കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകന്‍ എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍. ലോട്ടറി തട്ടിപ്പുകേസില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്യാനുള്ള കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാലാണ് എം.കെ ദാമോദരന്‍ ഹാജരായത്.
സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്‌കോടതി നിലപാടിനുമെതിരെയുള്ള സര്‍ക്കാരന്റെ റിവിഷന്‍ ഹരജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹൈകോടതിയിലെത്തുന്നത്.
23 കേസുകളിലാണ് സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചിരുന്നത്. സി.ബി.ഐ നടപടിക്കെതിരെയും ഇതിന് കീഴ്‌കോടതി അനുമതി നല്‍കിയതും റദ്ദാക്കണമെന്നാവശ്യപ്പെടുന്ന റിവിഷന്‍ ഹരജിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് കേസ് മറ്റൊരുദിവസം പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. ഇതിനിടെയാണ് സാന്റിയാഗോ മാര്‍ട്ടിന്റെ ഹരജി കോടതിയിലത്തെിയിരിക്കുന്നത്.
സാന്റിയാഗോ മാര്‍ട്ടിന്‍ മറ്റു പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് സിക്കിം സര്‍ക്കാരിലെ ചില ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി സിക്കിം സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. എന്നാല്‍, ലോട്ടറിത്തട്ടിപ്പിനു പരാതി നല്‍കേണ്ടത് സിക്കിം സര്‍ക്കാരാണെന്നും അവര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസുകള്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് മാര്‍ട്ടിന്‍ ഹര്‍ജി നല്‍കിയത്.
ലോട്ടറി നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റകൃത്യംതന്നെ ഇല്ലാതിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരു കുറ്റവും നിലനില്‍ക്കില്ലെന്നും നിയമവിരുദ്ധമായാണ് സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും ഹരജിയില്‍ പറയുന്നു.
കള്ളപ്പണം തടയുന്നതിനുള്ള നിയമ പ്രകാരം ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ബദല്‍ പരിഹാര ഫോറത്തെയാണ് മാര്‍ട്ടിന്‍ സമീപിക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ജസ്റ്റിസ് പി.ബി സുരേഷ് കുമാറിന്റെ ബെഞ്ചിലാണ് ഹരജി വന്നത്.