'പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ചു'; അന്തരിച്ച അറ്റ്ലസ് രാമചന്ദ്രനെ അവഹേളിച്ച് അഡ്വ. ജയശങ്കര്‍
Kerala News
'പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ചു'; അന്തരിച്ച അറ്റ്ലസ് രാമചന്ദ്രനെ അവഹേളിച്ച് അഡ്വ. ജയശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd October 2022, 1:31 pm

കൊച്ചി: അന്തരിച്ച പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രനെ അവഹേളിച്ച് അഡ്വ. എ. ജയശങ്കര്‍. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലിയെന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ജയശങ്കറിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്. ഒരാള്‍ മരിച്ച് കിടക്കുമ്പോള്‍ പോലും അയാളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ള ഇരുകാലികളാണ് കേരള സമൂഹത്തിലെ പ്രഹസനവും ദുരന്തവുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ജയശങ്കറിനെതിരെ വന്ന കമന്റുകളിലൊന്ന്.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ മരണം. ഹൃദയാഘാതമാണ് മരണകാരണം. സംസാകാരം തിങ്കളാഴ്ച വൈകീട്ട് ദുബായില്‍ നടക്കും.

അറ്റ്ലസ് ജ്വല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രന്‍ ഒട്ടേറെ സിനിമകള്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍, വിതരണക്കാരന്‍ എന്നീ നിലകളിലും സിനിമ മേഖലയില്‍ അദ്ദേഹം സജീവമായിരുന്നു. 13 സിനിമകളില്‍ അഭിനയിച്ചു. ഒരെണ്ണം സംവിധാനം ചെയ്തു. വൈശാലി, ധനം, സുകൃതം, ഇന്നലെ, വെങ്കലം, കൗരവര്‍, വാസ്തുഹാര, ചകോരം എന്നീ സിനിമകള്‍ നിര്‍മിച്ചു

നിങ്ങള്‍ ചിരഞ്ജീവി ഒന്നും അല്ലല്ലോ? നിങ്ങള്‍ക്കുള്ള അനുശോചനം മുന്‍കൂറായി നാട്ടാര്‍ക്ക് കൊടുത്തു. പ്രഹസനമായ ഒരു ജന്മത്തെ സൃഷ്ടിച്ച് നാട്ടുകാര്‍ക്കിടയില്‍ ദുരന്തമായി മാറിയ വാസുദേവന്‍ പിള്ളക്ക് ആദരാജ്ഞലികള്‍” സ്വന്തം പിതാവിന്റെ ദേഹ വിയോഗ വാര്‍ത്തയോട് പ്രതികരിച്ച കുട്ടിശങ്കരന്‍.

ദുരന്തമായി തുടങ്ങി ഇപ്പഴും ദുരന്തമായി തുടരുന്ന താങ്കള്‍ക്ക് അഡ്വാന്‍സ് ആദരാഞ്ജലികള്‍ തുടങ്ങി പ്രസിദ്ധീകരണ യോഗ്യമല്ലാത്ത കമന്റുകളാണ് ജയശങ്കറിന്റെ പോസ്റ്റിന് താഴെ വരുന്നത്.

ജയശങ്കറിന്റെ വിവാദ പരാമര്‍ശം:

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം..ഒരു കാലത്ത് ടെലിവിഷന്‍ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍.

ഇന്ത്യാവിഷന്‍ ചാനലിന്റെ ഡയറക്ടര്‍ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകര്‍ന്നു, ജയില്‍ വാസം അനുഭവിച്ചു.

പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി.

 

Content Highlight: Adv Jayashanjar’s Facebook Post Against Atlas Ramachandran