| Wednesday, 2nd November 2016, 7:43 am

ഗവര്‍ണര്‍ സദാശിവം തമിഴനാണ്, പട്ടികജാതിക്കാരനാണ്, സൗന്ദര്യം കുറവാണ്'; കേരളപ്പിറവി പരിപാടിയില്‍ നിന്നും ഗവര്‍ണറെ മാറ്റിയതിനെതിരെ അഡ്വ. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:  കേരളപ്പിറവി ആഘോഷ പരിപാടികളിലേക്ക് ഗവര്‍ണര്‍ പി. സദാശിവത്തെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് അഡ്വ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളപ്പിറവി ആഘോഷത്തില്‍ നിന്നു മാത്രമല്ല ഹൈക്കോടതി വജ്രജൂബിലി പരിപാടികളില്‍ നിന്നും സദാശിവത്തെ മാറ്റി നിര്‍ത്തിയെന്നും ജയശങ്കര്‍ പറഞ്ഞു.

സദാശിവം  തമിഴനായതുകൊണ്ടും പട്ടികജാതിക്കാരനായതുകൊണ്ടും സൗന്ദര്യം ഇല്ലാത്തതുകൊണ്ടും ആകാം അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് അനുമാനിക്കാമെന്നും ജയശങ്കര്‍ വ്യക്തമാക്കി.

ആര്‍എസ് ഗവായിയെ പോലെയോ ഷീലാ ദീക്ഷിതിനെ പോലെയോ മൂത്തുനരച്ച, ഭൂമിക്ക് ഭാരമായ ഒരു ഭരണത്തലവനല്ല സദാശിവമെന്ന് ജയശങ്കര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം പണ്ഡിതനാണ്. കാര്യപ്രാപ്തിയുള്ള ആളാണ്. സദസ്സറിഞ്ഞ് സംസാരിക്കുവാനും കഴിവുള്ളയാളാണ്. എന്നിട്ടും എന്തുകൊണ്ട് സര്‍ക്കാരും കോടതിയും ഒരുപോലെ ഗവര്‍ണറെ തഴഞ്ഞുവെന്നും ജയശങ്കര്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നവംബര്‍ 1, കേരളപിറവിയുടെയും കോടതിപ്പിറവിയുടെയും വജ്രജൂബിലി.

തിരുവനന്തപുരത്തു അതിഗംഭീരമായി നടത്തുന്ന കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തിലേക്ക് ഗവര്‍ണറെ ക്ഷണിച്ചില്ല, ക്ഷണക്കത്തു കാത്തിരുന്നു കിട്ടാതായപ്പോള്‍ ടിയാന്‍ ചെന്നൈയിലേക്ക് വിമാനം കയറി.

എറണാകുളത്തു ഗംഭീരമായിത്തന്നെ നടത്തുന്ന ഹൈക്കോടതിയുടെ വജ്രജൂബിലി മാമാങ്കത്തിലേക്കും ഗവര്‍ണറെ വിളിച്ചില്ല, ടിയാന്‍ സുപ്രീം കോടതിയില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ ചീഫ് ജസ്റ്റിസ് ആയിരുന്നിട്ടുപോലും.

ആര്‍.എസ്.ഗവായിയെപ്പോലെയോ ഷീലാ ദീക്ഷിതിനേപ്പോലെയോ മൂത്തുനരച്ച ഭൂമിക്കു ഭാരമായ ഒരു ഭരണത്തലവനല്ല സദാശിവം. അദ്ദേഹം പണ്ഡിതനാണ്, കാര്യപ്രാപ്തിയുള്ളയാളാണ്, സദസ്സറിഞ്ഞു സംസാരിക്കുവാനും കഴിവുള്ളയാളാണ്. എന്നിട്ടും എന്തുകൊണ്ട് സര്‍ക്കാരും
കോടതിയും ഒരുപോലെ ഗവര്‍ണറെ തഴഞ്ഞു?

മൂന്ന് അനുമാനങ്ങള്‍ സാധ്യമാണ് :
(1) സദാശിവം മലയാളിയല്ല തമിഴനാണ്,
(2) അദ്ദേഹം പട്ടികജാതിക്കാരനാണ്
(3) ഗവര്‍ണര്‍ക്ക് സൗന്ദര്യം കുറവാണ്.

We use cookies to give you the best possible experience. Learn more