കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തില്‍ എം.കെ.ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകസ്ഥാനം ഒഴിഞ്ഞേക്കും. സര്‍ക്കാരിനെതിരായ കേസുകളില്‍ തുടര്‍ന്നും എം.കെ. ദാമോദരന്‍ ഹാജരാകുന്ന സാഹചര്യങ്ങളുണ്ടായാല്‍ അത് അനാവശ്യ വിവാദമുണ്ടാക്കുമെന്ന് ഇടതുമുന്നണിയില്‍ വിലയിരുത്തലുണ്ട്.
എം.കെ. ദാമോദരന് മുഖ്യമന്ത്രിക്ക് നിയമോപദേശം നല്‍കാന്‍ നിയമോപദേഷ്ടാവെന്ന പ്രത്യേക പദവിയുടെ ആവശ്യമില്ലെന്നാണ് ഇടതുകേന്ദ്രങ്ങളുടെ വിലയിരുത്തല്‍. അതിനാല്‍ വീണ്ടും വിവാദങ്ങള്‍ക്ക് അവസരമൊരുക്കുന്ന സാഹചര്യം ഒഴിവാക്കുന്നതാണ് ഉചിതമെന്ന വിലയിരുത്തല്‍ എം.കെ. ദാമോദരനോട് അടുത്ത കേന്ദ്രങ്ങള്‍ക്കുമുണ്ട്.
എല്‍.ഡി.എഫ് അധികരത്തിലെത്തിയപ്പോള്‍ അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് എം.കെ. ദാമോദരനെയാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം സ്ഥാനമേറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന പുതിയ പദവി എല്‍.ഡി.എഫ് മുന്നോട്ടുവെ്ച്ച്ത്. പ്രതിഫലമില്ലാത്ത ഈ പദവി മറ്റുകേസുകളില്‍ ഹാജരാകുന്നതിന് തടസമാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് അദ്ദേഹം ഏറ്റെടുത്തത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് അഡ്വക്കറ്റ് ജനറല്‍ പദവിക്ക് സമാന്തരമായി മുഖ്യമന്ത്രിക്ക് മാത്രമായി നിയമോപദേശകനെ നിയമിച്ചത്. എന്നാല്‍ സാന്‍ഡിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായത് വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന ആലങ്കാരിക പദവി ഒഴിയുന്ന കാര്യം അദ്ദേഹം പരിഗണിക്കുന്നത് . നിലവില്‍ സര്‍ക്കാര്‍ താല്‍പര്യത്തിന് വിരുദ്ധമാകുന്ന ഒട്ടേറെ കേസുകളില്‍ അദ്ദേഹം ഹാജരാകുന്നുണ്ട്. സംസ്ഥാനത്തെ ക്വാറികളുടെ പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട കേസുകളും ഇവയില്‍പ്പെടുന്നു.
മുഖ്യമന്ത്രിയുടെ നിയമോപദശേകന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും അനാവശ്യവിവാദങ്ങള്‍ക്ക് കാരണമാകുമെന്നും ചില ഇടത് അനുകൂല സംഘടനകള്‍ക്കും അഭിപ്രായമുണ്ട് . ഐസ്‌ക്രീം ലോട്ടറി േകസുകളില്‍ വി.എസിന്റെ നിലപാടും ഇതില്‍ നിര്‍ണായകമാണ്.