ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കോഴിക്കോട്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നതിനെതിരെ അഡ്വ. കാളീശ്വരം രാജ്. ശിക്ഷ വിധിക്കാനും നടപ്പിലാക്കാനുമുള്ള അധികാരികള്‍ പൊലീസല്ല, കോടതിയാണെന്ന് അദ്ദേഹം പറഞ്ഞു. വൈകാരികമായാണ് പാര്‍ലമെന്റംഗങ്ങള്‍ അടക്കം പ്രതികരിക്കുന്നതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.
‘കുറ്റകൃത്യം കണ്ടുപിടിക്കുക, പ്രോസിക്യൂഷന് ആവശ്യമായ സഹായം ചെയ്യുക ഇതാണ് പൊലീസിന്റെ ജോലി. അല്ലാതെ ശിക്ഷ വിധിക്കാനും നടപ്പിലാക്കാനുമുള്ള അധികാരികള്‍ കോടതിയാണ്. അതാണു നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥ. അതിന്റെ പരിപൂര്‍ണമായ നിഷേധമാണ് ഉണ്ടായിരിക്കുന്നത്.
വൈകാരികമായാണ് ആളുകള്‍ പ്രതികരിക്കുന്നത്, പാര്‍ലമെന്റംഗങ്ങള്‍ പോലും. അതൊരു നല്ല സമീപനമല്ല. അങ്ങനെ വന്നുകഴിഞ്ഞാല്‍ പൊലീസിനു നാളെ ആരെയും വെടിവെച്ചുകൊല്ലാം എന്ന അവസ്ഥ വരും. അതല്ല ഭരണഘടനാ സംവിധാനം. അതല്ല നിയമവാഴ്ച.
ഇങ്ങനെയുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ പൊലീസിന്റെ മേലില്‍ ആവശ്യത്തിനു നിയന്ത്രണം ഉണ്ടാകണം. പൊലീസ് കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍, 2014-ല്‍ സുപ്രീം കോടതി പറഞ്ഞതുപോലെ മജിസ്റ്റീരിയല്‍ അന്വേഷണം പോലുള്ള 16 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
ആത്മരക്ഷാര്‍ഥം വെടിവെയ്ക്കാനുള്ള അധികാരം മാത്രമേ പൊലീസിനുള്ളൂ. മറ്റു രീതിയിലുള്ളതാണെങ്കില്‍ പൊലീസ് ചെയ്ത കുറ്റകൃത്യമായിക്കണ്ട് അതിനെ പ്രോസിക്യൂട്ട് ചെയ്യണം.’- അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.
ഏറ്റുമുട്ടല്‍ കൊലപാതകം ഭയാനകമായ സംഭവമാണെന്ന പ്രതികരണവുമായി ബി.ജെ.പി നേതാവ് മനേകാ ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഭയപ്പെടുത്തുന്ന സംഭവമാണ് നടന്നത്. നിങ്ങള്‍ക്ക് നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെ മനുഷ്യരെ വെടിവെച്ചു കൊല്ലാന്‍ പാടില്ലെന്നും മനേക ഗാന്ധി പറഞ്ഞു.
നിങ്ങള്‍ക്ക് നിയമം കൈയ്യിലെടുക്കാനാവില്ല. പ്രതികളെ കോടതി കൈകാര്യം ചെയ്യട്ടെ. നിയമത്തിന്റെ വഴിക്ക് പോവാതെ അതിന് മുമ്പെ അവരെ വെടിവെച്ചു കൊല്ലുകയാണെങ്കില്‍ പിന്നെന്തിനാണ് കോടതിയും നിയമവും പൊലീസുമൊക്കെയെന്നും മനേക ഗാന്ധി ചോദിച്ചു.