പടക്കശാലകളാകുന്ന ലേബര്‍ ക്യാമ്പുകള്‍
DISCOURSE
പടക്കശാലകളാകുന്ന ലേബര്‍ ക്യാമ്പുകള്‍
ആര്‍.മുരളീധരന്‍
Wednesday, 19th June 2024, 4:46 pm
സമ്പന്നതയുടെ പാരമ്യത്തിലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുമ്പോഴും എന്തുകൊണ്ടാണ് ചെറിയ വരുമാനക്കാരായ വിദേശ തൊഴിലാളികള്‍ക്ക് ആ സമ്പത്തിന്റെ ചെറിയൊരംശം പോലും കിട്ടാത്തതും അവഗണനകള്‍ അനുഭവിക്കേണ്ടിവരുന്നതും? തങ്ങളുടെ മാതൃരാജ്യങ്ങളിലെ ഭരണാധികാരികളുടെ പിടിപ്പുകേടും അവഗണനയും തന്നെയാണ് അവരെ ഈ അവസ്ഥയില്‍ എത്തിക്കുന്നത്.

തെക്കന്‍ കുവൈറ്റിലെ മംഗഫില്‍ കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പില്‍ ജൂണ്‍ 12-ന് പുലര്‍ച്ചെയുണ്ടായ ഭീകരമായ തീപിടിത്തത്തില്‍ 49 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. നിരവധിപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇരകളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ തൊഴിലാളികളായിരുന്നു, അതില്‍ തന്നെ കൂടുതലും മലയാളികളും.

വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്നും കത്തുന്ന വസ്തുക്കളുടെ സാന്നിധ്യം മൂലം കെട്ടിടത്തിലുടനീളം തീ പടര്‍ന്നതെന്നും പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു. മലയാളിയായ കെ.ജി. അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള NBTC ഗ്രൂപ്പ് സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ താമസിക്കുന്ന താരതമ്യേനെ ഉയര്‍ന്ന നിലവാരത്തിലുള്ള ക്യാമ്പാണ് തീപിടിച്ചതെന്ന് പറയപ്പെടുന്നു.

കുവൈറ്റിലെ ലേബര്‍ ക്യാമ്പിലെ തീപിടുത്തം ഒറ്റപ്പെട്ട സംഭവമല്ല. മിക്കവാറും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും ലേബര്‍ ക്യാമ്പുകള്‍ ഒരു തീപ്പൊരി വീണാല്‍ പോലും പൊട്ടിത്തെറിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ നിറച്ച കൂടാരങ്ങള്‍ പോലെയാണ്.

താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികളെ ഈ ക്യാമ്പുകളിലാണ് സ്ഥാപന ഉടമകള്‍ പാര്‍പ്പിക്കുന്നത്. ഇന്ത്യക്കാര്‍, പാകിസ്ഥാനികള്‍, ശ്രീലങ്കക്കാര്‍, നേപ്പാളികള്‍, ബംഗ്ലാദേശികള്‍ തുടങ്ങി പട്ടിണി രാജ്യങ്ങളിലെ തൊഴിലാളികളെയാണ് സ്ഥാപന ഉടമകള്‍ ഇത്തരം ക്യാമ്പുകളില്‍ തള്ളിവിടുന്നത്.

സമ്പന്നര്‍ താമസിക്കുന്ന സിറ്റി സെന്ററുകളില്‍ നിന്നകന്ന് അടിസ്ഥാനസൗകര്യങ്ങള്‍ തീരെ പരിമിതമാണ് ഈ ക്യാംപുകളില്‍.

കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങള്‍, ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ തീരെ പരിമിതമാണ്. കാലപ്പഴക്കത്തില്‍ തകരാറായ കെട്ടിടങ്ങളും വൃത്തിഹീനമായ പരിസരങ്ങളും പൊട്ടിപ്പൊളിഞ്ഞ ഓടകളും ഇപ്പറഞ്ഞ ക്യാമ്പുകളുടെ പ്രത്യേകതകളാണ്.

കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താനോ പുതിയ കെട്ടിടങ്ങളിലേക്ക് തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനോ സ്ഥാപന ഉടമകള്‍ ശ്രമിക്കാറില്ല. ഒരു തീപ്പൊരി വീണാല്‍ പോലും കത്തിപ്പടരാന്‍ സാധ്യതയുള്ളവയാണ് ഈ ലേബര്‍ ക്യാമ്പുകളില്‍ ബഹുഭൂരിപക്ഷവും. തീപിടുത്തം പ്രതിരോധിക്കാനോ തീകെടുത്താനോ ഉള്ള സംവിധാനങ്ങള്‍ ഇവിടങ്ങളില്‍ കേട്ടുകേള്‍വി മാത്രമാണ്.

തീപിടുത്തമുണ്ടായ കുവൈറ്റിലെ ലേബര്‍ ക്യാമ്പില്‍ താമസിച്ചിരുന്ന തൊഴിലാളികള്‍ കെ.ജി. അബ്രഹാം എന്ന മലയാളിയുടെ സ്ഥാപനത്തിലെ ജീവനക്കാരാണ്. അത് കേവലം യാദൃശ്ചികം മാത്രമാണ്. അപൂര്‍വ്വം ചില സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് മാന്യമായ ജീവിതസൗകര്യങ്ങള്‍ കൊടുക്കുകയും അത് കൃത്യമായി നിരീക്ഷിച്ച് ന്യൂനതകള്‍ കാലാകാലങ്ങളില്‍ പരിഹരിക്കുന്നതൊഴിച്ചാല്‍ ബഹുഭൂരിപക്ഷം വരുന്ന സ്വദേശികളും വിദേശികളുമായ സ്ഥാപന ഉടമകള്‍ ജീവനക്കാരോടുള്ള സമീപനത്തില്‍ ഏറെക്കുറെ ഒരേ സമീപനമാണ് കാണിക്കുന്നത്.

സമ്പന്നതയുടെ പാരമ്യത്തിലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുമ്പോഴും എന്തുകൊണ്ടാണ് ചെറിയ വരുമാനക്കാരായ വിദേശ തൊഴിലാളികള്‍ക്ക് ആ സമ്പത്തിന്റെ ചെറിയൊരംശം പോലും കിട്ടാത്തതും അവഗണനകള്‍ അനുഭവിക്കേണ്ടിവരുന്നതും? തങ്ങളുടെ മാതൃരാജ്യങ്ങളിലെ ഭരണാധികാരികളുടെ പിടിപ്പുകേടും അവഗണനയും തന്നെയാണ് അവരെ ഈ അവസ്ഥയില്‍ എത്തിക്കുന്നത്.

കേരളത്തില്‍നിന്നും നിരന്തരമായി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വന്നുപോകുന്നുണ്ട്. ഓരോ തവണ വരുമ്പോഴും അവരുടെ ആതിഥേയരായ ഗള്‍ഫിലെ സംഘടനാനേതാക്കള്‍ ഒരു ചടങ്ങുപോലെ ലേബര്‍ ക്യാമ്പുകള്‍ കൊണ്ട് കാണിക്കാറുണ്ട്. തീര്‍ത്ഥാടകരെപ്പോലെ അവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു സായൂജ്യമടയുന്നു.

ഇന്ത്യയുടെ പ്രധാനമന്ത്രിയോ വിദേശകാര്യമന്ത്രിയോ മറ്റേതെങ്കിലും അധികാരസ്ഥാനത്തുള്ള മന്ത്രിമാരോ ഉദ്യോഗസ്ഥരോ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ഗള്‍ഫ് ഭരണാധികാരികളോട് ചര്‍ച്ചകള്‍ നടത്തുമ്പോഴും അവിടങ്ങളിലെ ഇന്‍ഡ്യന്‍ തൊഴിലാളികളുടെ ജീവിതാവസ്ഥകളെക്കുറിച്ചുള്ള ഒന്നും അവരുടെ അജണ്ടകളില്‍ വരുന്നതേയില്ല.

നിരന്തരം ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴെങ്കിലും ആ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ച് എന്തെങ്കിലും എപ്പോഴെങ്കിലും പറഞ്ഞതായി വാര്‍ത്തകളില്‍ വന്നിട്ടുണ്ടോ?

