കലാലയ രാഷ്ട്രീയം നിയന്ത്രിച്ചും നിരോധിച്ചും പലരീതിയിലുള്ള വിധിന്യായങ്ങള്‍ കേരളത്തിനകത്ത് പലഘട്ടത്തിലായി 90കള്‍ക്ക് ശേഷം ഉണ്ടായിട്ടുണ്ട്. അതിന്റെയെല്ലാം സ്വഭാവം എന്നത് പഠിപ്പുമുടക്ക്, മാര്‍ച്ച്, ധര്‍ണ്ണ, പിക്കറ്റിങ്ങ് തുടങ്ങി ഒരു വിഷയത്തില്‍ സാധ്യമായിട്ടുള്ള പ്രതികരണങ്ങള്‍ എല്ലാം നിരോധിച്ചുകൊണ്ടാണ് വിധിന്യായം വന്നിട്ടുള്ളത് എന്നതാണ്.
ഇപ്പോഴുണ്ടായ വിധിന്യായത്തില്‍ അത്ഭുതപ്പെടാനായി തോന്നിയിട്ടില്ല. കാരണം ഇതിനുമുമ്പ് വിദ്യാര്‍ത്ഥി രാഷ്ട്രീയം കേരളത്തില്‍ വളരെ സജീവമായി വന്നിരുന്നൊരു കാലം തൊട്ട് അതിനോടുള്ള എതിര്‍പ്പും വളരെ സജീവമായി വന്നിട്ടുണ്ട്. ഒരു ഭാഗത്ത് രാഷ്ട്രീയവും മറ്റൊരു ഭാഗത്ത് അരാഷ്ട്രീയത്വത്തിന്റെ രാഷ്ട്രീയവും വളരെ ശക്തമായി വന്നിട്ടുള്ള ഒട്ടേറെ ഉദാഹരണങ്ങള്‍ കേരളത്തിനകത്ത് ഉണ്ടായിട്ടുണ്ട്. അതിലൊക്കെ നീതിപീഠത്തിന്റെ ഭാഗത്തു നിന്നു വന്നിട്ടുള്ള ഇടപെടലുകള്‍ പലപ്പോഴും അരാഷ്ട്രീയത്വത്തിന്റെ രാഷ്ട്രീയത്തിനൊപ്പമായിരുന്നു എന്നുള്ളതാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അത് നീതിപീഠങ്ങളുടെ പൊതുസ്വഭാവം പരിശോധിക്കുന്ന സമയത്ത് നിലനില്‍ക്കുന്ന വ്യവസ്ഥയെ അതുപോലെത്തന്നെ നിലനിര്‍ത്താന്‍ ആവശ്യമായിട്ടുള്ള ഇടപെടലുകളാണ് പലപ്പോഴും നീതിന്യായ വ്യവസ്ഥയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഒരു ക്യാമ്പസിനകത്ത് ആയാലും കലാലയങ്ങളിലായാലും വിദ്യാര്‍ത്ഥിരാഷ്ട്രീയം സംബന്ധിച്ചിട്ടുള്ള ചര്‍ച്ചകളൊക്കെ വരുന്ന സമയത്ത് അതിനകത്ത് വ്യവസ്ഥയെ നിലനിര്‍ത്തുന്ന രീതിയിലുള്ള രാഷ്ട്രീയം തന്നെയാണ് കോടതിയുടെ ഭാഗത്തുനിന്നും എന്നും ഉയര്‍ത്തിപിടിച്ചിട്ടുള്ളത്.
നമ്മുടെ സമീപകാലത്ത് വന്നിട്ടുള്ള വിധിന്യായങ്ങള്‍ പരിശോധിക്കുന്ന സമയത്ത് 2003 മെയിലാണ് സോജന്‍ ഫ്രാന്‍സിസിന്റെ കേസില്‍ വിധി വന്നിട്ടുള്ളത്. ഞാനൊക്കെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകയായി നില്‍ക്കുന്ന സമയത്താണത്. സ്റ്റുഡന്റ് എഡിറ്റര്‍ ആയിട്ടുള്ള സോജന്‍ ഫ്രാന്‍സിസിന് മാഗസിന്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അറ്റന്റന്‍സ് ഷോട്ടേജിന്റെ ഭാഗമായി പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യത്തില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. പക്ഷേ അതില്‍ കോടതിയുടെ കണ്ടെത്തലുകള്‍ അതീവ വിചിത്രമായിരുന്നു. അത് കലാലയ രാഷ്ട്രീയം നിരോധിക്കുക എന്നുള്ളതായിരുന്നു. ഒരു ഹരജിക്കകത്തെ ആവശ്യത്തിലാണ് കോടതി വിധി പറയേണ്ടത്. അതിനു പകരം പരീക്ഷ എഴുതാന്‍ അനുമതി ചോദിച്ച വിദ്യാര്‍ത്ഥിയോട് നിങ്ങള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് പറഞ്ഞു.
