| Friday, 12th March 2021, 6:38 pm

ലീഗിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ രണ്ടാം വനിതാ സ്ഥാനാര്‍ത്ഥിയായി അഡ്വ. നൂര്‍ബിന റഷീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാല്‍ നൂറ്റാണ്ടിന് ശേഷം മുസ്‌ലിം ലീഗ് ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും ലീഗ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കുന്നത് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമായ അഡ്വ. നൂര്‍ബിന റഷീദാണ്.

1996ലാണ് ഇതിനു മുന്‍പ് ലീഗില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുന്നത്. ഖമറുന്നിസ അന്‍വറായിരുന്ന് അന്ന് കോഴിക്കോട് നിന്നും മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മുസ്‌ലിം ലീഗിലെ വനിതാ പ്രാതിനിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സ്ഥാനാര്‍ത്ഥിത്വം വഴിവെച്ചിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എളമരം കരീമിനോട് 8000ത്തിലേറെ വോട്ടുകള്‍ക്കായിരുന്നു ഖമറുന്നീസ് പരാജയപ്പെട്ടത്.

പിന്നീടുള്ള വര്‍ഷങ്ങളില്‍ ലീഗില്‍ നിന്നും വനിതാസ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും 25 വര്‍ഷത്തേക്ക് വനിതകളാരും നിയമസഭാ മത്സരവേദിയിലേക്ക് എത്തിയില്ല. ഇപ്പോള്‍ അഡ്വ. നൂര്‍ബിന റഷീദിന്റെ വരവോടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വനിതകള്‍ ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടുമെന്നാണ് വിലയിരുത്തലുകള്‍.

ലീഗിന്റെ നേതൃത്വത്തിലേക്ക് എത്തിയ അപൂര്‍വ്വം വനിതാനേതാക്കളിലൊരാള്‍ കൂടിയാണ് അഡ്വ. നൂര്‍ബീന റഷീദ്. മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗമാകുന്ന ആദ്യ വനിതയാണ് നൂര്‍ബിന.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വനിതകളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ലീഗുള്ളില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു. സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റായ അഡ്വ. ഫാത്തിമ തഹ്‌ലിയ എന്നിവരെ ലീഗ് നേതൃത്വം പരിഗണിക്കുന്നതയായായിരുന്നു റിപ്പോര്‍ട്ടുകള്‍

സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ദേശത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നുമായിരുന്നു നൂര്‍ബിന റഷീദ് പ്രതികരിച്ചത്. മൂന്നു പതിറ്റാണ്ടിലധികമായി പാര്‍ട്ടിക്കും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയാണ്. കര്‍മ്മം ചെയ്യൂ, ഫലം തരേണ്ടത് മുകളില്‍ നിന്നുള്ള ആളാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും നൂര്‍ബിന റഷീദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം മുസ്‌ലിം ലീഗ് വനിതകളെ പരിഗണിക്കേണ്ടതില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു. സംവരണ തത്വം പാലിക്കാനാണ് സാധാരണ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും നിയമസഭയിലേക്ക് അങ്ങനെയൊരു സാഹചര്യമില്ലെന്നും എസ്.വൈ.എസ് സെക്രട്ടറി കൂടിയായ അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു.

‘വനിതാ സ്ഥാനാര്‍ത്ഥികളെ സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിവരുന്നത് സംവരണതത്വം പാലിക്കുക എന്ന നിര്‍ബന്ധിത സാഹചര്യത്തിലാണ്. നിയമസഭയിലേക്ക് അങ്ങനൊരു നിര്‍ബന്ധിത സാഹചര്യം ഇല്ല. ലീഗിന് വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടത് അത്യാവശ്യമല്ല. കാരണം നമ്മുടെ സഹോദരിമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ തീര്‍ച്ചയായും നമുക്ക് സാധ്യമാകുന്നുണ്ട്. സ്ത്രീകള്‍ക്ക് ഇസ്ലാം മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. അവര്‍ക്ക് സ്ഥാനങ്ങളും നല്‍കിയിട്ടുണ്ട്,’ അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനകത്ത് കുടുംബിനിയായ ഒരാള്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതില്‍ പരിധിയും പരിമിതിയുമുണ്ട്. അതേസമയം നിര്‍ബന്ധമായും സംവരണ തത്വം വന്നാല്‍ അത് പാലിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്ത്രീവിരുദ്ധമായ നിലപാടുകളാണ് സമസ്ത സ്വീകരിക്കുന്നതെന്ന് വ്യാപക വിമര്‍ശനുമുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Adv.Noorbina Rasheed, Muslim League women candidate for Kerala Election 2021

Latest Stories

We use cookies to give you the best possible experience. Learn more