ടി നിങ്ങള്‍ കാണാതെയോ കണ്ടോ ഒരിക്കല്‍ കരഞ്ഞിട്ടുണ്ടാകും, 


ആലപ്പുഴ: സി.പി.ഐ.എമ്മിലെ ഒരു വനിതാ എം.എല്‍.എയെക്കുറിച്ച് കഴിഞ്ഞ ദിവസം മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പ്രതികരണവുമായി കായംകുളം എം.എല്‍.എ പ്രതിഭാ ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ലെഗ്ഗിന്‍സ് അണിഞ്ഞ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട സി.പി.ഐ.എം വനിതാ എം.എല്‍.എ വസ്ത്രധാരണത്തില്‍ മര്യാദ പുലര്‍ത്തുന്നില്ലെന്നും പുരുഷ സുഹൃത്തിനൊപ്പം അതിരുവിട്ട ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും  എം.എല്‍.എയുടെ മണ്ഡലത്തിലെ ഏരിയാ കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതായും ഇതേത്തുടര്‍ന്ന് നേതൃത്വം ഇടപെട്ട് എം.എല്‍.എയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്നുമായിരുന്നു കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്.


ഇതിനു പിന്നാലെയാണ് പൊതുപ്രവര്‍ത്തകരായ സ്ത്രീകളെ അവഹേളിക്കുന്നവര്‍ക്കെതിരെ പ്രതിഭാ ഹരി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിക്കുന്നത്.

സ്ത്രീകളെ വേട്ടയാടാന്‍ ഇറങ്ങുന്നവരും കാണികളും ഒരേ പോലെ തന്നെ. രസമുണ്ട് പറഞ്ഞ് ചിരിക്കാന്‍, ആക്ഷേപിക്കാന്‍, സ്വഭാവഹത്യ നടത്താന്‍. പൊതുരംഗത്തെ സ്ത്രീകളെ പറ്റി പ്രത്യേകിച്ചും. അവര്‍ പൊതുവഴിയിലെ ചെണ്ട പോലെ, കൊട്ടി ആഘോഷിക്കുന്നതിന് മുന്‍പ് ഒന്നോര്‍ത്തോളൂ. കണ്ണുകള്‍ അടച്ച് നിങ്ങളുടെ അമ്മയും ഭാര്യയും സഹോദരിയും, സ്‌നേഹിതയുമൊക്കെ മനസ്സറിയാത്ത കാര്യത്തിന് തീവ്ര വേദനയില്‍ നെഞ്ചുപൊട്ടി നിങ്ങള്‍ കാണാതെയോ കണ്ടോ ഒരിക്കല്‍ കരഞ്ഞിട്ടുണ്ടാകും, പ്രതിഭ പോസ്റ്റില്‍ കുറിച്ചു. തന്റേടമുള്ള പെണ്ണിന്റെ കൈ മുതല്‍ സംസ്‌ക്കാരവും പ്രതികരണ ശേഷിയുമാണെന്നും പ്രതിഭ പറയുന്നു.


സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രൂചി മാത്രമല്ല, രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓര്‍മ്മ വേണം. ഓര്‍ക്കുക വല്ലപ്പോഴും. കാമ കഴുതകള്‍ കരഞ്ഞുകൊണ്ട് ജീവിക്കും. അതൊരു ജന്തു വിധി. ചിലപ്പോള്‍, ഇതാവും വാര്‍ത്തക്കു പിന്നിലെ വാര്‍ത്തയെന്നും അവര്‍ കുറിക്കുന്നു.

സ്ത്രീയുടെ കണ്ണീരിന് രക്തത്തിന്റെ നിറമാണെന്നും രുചിയാണെന്നും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പ്രതിഭാ ഹരി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പ്രതിഭാ ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം……..

“ഓര്‍ക്കുക വല്ലപ്പോഴും “…. ടോള്‍സ്റ്റോയിയുടെ ഒരു കഥയുടെ ശീര്‍ഷകം ഓര്‍ക്കുന്നു.. “God sees thet ruth; but wait..” സ്ത്രീകളെ വേട്ടയാടാന്‍ ഇറങ്ങുന്നവരും കാണികളും ഒരേ പോലെ തന്നെ;രസമുണ്ട് പറഞ്ഞ് ചിരിക്കാന്‍, ആക്ഷേപിക്കാന്‍, സ്വഭാവഹത്യ നടത്താന്‍………. …………. പൊതുരംഗത്തെ സ്ത്രീകളെ പറ്റി പ്രത്യേകിച്ചും .. അവര്‍ പൊതുവഴിയിലെ ചെണ്ട പോലെ….. ……… കൊട്ടി ആഘോഷിക്കുന്നതിന് മുന്‍പ് ഒന്നോര്‍ത്തോളൂ… കണ്ണുകള്‍ അടച്ച് … നിങ്ങളുടെ അമ്മയും, ഭാര്യയും ,സഹോദരിയും, സ്‌നേഹിതയുമൊക്കെ മനസ്സറിയാത്ത കാര്യത്തിന് തീവ്ര വേദനയില്‍ നെഞ്ചുപൊട്ടി നിങ്ങള്‍ കാണാതെയോ കണ്ടോ ഒരിക്കല്‍ കരഞ്ഞിട്ടുണ്ടാക്കും.; ഓര്‍മ്മയിലുണ്ടോ ആ രംഗം? സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രൂചി മാത്രമല്ല;രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓര്‍മ്മ വേണം; ഓര്‍ക്കുക വല്ലപ്പോഴും… കാമ കഴുതകള്‍ കരഞ്ഞുകൊണ്ട് ജീവിക്കും;അതൊരു ജന്തു വിധി… ചിലപ്പോള്‍, ഇതാവും വാര്‍ത്തക്കു പിന്നിലെ വാര്‍ത്ത.. ആ കരച്ചിലിനെ ചിലര്‍ കവിതയെന്നും കരുതും ………………. ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തന്‍ തലമുറ ശുംഭന്‍മാര്‍ നമുക്ക് ചുറ്റുമുണ്ട്.. കാല ക്രമത്തില്‍ അവര്‍ക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങള്‍ കാണും;പ്രചരിപ്പിക്കും. ഒടുവില്‍ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചര്‍ച്ചയാകുന്നതിന്റെ പൊരുള്‍ ഇത്ര മാത്രമെന്ന് ഓര്‍ക്കുക വല്ലപ്പോഴും……. തന്റേടമുള്ള പെണ്ണിന്റെ കൈ മുതല്‍ സംസ്‌ക്കാരവും പ്രതികരണ ശേഷിയുമാണ്. ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങള്‍ നീന്തി തളര്‍ന്ന വ രാ ണ് എന്റെ സ്‌നേഹിതര്‍.കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാര്‍………………..സൂരി നമ്പൂതിരിയുടെ കണ്ണുകള്‍ സ് ത്രീ യുടെ വസ്ത്രത്തില്‍ ഉടക്കി നില്‍ക്കും. അയയില്‍ കഴുകി വിരിക്കാന്‍ പോലും അവര്‍ സമ്മതിക്കില്ല.,. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ?……………………….. ധീരന്‍ ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു… അനുനിമിഷം മരിക്കേണ്ടവര്‍ നമ്മള്‍ അല്ല …….. കണ്ണുനീരിന് രക്തത്തിന്റെ നിറം.,,,,,.. രക്തത്തിന്റെ രുചി……….:…….. ഓര്‍ക്കുക വല്ലപ്പോഴും.,,,,

We use cookies to give you the best possible experience. Learn more