2004 ഫെബ്രുവരിയില്‍ ഒരു മാസം തികയുന്നതിന് മുമ്പാണ് മലങ്കര എന്‍.എസ്.എസ് കോളേജിന്റെ കേസിനകത്ത് വിധി വരുന്നത്. 2006ലെ കേസ്, 2013ലെ കോട്ടയം സി.എം.എസ് കോളേജില്‍ നിന്നുള്ള കേസ്
ഇതിലെല്ലാം വിചിത്രമായ വിധിയാണുണ്ടായത്. കലാലയത്തില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്തുന്നതിന് വേണ്ടി ബാനറുകളും കൊടികളും ഉള്‍പ്പെടെ കലാലയത്തിനകത്ത് പാടില്ല എന്ന വിധിയാണ് സി.എം.എസ് കോളേജില്‍ നിന്നുള്ള കേസില്‍ വിധി വന്നത്.
സമീപകാലത്ത് ഇന്ത്യക്കകത്ത് വന്നിട്ടുള്ള പ്രതിരോധങ്ങളുടെ പ്രതികരണങ്ങളുടെ ഉറവിടം എവിടെയെന്ന് ചോദിക്കുമ്പോള്‍ ആന്റി സി.എ.എ ബില്‍ ഉള്‍പ്പെടെ പൗരത്വ ഭേദഗതി ബില്ല് വന്ന സമയത്ത് ഉള്‍പ്പെടെ അത് നിയമമാവുന്നതിന് മുമ്പ് പോലും വന്നിട്ടുള്ള വലിയ പ്രതിഷേധങ്ങള്‍ ജാമിഅ മില്ല്യയില്‍ നിന്നും അത് പടര്‍ന്ന് കേരളത്തിലെ ക്യാമ്പസുകളുടെ ഉള്ളിലേക്ക് വരെ എത്തിയതിന് ശേഷമാണ് നമ്മുടെ പൊലീസ് സമൂഹം അത് തിരിച്ചറിയുന്നതും അത് സമരമായി ഏറ്റെടുക്കുന്നതും.
സ്വാതന്ത്ര്യ സമരത്തിന്റെ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. നൂറ്റാണ്ടുകളുടെ പുറകിലേക്ക് ചരിത്രം നോക്കുന്ന സമയത്ത് ബ്രിട്ടീഷ് ആധിപത്യത്തിനെതിരായിട്ടുള്ള സമരങ്ങള്‍ എവിടെ നിന്നാരംഭിച്ചു എന്നതിനുള്ള ഉത്തരമാണ് ഈ രീതിയില്‍ ധാക്കയില്‍ നടന്നിട്ടുള്ള വിദ്യാര്‍ത്ഥി മൂവ്‌മെന്റ്, കല്‍ക്കത്തയില്‍ നടന്നിട്ടുള്ള വിദ്യാര്‍ത്ഥി മൂവ്‌മെന്റ് അങ്ങനെ മഹാത്മാ ഗാന്ധി ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളോട് ക്യാമ്പസ് ബഹിഷ്‌കരിക്കണമെന്നും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കണമെന്നും പറഞ്ഞിട്ടുള്ളത്.
