നടിയെ ആക്രമിച്ച കേസിലെ ചാനല്‍ ചര്‍ച്ചകള്‍ ഇങ്ങനെ പോയാല്‍ പാനലിസ്റ്റുകള്‍ കത്തിക്കുത്തില്‍ മരിച്ചു എന്ന് വാര്‍ത്ത നല്‍കേണ്ടി വരും: അഡ്വ. ലാല്‍കുമാര്‍
Kerala News
നടിയെ ആക്രമിച്ച കേസിലെ ചാനല്‍ ചര്‍ച്ചകള്‍ ഇങ്ങനെ പോയാല്‍ പാനലിസ്റ്റുകള്‍ കത്തിക്കുത്തില്‍ മരിച്ചു എന്ന് വാര്‍ത്ത നല്‍കേണ്ടി വരും: അഡ്വ. ലാല്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st April 2022, 9:21 pm

കോഴിക്കോട്: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ന്യൂസ് ചാനല്‍ ഇടപെടലുകളെ ചോദ്യ ചെയ്ത് ഇടത് സഹയാത്രികന്‍ അഡ്വ. എന്‍. ലാല്‍കുമാര്‍. കേസില്‍ നടിക്ക് എതിരായി കോടതി വിധിയുണ്ടായാല്‍ മാധ്യമങ്ങള്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ടാകുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലാല്‍കുമാറിന്റെ വിമര്‍ശനം.

‘നടിയെ ആക്രമിച്ച കേസില്‍ നടിക്ക് എതിരായി കോടതി വിധി ഉണ്ടായാല്‍ അതിന്റെ പകുതി ഉത്തരവാദിത്തം കേരളത്തിലെ മാധ്യമങ്ങള്‍ക്കായിരിക്കും.

ഇങ്ങനെ ചര്‍ച്ച മുന്നോട്ട് പോയാല്‍ നടിയെ ആക്രമിച്ച കേസ് ചര്‍ച്ച ചെയ്ത പാനലിസ്റ്റുകള്‍ കത്തിക്കുത്തില്‍ മരിച്ചു എന്ന് വേറെ വാര്‍ത്ത നല്‍കേണ്ടി വരും, ഉറപ്പ്,’ ലാല്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.

റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ദിലീപ് അനുകൂലിയായി എത്തിയ രാഹുല്‍ ഈശ്വറും സംവിധായകന്‍ ബൈജു കൊട്ടാരക്കരയും തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചായാരിന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ലാല്‍കുമാറിന്റെ പ്രതികരണം.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ്. കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 26നാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്.

ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.

സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് ഹരജിയില്‍ അന്വേഷണ സംഘം പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട ജിന്‍സണ്‍, വിപിന്‍ലാല്‍ എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പീച്ചി പൊലീസും ബേക്കല്‍ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം കോടതിയെ നേരത്തെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ജാമ്യം റദ്ദാക്കുന്നതിന് കോടതി അനുവദിച്ചിരുന്നില്ല.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തുകയും കോടതിയെ അറിയിക്കുകയുമായിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന ദിലീപിന്റെ സഹോദരന്‍ അനൂപുമായി അഭിഭാഷകന്‍ ബി. രാമന്‍പിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.