കിരണ്‍ കുമാര്‍ കുറ്റക്കാരന്‍ തന്നെ. പക്ഷെ കിരണ്‍ മാത്രമല്ല കുറ്റക്കാരന്‍. ഒറ്റ പ്രതി മാത്രമുള്ള ഒരു കേസല്ല ഇത്. ഈ വിഷയത്തിലെ അപൂര്‍വം കേസുമല്ല.
ശിക്ഷ ഒരു കുറ്റകൃത്യത്തില്‍ വന്ന തെറ്റിനെ കുറിച്ച് ഓര്‍ക്കാനും റിഗ്രറ്റ് ചെയ്യാനും തിരുത്താനും ഉപകരിക്കണം, സമൂഹത്തെ മുന്നോട്ട് നയിക്കുന്നതാകണം, അതാണ് റിഫോര്‍മേറ്റീവ് തിയറി ഓഫ് പണിഷ്മെന്റ് (Reformative theory of punishment) എന്നതാണ് നിയമ പുസ്തകങ്ങള്‍ പഠിപ്പിച്ചത്. ഇതിലും നല്ല കാറ് വാങ്ങിക്കൊടുത്തിരുന്നെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നു എന്ന പാഠം അല്ല രക്ഷിതാക്കളും പുതു തലമുറയും ഈ വിധിയില്‍ നിന്നും പഠിക്കേണ്ട പാഠം.
എത്ര വലുത് കൊടുത്താലും ശമിപ്പിക്കാനാവാത്ത ആര്‍ത്തിയുടെയും ദുരയുടെയും ലോകമാണിത്. അത് ശമിപ്പിക്കാന്‍ ആര് വിചാരിച്ചാലും കഴിയില്ല. കൊടുക്കുന്തോറും ഏറിടുന്ന ഒന്നാണത്. മനുഷ്യരാണ്, അന്തസുള്ള മനുഷ്യര്‍. അവരുടേത് കൂടിയാണ് ഈ ലോകം. സ്വത്തും പണവും പൊന്നും ഇട്ട് തൂക്കം ഒപ്പിക്കാന്‍ മാത്രം ഒരു കുറവും ഈ നാട്ടില്‍ ഒരു പെണ്ണിനും ഇല്ല. അവളും അന്തസ്സുള്ള, വ്യക്തിത്വമുള്ള, അവകാശങ്ങളുള്ള ഒരു സ്വതന്ത്ര ജീവിയാണ് എന്ന് അവളെ പഠിപ്പിക്കാത്ത എല്ലാ സംവിധാനങ്ങളും ഈ കേസില്‍ കൂട്ടു പ്രതിയാണ്.
സ്ത്രീ തന്നെ പോലെ തന്നെ തുല്യാവകാശങ്ങള്‍ ഉള്ളവളാണ്, അവളെ വ്യക്തി എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയേണ്ടതുണ്ട് എന്നതും ആണിനെ ശീലിപ്പിക്കാനാകാതെ പോയ ആണധികാര വ്യവസ്ഥയും കൂട്ടു പ്രതിയാണ്. ലോകം പണത്തിന്റെയാണ്. പണം വാരിക്കൂട്ടുന്നവരുടേതാണ്. മാനവികതയ്ക്ക് ഒരു പ്രസക്തിയുമില്ല. എന്ന മൂലധന ശക്തികളുടെ നിയമങ്ങള്‍ക്കു മുന്നില്‍ മുട്ടു കുത്തി പ്രാര്‍ത്ഥിക്കുന്നവരും ഈ കേസിലെ കൂട്ടു പ്രതികളാണ്.
ഞങ്ങളുടെ മതം സ്ത്രീയെ എന്നും പുരുഷന് താഴെ മാത്രമേ കണ്ടിട്ടുള്ളു എന്ന് കരുതുന്ന എല്ലാ ആരാധനാ സംവിധാനങ്ങളും ഈ കേസിലെ കൂട്ടു പ്രതികളാണ്.