ഇന്ത്യ ഇന്ന് കടന്നു പോകുന്നത് സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇത്രയും ആളുകള്‍ പങ്കെടുക്കുകയും ഇത്രയും നീണ്ടു നില്‍ക്കുകയും ചെയ്യുന്ന ഒരു സമരം ഈ രാജ്യം കണ്ടുകൊണ്ടിരിക്കുന്നൊരു ഘട്ടത്തിലാണ് വിദ്യാര്‍ത്ഥികളോട് ക്യാമ്പസിനകത്ത് നിന്ന് ഒരു വിധത്തിലുള്ള പ്രതികരണവുമരുത് പ്രതിഷേധങ്ങളും അരുത് എന്ന നിലക്കൊരു വിധി വരുന്നത്. അവിടെയാണ് അതിന്റെയൊരു വൈരുദ്ധ്യം നിലനില്‍ക്കുന്നത്. മനുഷ്യരുടെയൊരു സവിശേഷമായ പ്രായഗണനകൂടിയെടുത്താല്‍ എല്ലാറ്റിനോടും പ്രതികരിക്കാന്‍ കഴിയുന്ന സമയം എപ്പോഴാണെന്ന് ചോദിക്കുമ്പോള്‍ യൗവ്വനത്തില്‍ നില്‍ക്കുന്ന കൗമാരത്തില്‍ നില്‍ക്കുന്ന മനുഷ്യരുടെ പ്രതികരണ ശേഷി എന്നു പറയുന്നത് വളരെ പ്രാധാന്യമുള്ളതാണ്.
അക്കാലത്ത് അവര്‍ കടന്നു പോകുന്ന പ്രത്യേകിച്ച് കേരളത്തില്‍ (കേരളം ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ എത്രത്തോളം കലാലയം പ്രാപ്യമാകുന്നുണ്ട് എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്) ഈ പ്രായഗണനയില്‍പ്പെട്ടിട്ടുള്ള മനുഷ്യര്‍ കലാലയങ്ങളിലൂടെ കടന്നുപോകുന്നവര്‍ തന്നെയാണ്. അവരുടെ പ്രതികരണശേഷിയെ എങ്ങനെയാണ് ചുരുക്കേണ്ടത് അതിന് എന്തൊക്കെ സംവിധാനങ്ങളുണ്ട് എന്ന് അന്വേഷിക്കുന്നവരാണ് ഈ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നത്.
ഇവരൊക്കെ ഊന്നല്‍ നല്‍കുന്നത് പഠനത്തിലാണ്. പഠനം എന്നു പറയുന്നത് എന്താണെന്നുള്ളതാണ് ഏറ്റവും പ്രാഥമികമായ ചോദ്യം. പാഠപുസ്തകങ്ങള്‍ മാത്രം പഠിക്കുന്നതാണോ പഠനം എന്നുള്ള ചോദ്യം നമ്മള്‍ ഉറക്കെ ചോദിക്കുന്ന ഒരു സമയം കൂടിയാണിത്. ഒരു മനുഷ്യനെ സമ്പൂര്‍ണ്ണ മനുഷ്യനാക്കി മാറ്റുക എന്നതാണ് പഠന പ്രക്രിയ എന്ന് നാം കരുതുന്നുണ്ടെങ്കില്‍ അതില്‍ ഏറ്റവും പ്രധാനം അവരുടെ പ്രതികരണശേഷി വികസിപ്പിച്ചെടുക്കല്‍ തന്നെയാണ്. മൗനം ഭജിച്ചുകൊണ്ട് തലകുനിച്ച് മുട്ടുമടക്കി എല്ലാറ്റിനോടും ഒരു രീതിയിലുള്ള സമരവും സാധ്യമാകാത്ത രീതിയിലുള്ള മനുഷ്യരാണോ നമ്മള്‍ ആഗ്രഹിക്കുന്ന സമ്പൂര്‍ണ്ണ മനുഷ്യര്‍.
