Kerala News
കേസരിയുടെ മാധ്യമപഠന സ്ഥാപനത്തില്‍ റിസോഴ്സ് പേഴ്സണ്‍സായി അഡ്വ. ജയശങ്കറും എന്‍.പി. ചെക്കുട്ടിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 22, 06:02 am
Wednesday, 22nd June 2022, 11:32 am

കോഴിക്കോട്: ആര്‍.എസ്.എസിന്റെ മുഖവാരികയായ കേസരിയുടെ നേതൃത്വത്തിലുള്ള മാധ്യമപഠന സ്ഥാപനത്തില്‍ റിസോഴ്സ് പേഴ്സണ്‍സായി രാഷ്ട്രീയനിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ. ജയശങ്കറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എന്‍.പി. ചെക്കുട്ടിയും.

മാധ്യമപഠന ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ ബാച്ചിനെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിലാണ് അഡ്വ. ജയശങ്കറും എന്‍.പി ചെക്കുട്ടിയും ഉള്‍പ്പെട്ടിരിക്കുന്നത്. സംഘപരിവാര്‍ അനുഭാവമുള്ള മാധ്യമപ്രവര്‍ത്തകരാണ് ലിസ്റ്റില്‍ കൂടുതലായുള്ളത്.

ബി.ജെ.പി വക്താവും ജന്മഭൂമി എഡിറ്ററുമായിരുന്ന കെ.വി.എസ് ഹരിദാസ്, ജനം ടി.വി. എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു, കേരളാ പി.എസ്.സി മുന്‍ ചെയര്‍മാനും ബി.ജെ.പി സംസ്ഥാന നേതാവുമായ കെ.എസ്. രാധാകൃഷ്ണന്‍,
ബി.ജെ.പി സംസ്ഥാന സമിതി അംഗവും കേരളാ ഗവര്‍ണറുടെ അഡീഷണല്‍ പേഴ്സണല്‍ അസി. ഹരി എസ്. കര്‍ത്ത, കോഴിക്കോട് ആകാശവാണി ഡയറക്ടര്‍ കെ.എം. നരേന്ദ്രന്‍ എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് റിസോഴ്‌സ് പേഴ്‌സെണ്‍സ്.

കോഴിക്കോട് ചാലപ്പുറത്തെ കേസരി ആസ്ഥാനത്തെ കേസരി മാധ്യമപഠന ഗവേഷണ കേന്ദ്രത്തിന് കീഴിലാണ് മഹാത്മാ ഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ആരംഭിച്ചത്. 20 കോടി രൂപ ചെലവിലാണ് മാധ്യമ പഠന ഗവേഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതാണ് ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നത്.