2010-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സൗദി അറേബ്യയിലെ റിയാദ് സന്ദര്‍ശിച്ചപ്പോള്‍ വിദേശകാര്യ സഹമന്ത്രി ശശി തരൂരും അംബാനി, ടാറ്റ തുടങ്ങിയ ഒരുകൂട്ടം വ്യവസായികളും കൂടെയുണ്ടായിരുന്നു. അന്ന് അദ്ദേഹം സൗദി രാജാവും മറ്റ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.

മന്‍മോഹന്‍ സിങ്ങിന്റെ സന്ദര്‍ശനം വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന ഇന്ത്യന്‍ എംബസ്സിയിലെ ക്ഷേമവിഭാഗത്തിലെ രാജസ്ഥാന്‍ സ്വദേശിയായ ഒരു ഉന്നതോദ്യോഗസ്ഥന്‍ വളരെ നിരാശനായി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു: ‘എന്റെ മുന്നില്‍ എത്താറുള്ളത് കരയുന്ന മനുഷ്യരെയാണ്. അവരുടെ കണ്ണീരൊപ്പാന്‍ എന്തെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കൊണ്ടുണ്ടാവുമെന്ന് കരുതി. ഫലം വെറും നിരാശമാത്രം’ ഇതാണ് പ്രധാനമന്ത്രിയുടെ സമീപനമെങ്കില്‍ എംബസ്സികളിലെയും കോണ്‍സുലേറ്റുകളിലെയും ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് എങ്ങനെ കുറ്റം പറയാനാവും?

അന്തര്‍ദ്ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടുമാത്രമാണ് കുവൈറ്റ് തീപിടുത്തത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. ഇതുപോലുള്ള ചെറുതും വലുതുമായ നിരവധി ദുരന്തങ്ങള്‍ തൊഴിലാളികളുടെ പാര്‍പ്പിടങ്ങളില്‍ നിരന്തരമെന്നോണം സംഭവിക്കുന്നുണ്ട്.

അപ്പോഴൊക്കെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക എന്ന മിനിമം പരിപാടിയൊഴികെ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരമോ ആനുകൂല്യങ്ങളോ കൊടുക്കാന്‍ പലപ്പോഴും സ്ഥാപന ഉടമകള്‍ തയ്യാറാവുന്നില്ല. മൃതദേഹം നാട്ടിലേയ്ക്കുന്നതിനുമുമ്പ് നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങള്‍ വേണ്ടത്ര ശുഷ്‌ക്കാന്തിയും കാണിക്കാറില്ല.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സൗദി അറേബ്യായിലെ ബുറൈദ എന്ന പ്രവിശ്യയില്‍ ഒരു ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരുടെ താമസസ്ഥലത്ത് ഇതുപോലെ ഒരു തീപിടുത്തമുണ്ടായി 8 -9 മലയാളി തൊഴിലാളികള്‍ വെന്തുമരിച്ചിരുന്നു. അതിന്റെയും നടത്തിപ്പുകാരന്‍ ഒരു മലയാളിയായിരുന്നു.

സാധാരണഗതിയില്‍ ഇത്തരത്തിലുള്ള അപകടം സംഭവിക്കുമ്പോള്‍ മൃതദേഹം നാട്ടിലയക്കുന്നതിനുമുമ്പ് സ്‌പോണ്‍സര്‍ ആ തൊഴിലാളിയുടെ എല്ലാ ബാധ്യതകളും (ശമ്പളവും ഗ്രാറ്റിവിറ്റിയും മറ്റും) തീര്‍ക്കണമെന്നാണ് എംബസ്സിയുടെ വ്യവസ്ഥ.

എന്നാല്‍ അപകടത്തില്‍ മരിച്ചവരുടെ ബാധ്യതകള്‍ ഒന്നും തീര്‍ക്കാതെ എംബസ്സി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചട്ടങ്ങള്‍ മറികടന്ന് ക്ലിയറന്‍സ് വാങ്ങി എത്രയും പെട്ടെന്ന് മൃതദേഹങ്ങള്‍ നാട്ടിലയക്കാനാണ് മേല്‍പ്പറഞ്ഞ മലയാളി സ്ഥാപന നടത്തിപ്പുകാരന്‍ ശ്രമിച്ചത്.