ആണധികാര വ്യവസ്ഥയും മൂലധന ശക്തികളും ചേരുമ്പോഴുണ്ടാകുന്ന ഏറ്റവും ആപത്ക്കരമായ സ്ത്രീ വിരുദ്ധതയോട് ഒരിക്കല്‍ പോലും കലഹിക്കാതെ മിണ്ടാതിരുന്നവരും മിണ്ടാതിരിക്കാനും സഹിക്കാനും പൊറുക്കാനും പറഞ്ഞവരും ഇതില്‍ കൂട്ടു പ്രതികളാണ്.
ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും, എന്ന് ഉത്കണ്ഠ പെടുന്നവരോട് ഏത് വിദ്യാഭ്യാസം എവിടെ വെച്ചാണ് അഭിമാനിനികളായി അന്തസോടെ ജീവിക്കാന്‍ ഈ നാട്ടിലെ സ്ത്രീകളെ പഠിപ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥാനയിട്ടും അറവ് മാടുകളുടെ കച്ചവടത്തിലെ വിലപേശല്‍ നടത്തിയവനെ കുറിച്ച് ഞെട്ടല്‍ രേഖപ്പെടുത്തുന്നവരോട്, എന്ത് സംവിധാനമാണ് മറിച്ച് സ്ത്രീയെ തുല്യരായി കാണാന്‍ അവനെ ശീലിപ്പിച്ചത്?
ഇങ്ങനെ വില പേശി ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും പ്രതിസന്ധിയില്‍ വിദ്യാഭ്യാസം തുണയാകാതെ ജീവിതം തന്നെ അവസാനിപ്പിക്കുകയും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ഈ വിദ്യാഭ്യാസ സമ്പ്രദായവും ഇതില്‍ പ്രതിയാണ്.
യോജിക്കാനാവാത്ത ഇടത്ത് ഒരു നിമിഷം പോലും നില്‍ക്കരുത്, തലയുയര്‍ത്തി ഇറങ്ങി വരണം. ഇരുകയ്യും നീട്ടി കെട്ടിപ്പിടിക്കാന്‍ ചേര്‍ത്തുപിടിക്കാന്‍ ഞങ്ങളുണ്ടാകും എന്ന് പറയാനാവാത്ത എല്ലാ കുടുംബങ്ങളും ഗാര്‍ഹിക അന്തരീക്ഷവും ഇതില്‍ കൂട്ടു പ്രതികളാണ്. ഈ കുടുംബങ്ങള്‍ ഇതേ പോലെ തുടരണം എന്ന് ആഗ്രഹിക്കുന്നവരും പ്രതി പട്ടികയില്‍ പേരുണ്ടാകേണ്ടവര്‍ തന്നെയാണ്.
ഭരണഘടന നിലവില്‍ വന്നിട്ട് ഇത്ര കാലമായിട്ടും ആര്‍ട്ടിക്കിള്‍ 14 മുന്നോട്ട് വെക്കുന്ന തുല്യത എന്ന ആശയം ഈ രാജ്യത്തെ പൗരരെ പഠിപ്പിക്കാനാകാതെ പോയ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഈ കേസില്‍ കൂട്ടു പ്രതിയാണ്.
സഹിക്കവയ്യാത്ത വയലന്‍സിന് നടുവില്‍ നിന്നും ഓടിപ്പോരാന്‍ അവരെ സഹായിക്കാനാകാതെ പോയി എന്ന ഒറ്റക്കാരണത്താല്‍ ഈ പ്രതി പട്ടികയുടെ ഒടുവില്‍ എന്റെ പേരു കൂടി ഉണ്ട്. ആഴത്തില്‍ തിരഞ്ഞാല്‍ നിങ്ങളുടെ പേരും ഉണ്ട്.
അതുകൊണ്ട് വിധിയില്‍ ആഹ്ലാദിക്കും മുമ്പ് ആത്മ പരിശോധനയാകാം, നമ്മള്‍ ഓരോരുത്തര്‍ക്കും. ഈ പ്രതി പട്ടികയില്‍ നിന്നും എത്ര ദൂരം ഉണ്ട് എന്ന്. ഈ ശിക്ഷാവിധിയില്‍ നിന്നും പഠിക്കേണ്ട പാഠം അത് കൂടിയാണ്.
Content Highlight: Adv. PM Athira writes about the Kollam Vismaya case court verdict that found accused Kiran Kumar guilty