അനീതി കാണുമ്പോള്‍ വിരല്‍ ചൂണ്ടുന്ന മനുഷ്യരെ സൃഷ്ടിച്ചെടുക്കുമ്പോഴാണ് സമ്പൂര്‍ണ്ണ മനുഷ്യനുണ്ടാവുന്നതെങ്കില്‍ പഠനം അതുകൂടിയാണ്. ആ നിലക്ക് പഠനത്തെ പാഠപുസ്തക പഠനം മാത്രമാക്കി ചുരുക്കികാണുന്നവരുടെ അജണ്ട കൂടി ഇതിനകത്ത് വളരെ കൃത്യമാണ്. അതിനെ പ്രയോഗപ്പെടുത്തുന്നതിന് വേണ്ടി പാഠപുസ്തകത്തിലേക്ക് മാത്രം ശ്രദ്ധയുണ്ടാക്കിയെടുക്കലാണ് പഠനപ്രക്രിയയുടെ ലക്ഷ്യം എന്നു കരുതുന്നവരെ സാധൂകരിക്കലാണത്. നേരെ മറിച്ച് ഒരു സമ്പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കുന്ന പാഠ്യക്രമത്തിനകത്ത് പ്രതികരണശേഷിക്കും പ്രതികരണങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പ്രതികരണ ശേഷി ഇല്ലാതാക്കല്‍ എക്കാലത്തും ഭരണകൂടത്തിന്റെ അജണ്ടയാണ്. അത്തരം പ്രതികരണങ്ങളെ ഇല്ലാതാക്കുന്ന രീതിയിലുള്ള ഭരണകൂടത്തിന്റെ ഇടപെടല്‍ വലിയ രീതിയില്‍ വ്യക്തമായി പുറത്തേക്ക് വരുന്നൊരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എതിര്‍പ്പിന്റെ ശബ്ദങ്ങളെ എങ്ങനെ ഇല്ലാതാക്കണമെന്നുള്ള പരീക്ഷണങ്ങളും ഗവേഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ കൂടെ തുടര്‍ച്ചയായിട്ടാണ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധികളായിട്ടുള്ള പലവിധ സംവിധാനങ്ങളെ ഈ കാലം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേകിച്ച് ഇന്നത്തെ ഭരണ സംവിധാനത്തിനകത്ത് ഇന്ത്യ ഭരിക്കുന്നവര്‍ എല്ലാ നിലക്കും, ഇക്കഴിഞ്ഞ ദിവസം പോലും ദല്‍ഹിയിലെ കലാപം സംബന്ധിച്ച് വിധി പറഞ്ഞിട്ടുള്ള ന്യായാധിപര്‍ ഒറ്റ രാത്രികൊണ്ട് സ്ഥലം മാറ്റുന്ന ഒരു നീതിന്യായ വ്യവസ്ഥയാണിത്. പേടിപ്പിക്കുന്നൊരു നീതിന്യായ വ്യവസ്ഥ. അതിനകത്തു നിന്നുകൊണ്ട് നമ്മളിതിനെയൊക്കെ സമഗ്രമായി കാണുന്ന സമയത്ത് മനുഷ്യരുടെ പ്രതികരണശേഷികളെ ഭരണകൂടത്തിനെതിരായ മുദ്രാവാക്യം വിളികളെ എങ്ങനെയില്ലാതാക്കണമെന്ന അജണ്ടയുടെ ഭാഗമാണിത്. പഠനമാണ് ഉത്കണ്ഠയെങ്കില്‍ പഠനത്തെ മുന്നോട്ട് കൊണ്ടുവരുമ്പോള്‍ എന്തൊക്കെ സംവിധാനങ്ങളുണ്ട്? നൂതനസാങ്കേതിക വിദ്യകള്‍ വികസിച്ചുവരുന്ന കാലത്ത് നമ്മുടെ കുട്ടികളെ മിടുക്കരായ വിദ്യാര്‍ത്ഥികളാക്കി മാറ്റാന്‍ ഒട്ടേറെ അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ട്.
അത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നിരോധിച്ചതുകൊണ്ടു മാത്രം സാധ്യമാകുന്ന ഒന്നാണ് എന്ന സമവാക്യത്തിലേക്ക് എത്തിച്ചേരുന്ന സമയത്ത് അതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. വിദ്യാര്‍ത്ഥികാലയളവിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നമ്മള്‍ നടത്തിയ സമരങ്ങള്‍ അതായത് ഏറ്റവും കൂടിയ സമരങ്ങള്‍ കേരളത്തില്‍ നടക്കുന്ന സമയത്ത് പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടുള്ള ആളാണ് ഞാന്‍. 1994ല്‍. ഏറ്റവും കൂടുതല്‍ അദ്ധ്യായന ദിവസങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടുള്ള പഠിപ്പുമുടക്കു സമരങ്ങള്‍ കേരളത്തിലെ സ്‌കൂളുകള്‍ക്കകത്ത് നടന്നിട്ടുള്ള കാലത്ത് സ്‌കൂളില്‍ പഠിച്ചു വന്നിട്ടുള്ള ആളാണ് ഞാന്‍. ഒരിക്കലും അതിന്റെ ഭാഗമായിട്ട് വിദ്യാഭ്യാസം മോശമായിപ്പോയി എന്ന ധാരണ ഇതുവരെ ഉണ്ടായിട്ടില്ല.
