തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടണമെന്ന മന്ത്രിസഭയുടെ ആവശ്യം നിരാകരിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ കാളീശ്വരം രാജ്. ഗവര്‍ണറുടെ നടപടി തികച്ചും തെറ്റും ഭരണഘടനാവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയും നിയമസഭയും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങളാണ്. ഭരണഘടനാ ജനാധിപത്യത്തില്‍ നയങ്ങള്‍ രൂപീകരിക്കാനും തീരുമാനങ്ങളെടുക്കാനും അവ നടപ്പാക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്നും മലയാള മനോരമയിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ഔപചാരിക തലവന്‍ എന്ന നിലയ്ക്കുള്ള ഭരണഘടനാ പദവിയാണു ഗവര്‍ണര്‍ക്കുള്ളത്. അതിനാല്‍ത്തന്നെ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാനും നടപ്പാക്കാനുമുള്ള പൊതുവായ ബാധ്യത ഗവര്‍ണര്‍ക്കുണ്ട്.
തന്റേതായ വിവേചനാധികാരം പ്രയോഗിക്കാനുള്ള ചുരുക്കം ചില അവസരങ്ങള്‍ മാത്രമേ അദ്ദേഹത്തിനുള്ളൂ. നിയമസഭാ സമ്മേളനം വിളിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല.
നിയമസഭ വിളിച്ചുകൂട്ടാനുള്ള ഗവര്‍ണറുടെ ബാധ്യതയെക്കുറിച്ചു വിശദീകരിക്കുന്നത് ഭരണഘടനയുടെ 174ാം അനുഛേദത്തിലാണ്. ഈ അനുഛേദം വേര്‍തിരിച്ചു വായിക്കേണ്ട ഒന്നല്ല.
163ാം അനുഛേദത്തിന്റെ താല്‍പര്യമനുസരിച്ചു മാത്രമേ ഗവര്‍ണര്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയൂ. മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയുടെ സഹായവും ഉപദേശവും സ്വീകരിച്ചുകൊണ്ടു വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാന്‍ എന്ന് 163 (1) അനുഛേദം വ്യക്തമാക്കുന്നു. അതേസമയം, തനിക്കുള്ള വിവേചനാധികാരം പ്രയോഗിക്കേണ്ട സന്ദര്‍ഭങ്ങളില്‍ മന്ത്രിസഭാ തീരുമാനം കണ്ണടച്ചു നടപ്പാക്കാനുള്ള ബാധ്യത അദ്ദേഹത്തിനില്ലെന്നും ഇതേ അനുഛേദത്തില്‍ സൂചനയുണ്ട്.
ഇപ്പറഞ്ഞ അനുഛേദങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ മന്ത്രിസഭയും നിയമസഭയും മറ്റും കൈക്കൊള്ളുന്ന തീരുമാനങ്ങളെ നിരാകരിച്ച് സ്വന്തം ഇഷ്ടമനുസരിച്ചു മുന്നോട്ടുപോകാന്‍ ഗവര്‍ണര്‍ക്കു കഴിയില്ലെന്ന് വ്യക്തമാകുമെന്നും കാളീശ്വരം രാജ് ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തിലേറ്റുന്ന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അട്ടിമറിക്കാനോ നിര്‍വീര്യമാക്കാനോ ഉള്ള അധികാരം കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവര്‍ണര്‍ക്ക് ഉണ്ടെന്നുവന്നാല്‍, ജനാധിപത്യത്തിനും ഫെഡറലിസത്തിനും തെരഞ്ഞെടുപ്പിനു തന്നെയും അര്‍ഥമില്ലെന്ന നിലവരും.
അത്തരം അവസ്ഥ ഉണ്ടാകരുതെന്നാണ് ഭരണഘടനയുടെ താല്‍പര്യം. ഗവര്‍ണര്‍ക്കു തന്റേതായ നിലയില്‍ ഒരു ധര്‍മവും നിര്‍വഹിക്കാനില്ല, അദ്ദേഹത്തിനുള്ളതു ചില കടമകള്‍ മാത്രമാണെന്ന് ഡോ. അംബേദ്കര്‍ തന്നെ ഭരണഘടനാ നിര്‍മാണ ചര്‍ച്ചകളില്‍ സൂചിപ്പിച്ചിരുന്നെന്നും കാളീശ്വരം രാജ് പറഞ്ഞു.
കേന്ദ്രത്താല്‍ നിയമിക്കപ്പെടുന്ന ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപം പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ ഗവര്‍ണര്‍ പദവി തന്നെ തുടരേണ്ടതുണ്ടോ എന്ന ചര്‍ച്ച പോലും അക്കാദമിക തലത്തില്‍ ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Adv Kaleeshwaram Raj on kerala governor Arif Mohammad Khan act