ഇതിനെതിരെ എംബസിക്കും വിദേശമന്താലയത്തിനും പരാതികൊടുത്ത ഞാന്‍ കേട്ട പഴികള്‍ക്ക് കണക്കില്ല.മൃതദേഹങ്ങള്‍ നാട്ടിലേയ്ക്കുന്നതില്‍ മാത്രം സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള ചില പൊതുപ്രവര്‍ത്തകരുടെ ശകാരവും കേള്‍ക്കേണ്ടിവന്നു.

കുവൈറ്റില്‍ സംഭവിച്ച ദുരന്തത്തില്‍ ആ രാജ്യവും നമ്മുടെ രാജ്യവും നമ്മുടെ സ്ഥാനപതി കാര്യാലയങ്ങളും തൊഴിലാളികളെ പരമാവധി പിഴിഞ്ഞുകൊണ്ടിരിക്കുന്ന സ്വദേശി-വിദേശി മുതലാളിമാരും കുറ്റക്കാരാണ്.

2009-ല്‍ വയലാര്‍ രവി പ്രവാസികാര്യമന്ത്രി ആയിരിക്കുമ്പോഴാണ് വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ വിദേശങ്ങളില്‍ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കുവേണ്ടി ‘Indian Community Welfare Fund (ICWF)’ എന്ന പേരില്‍ ഒരു ക്ഷേമനിധി രൂപീകരിക്കുന്നത്.

വയലാര്‍ രവി

തൊഴിലാളികളില്‍നിന്നും പിരിച്ചെടുക്കുന്ന തുകകൊണ്ടാണ് ഈ ക്ഷേമനിധി ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ എന്തുദ്ദേശത്തിനാണോ ഈ ക്ഷേമനിധി കൊണ്ടുവന്നത് അതിനെ അട്ടിമറിക്കുന്ന സമീപനമാണ് പിന്നീട് വയലാര്‍ രവിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ഫണ്ട് ഇഷ്ടംപോലെ ഉണ്ടായിട്ടും പദ്ധതിയില്‍ പറഞ്ഞിരുന്ന ഭൂരിഭാഗം ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭ്യമായില്ല. ഒരിക്കല്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ‘ഇതെന്റെ പദ്ധതിയാണ്; എനിക്കിഷ്ടമുള്ളത് ചെയ്യും’ എന്ന ധാര്‍ഷ്ട്യം നിറഞ്ഞ മറുപടിയാണ് അദ്ദേഹം പറഞ്ഞത്. ഈ പദ്ധതിയുടെ അവസ്ഥ ഇപ്പോഴും പഴയതുപോലെതന്നെയാണ്.

തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളിലെ പാവപ്പെട്ട തൊഴിലാളികളോടുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സമീപനത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവണം. സമ്പന്നരായ ഗള്‍ഫ് ഭരണാധികാരികളുടെ കേവലം ചാര്‍ച്ചക്കാര്‍ മാത്രമായ ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിലെ ഭരണാധികാരില്‍നിന്നും കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

തൊഴിലാളികളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്രത്തലത്തില്‍ സംവിധാനങ്ങള്‍ ഉണ്ടാവണം. അന്താരാഷ്ട തൊഴില്‍ സംഘടനയും (International Labor Organization ) മനുഷ്യാവകാശ സംഘടനകളും ഈ വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തണം. എങ്കില്‍ മാത്രമേ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ക്ക് ഒരു ബ്രേക്കെങ്കിലും ഇടാന്‍ സാധിക്കുകയുള്ളു.

content highlights: Adv.Muralidharan R writes About the plight of labor camps in the Gulf countries

ആര്‍.മുരളീധരന്‍
ദീര്‍ഘകാലം പ്രവാസി, ഇപ്പോള്‍ അഭിഭാഷകനായി ജോലി ചെയ്യുന്നു