ഞങ്ങള്‍ക്ക് സമകാലികരായി കടന്നു വന്ന മനുഷ്യര്‍ ഞങ്ങള്‍ക്ക് മുമ്പേയുള്ള മനുഷ്യര്‍ ഞങ്ങള്‍ക്ക് പുറകേ വന്നിട്ടുള്ള മനുഷ്യര്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായിട്ട് അവരുടെ ജീവിതത്തില്‍ അവരുടെ വിദ്യാഭ്യാസത്തില്‍ മോശമായി എന്ന അഭിപ്രായം വ്യക്തിപരമായ പശ്ചാത്തലത്തില്‍ ഇല്ലാത്ത ഒരാളാണ് ഞാന്‍. മറ്റൊന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നത് അക്രമ രാഷ്ട്രീയം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമവുമുണ്ട്. അക്രമരാഷ്ട്രീയത്തെ നമുക്ക് ന്യായീകരിക്കാനാവില്ല. പക്ഷേ അതിന്റെ ഉപാധി തലവേദന വന്നാല്‍ തല അറുത്തുകളയുക എന്നതല്ല. വിദ്യാര്‍ത്ഥികളുടെ പ്രതികരണശേഷിയാണ് ഇവിടെ ഇല്ലാതാവുന്നത്.
ഈയൊരു കാര്യത്തില്‍ ഹരജികളുമായി വന്നിട്ടുള്ളവരെല്ലാം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഇടിമുറികളെ ബലപ്പെടുത്തുന്നതിന് എതിര് നില്‍ക്കുന്നതാര് അവരുടെ ഫീസ് വര്‍ധനവ് പോലുള്ള കാര്യങ്ങളെ ചോദ്യം ചെയ്യുന്നതാര് അവരെ ഇല്ലാതാക്കുക എന്ന വലിയ അജണ്ട കൂടി ഇതിന്റെ ഭാഗമായിട്ട് മുന്നോട്ട് വെക്കുന്നുണ്ട്.
ഇതിനെ ചെറുതായിക്കണ്ടുകൂടാ. എന്നാലും ക്യാമ്പസുകളെ സംബന്ധിച്ച് എന്നും പ്രതീക്ഷകളാണുള്ളത്. പ്രതികരണശേഷിയുള്ള മനുഷ്യരെ അത്ര പെട്ടന്നൊന്നും ഇല്ലാതാക്കാന്‍ കഴിയില്ല. അത് കോടതി വിധി കൊണ്ടോ സ്വകാര്യ മാനേജ്‌മെന്റിന്റെ തിട്ടൂരം കൊണ്ടോ ഇല്ലാതാക്കാന്‍ കഴിയുന്നതല്ല ക്യാമ്പസിന്റെ രാഷ്ട്രീയം എന്നു പറയുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എല്ലാ കാലത്തും എല്ലാവരെയും പേടിപ്പിച്ച് നിര്‍ത്താന്‍ ഈ വിധിന്യായങ്ങള്‍ക്ക് സാധിക്കില്ല.അതിനെ മുറിച്ചു കടന്നവരാണ് കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനം കേരളത്തിലെ രാഷ്ട്രീയം. നിക്കാരാഗ്വേയിലെ തൊഴിലാളികള്‍ക്ക് വേണ്ടി ഐക്യദാര്‍ണ്ഡ്യവുമായി പോയ വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട.് ക്യൂബയിലെ നിരോധനം ഏര്‍പ്പെടുത്തിയ സമയത്ത് അതിനെ അതിജീവിക്കുന്നതിന് വേണ്ടി സ്‌കൂളുകളില്‍ നിന്ന് ബക്കറ്റ് പിരിവ് നടത്തി ക്യൂബയിലേക്ക് പണമയച്ച വിദ്യാര്‍ത്ഥികളുണ്ട്. ലോകത്തെവിടെയും ജനങ്ങള്‍ വേദനയനുഭവിക്കുന്ന സമയത്ത് ക്ലാസ് മുറികളുടെ വരാന്തയില്‍ നിന്ന് മുദ്രാവാക്യം ഉയര്‍ത്തിയിട്ടുള്ള വിദ്യാര്‍ത്ഥികളുണ്ട്. അതിനാല്‍ ഈ വിധിയെ മറികടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും എന്ന വലിയ പ്രതീക്ഷയാണുള്ളത്.